പ്രീ സീസൺ മത്സരത്തിൽ രണ്ടാംനിര ക്ലബായ എഫ്‌സി റോട്ടാച്ച് എഗെർണെതിരെ ബയേൺ മ്യൂണിക്കിൻ്റെ ഗോമഴ. 27 തവണയാണ് ബുണ്ടസ് ലീഗ ചാമ്പ്യൻമാർ എതിരാളികളുടെ വല കുലുക്കിയത്. മത്സരത്തിൽ ബയേണിന്‍റെ നാലു താരങ്ങൾ ഹാട്രിക് നേടി.
അതേസമയം, രണ്ടാം നിര ക്ലബായ എഗെർന്ഒരു ഗോൾ പോലും മടക്കാൻ കഴിഞ്ഞില്ല ആദ്യ പകുതിയിലും രണ്ടാം പകുതിയിലും വ്യത്യസ്ത പ്ലെയിങ് ഇലവനെയാണ് ടീമുകൾ മത്സരത്തിനിറക്കിയത്. ആദ്യ പകുതിയിൽ ജമാൽ മുസിയാല, സെർജ് നാബ്രി, ലെറോയ് സാനെ, ബെഞ്ചമിൻ പവാർഡ്, ദയോത് ഉപമെക്കാനോ, അൽഫോൻസോ ഡേവീസ്, ജോഷ്വ കിമ്മിച്ച് എന്നീ സുപ്രധാന താരങ്ങളെല്ലാം കളത്തിലിറങ്ങി.
18 ഗോളുകളാണ് ഒന്നാം പകുതിയിൽ മാത്രം പിറന്നത്. മാത്തിസ് ടെൽ, ജമാൽ മുസിയാല എന്നിവർ അഞ്ചു വീതം ഗോളുകൾ നേടി. നാബ്രി മൂന്ന് ഗോളും ലെറോയ് സാനെ, നുസൈർ മസ്റൗഇ, കോൺറാഡ് ലൈമർ, അൽഫോൻസോ ഡേവിസ് എന്നിവർ ഓരോ ഗോൾ വീതവും നേടി.
രണ്ടാം പകുതിയിൽ സാദിയോ മാനെ, മാർസെൽ സാബിറ്റ്‌സർ, ലിയോൺ ഗൊറെറ്റ്‌സ്‌ക, കിങ്സ്ലി കോമാൻ എന്നിവരടങ്ങിയ ടീമാണ് ഗ്രൗണ്ടിലെത്തിയത്. പിന്നാലെ ഒമ്പത് തവണ കൂടി എഗെർണിന്‍റെ വലയിൽ ബയേൺ താരങ്ങൾ പന്ത് എത്തിച്ചു. സാബിറ്റ്‌സർ അഞ്ചു ഗോളുകൾ നേടി. 2019ലെ പ്രീ സീസൺ മത്സരത്തിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ 23-0 നായിരുന്നു ബയേണിൻ്റെ വിജയം.
Also Read: ‘ഇന്ത്യ’ എടുത്തുമാറ്റി ഹിമന്ത ബിശ്വ ശർമ; നീക്കം പ്രതിപക്ഷ പാർട്ടികൾ പേര് പ്രഖ്യാപിച്ചതിന് പിന്നാലെ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here