ഇന്ത്യ നിരോധിച്ച ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ഓസ്‌ട്രേലിയ; പ്രദര്‍ശനം മോദിയുടെ സന്ദര്‍ശനത്തിനിടെ

ഇന്ത്യയില്‍ നിരോധിച്ച ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ഓസ്‌ട്രേലിയ. നരേന്ദ്രമോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിനിടെ പാര്‍ലമെന്റിലാണ് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുക. ബുധനാഴ്ചയാണ് പ്രദര്‍ശനം. ഓസ്‌ട്രേലിയന്‍ ഗ്രീന്‍സ് സെനറ്റര്‍ ഡേവിഡ് ഷൂബ്രിഡ്ജ് ഡോക്യുമെന്ററി പ്രദര്‍ശനത്തില്‍ പങ്കെടുക്കും.

ഇന്ത്യയില്‍ ഡോക്യുമെന്ററി നിരോധിച്ചതിനെതിരെ ഡേവിഡ് ഷൂബ്രിഡ്ജ് വിമര്‍ശനം ഉന്നയിച്ചു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നല്ല സുഹൃത്ത് ബന്ധമാണെന്നും എന്നാല്‍ സത്യത്തെ മുന്‍നിര്‍ത്തിയാകണം സൗഹൃദമെന്നും ഡേവിഡ് ഷൂബ്രിഡ്ജ് പറഞ്ഞു. വളരെയധികം ഗവേഷണം നടത്തി തയ്യാറാക്കിയതാണ് ‘ഇന്ത്യ ദ മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി. ഇന്ത്യയിലെ തകരുന്ന മനുഷ്യാവകാശങ്ങളെക്കുറിച്ചും മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ചും പലതവണ സംസാരിച്ചിട്ടുണ്ട്. ഈ പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാരിന് മുന്നില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തേണ്ടതുണ്ട്.
അതുകൊണ്ടു തന്നെ ഇന്ത്യയില്‍ നിരോധിച്ച’ഇന്ത്യ ദ മോദി ക്വസ്റ്റ്യന്‍’ ഡോക്യുമെന്ററി ഓസ്ട്രേലിയയില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഡേവിഡ് ഷൂബ്രിഡ്ജ് പറഞ്ഞു. ഡോക്യുമെന്ററി പ്രദര്‍ശനത്തിനു ശേഷം നടക്കുന്ന ചര്‍ച്ചയില്‍ സഞ്ജീവ് ഭട്ടിന്റെ മകള്‍ ആകാശി ഭട്ടും പങ്കെടുക്കും. മോദിക്കെതിരെ വെളിപ്പെടുത്താന്‍ നടത്തിയ സഞ്ജീവ് ഭട്ട് ജയിലില്‍ തുടരുകയാണ്.

2002 ല്‍ നടന്ന ഗുജറാത്ത് കലാപത്തെക്കുറിച്ചും അതില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ പങ്കിനെക്കുറിച്ചുമാണ് ഡോക്യുമെന്ററി പറയുന്നത്. ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍ ഡോക്യുമെന്ററി നിരോധിച്ചെങ്കിലും ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ തുടങ്ങിയ ഇടതുപക്ഷ സംഘടനകള്‍ രാജ്യമൊട്ടാകെ കലാലയങ്ങളിലും കവലകളിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. ഡോക്യുമെന്ററി പുറത്തുവന്നതോടെ ഗുജറാത്ത് കലാപത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ രാജ്യത്ത് ഉടലെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ പതിവ് പോലെ നരേന്ദ്രമോദി മൗനം തുടരുകയാണ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News