ലോകക്രിക്കറ്റ് മാമാങ്കത്തിന് ഇന്ത്യയിൽ തിരിതെളിഞ്ഞിട്ട് ഒരാഴ്ച പിന്നിടുകയാണ്. പത്ത് ടീമുകൾ മാറ്റുരയ്ക്കുന്ന ലോകകപ്പ് ഇന്ത്യയിലെത്തന്നെ പത്ത് പ്രധാന വേദികളിലാണ് നടക്കുന്നത്. അവിസ്മരണീയമായ നിരവധി പ്രകടനങ്ങളും റെക്കോർഡുകളും ഈ ഒരാഴ്ച കൊണ്ടുതന്നെ ഉണ്ടായിക്കഴിഞ്ഞു. എന്നാലും നാല് കൊല്ലത്തിലൊരിക്കൽ മാത്രം വരുന്ന ലോക ക്രിക്കറ്റ് മാമാങ്കത്തിന് ഈ തിളക്കം പോരെന്ന അഭിപ്രായം ശക്തമായി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മോശം ഗ്രൗണ്ടുകളും ആളൊഴിഞ്ഞ ഗാലറികളും വൃത്തിഹീനമായ ഇരിപ്പിടങ്ങളുമെല്ലാമായി ബിസിസിഐ വലിയ വിമർശനം കേട്ട ഒരാഴ്ച കൂടിയാണ് കടന്നുപോകുന്നത്.
പ്രൊമോഷനില്ല, ആളുകളുമില്ല; ഇതെന്ത് ലോകകപ്പെന്ന് ക്രിക്കറ്റ് പ്രേമികൾ
ലോകകപ്പ് തുടങ്ങുന്നതിന്റെ തലേദിവസമായിട്ടെല്ലാമാണ് ഭൂരിഭാഗം ആളുകളും മത്സരം തുടങ്ങുന്ന കാര്യം അറിഞ്ഞത് എന്നുപറഞ്ഞാൽ നമുക്ക് വിശ്വസിക്കാനാകുമോ? അതും ഇന്ത്യ പോലെ, ക്രിക്കറ്റിന് അത്രയധികം പ്രാധാന്യം നൽകുന്ന ഒരു രാജ്യത്ത് ! എന്നാൽ ആളുകൾ വളരെ വൈകിയാണ് ലോകകപ്പിന്റെ കാര്യം അറിഞ്ഞത് എന്നതാണ് സത്യം. കൃത്യമായ പ്രൊമോഷന്റെ അഭാവമാണ് ഇന്ത്യയിൽ പോലും ലോകകപ്പിനെ മറക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
ലോകക്രിക്കറ്റ് മാമാങ്കം കൊടിയുയരുമ്പോൾ യാതൊരാവേശവും ഇല്ലാതെയാണ് മത്സരങ്ങൾ കടന്നുപോകുന്നത്. ഒക്ടോബർ നാലിന് ഉദ്‌ഘാടനചടങ്ങുകൾ നടത്താൻ പദ്ധതിയുണ്ടായിരുന്നെങ്കിലും അവസാനനിമിഷം ബിസിസിഐ അവ വേണ്ടെന്ന് വെക്കുകയായിരുന്നു. ഇതോടെ ലോകകപ്പിന്റെ ആരംഭം വിളംബരം ചെയ്യേണ്ടിയിരുന്ന, താരനിബിഡമാകേണ്ടിയിരുന്ന, പ്രധാനപ്പെട്ട ഒരു ചടങ്ങ് തന്നെ ഇല്ലാതെയായി. ലോകകപ്പിനെപ്പറ്റി ആളുകളിൽ ഉദ്വേഗം ജനിക്കാതിരിക്കാനുള്ള പ്രധാനപ്പെട്ട ഒരു കാരണം ഉദ്‌ഘാടനചടങ്ങ് വേണ്ടെന്ന് വെച്ചതാണെന്ന് മുൻ ക്രിക്കറ്റ് ഇതിഹാസങ്ങൾ അടക്കം അഭിപ്രായം പറയുന്നുണ്ട്.
ഒഴിഞ്ഞതും, പക്ഷി കാഷ്ഠിച്ചതുമായ സീറ്റുകൾ, പണക്കൊഴുപ്പുള്ള ബിസിസിഐയുടെ അവസ്ഥ?
ലോകത്തെത്തന്നെ ഏറ്റവും പണക്കൊഴുപ്പുള്ള ക്രിക്കറ്റ് ബോർഡാണ് ബിസിസിഐ എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. എന്നാൽ അവയൊന്നും ഗ്രൗണ്ടിലിറക്കുന്നില്ല എന്ന ആക്ഷേപവും ലോകകപ്പ് തുടങ്ങിയതോടെ ശക്തമാണ്. ലോകകപ്പിലെ ആദ്യ മത്സരമായിരുന്ന ഇംഗ്ലണ്ട് ന്യൂസിലാൻഡ് പോരാട്ടത്തിന് ഒഴിഞ്ഞ കസേരകളായിരുന്നു ഭൂരിഭാഗവും.
സ്ത്രീ സംവരണ ബിൽ നടപ്പിലാക്കിയ പേരിൽ സ്ത്രീകൾക്ക് ബിജെപി ഫ്രീ ടിക്കറ്റുകൾ നൽകിയിട്ടും, ഇന്ത്യ പാകിസ്ഥാൻ കളിയാണെന്ന് നുണകൾ വരെ അഴിച്ചുവിട്ടിട്ടും ഉദ്‌ഘാടന മത്സരത്തിന് ഒറ്റ മനുഷ്യൻ എത്തിയില്ല. 132,000 പേരെ ഉൾക്കൊള്ളുന്ന അഹമ്മദാബാദിൽ ആദ്യ ഇന്നിങ്‌സ് കാണാൻ 10,000 പേര് തികച്ചുണ്ടായിരുന്നോ എന്ന കാര്യം തന്നെ സംശയമാണ്. പിന്നീട് രണ്ടാം ഇന്നിങ്ങ്സിന്റെ സമയത്താണ് കാണികളുടെ എണ്ണം 40,000മെങ്കിലും കടന്നത്.
കാണികളുടെ ക്ഷാമം കൂടാതെ വേദികളുടെ നിലവാരമില്ലായ്മയും ബിസിസിഐയെ അലട്ടുന്നുണ്ട്. പാകിസ്ഥാനും ഓസ്‌ട്രേലിയയും ഏറ്റുമുട്ടിയ ലോകകപ്പ് സന്നാഹമത്സരത്തിൽ ഇരിപ്പിടത്തിലെ പക്ഷിക്കാഷ്ഠവും മോശം അവസ്ഥയുമെല്ലാം സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഉയർന്ന ടിക്കറ്റ് നിരക്കും കൊടുത്ത് കളി കാണാൻ വരുന്നവർക്ക് ബിസിസിഐ ഇത്തരത്തിലുള്ള സൗകര്യങ്ങളാണോ ഒരുക്കുന്നത് എന്ന തരത്തിലുളള വിമർശനം അന്ന് ഉയർന്നുവന്നിരുന്നു.
ALSO READ: നാഗചൈതന്യയുടെ ടാറ്റൂ നീക്കം ചെയ്ത് സാമന്ത; നിരാശയില്‍ ആരാധകര്‍
ഗ്രൗണ്ടിന്റെ പരിതാപകരമായ അവസ്ഥയായിരുന്നു ബിസിസിഐയുടെ മറ്റൊരു തലവേദന. പിഞ്ഞിപ്പോയ, ഒന്ന് അമർത്തി ഓടിയാലോ ഡൈവ് ചെയ്താലോ തെറിച്ചുപോകുന്ന പുല്ലുകളുള്ള, ഓടുമ്പോൾ ഗ്രിപ്പ് നഷ്ടപ്പെടുന്ന, വൃത്തിയില്ലാത്ത ധരംശാലയിലെ ഔട്‍ഫീൽഡ് ചില്ലറ കുഴപ്പമൊന്നുമല്ല ബിസിഎസിഐയ്ക്ക് സൃഷ്ടിച്ചത്. അഫ്ഘാൻ കോച്ച് ജോനാഥൻ ട്രോട്ടും ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലറും ഔട്‍ഫീൽഡിനെ വളരെ രൂക്ഷമായിത്തന്നെ വിമർശിച്ചിരുന്നു. ഇവയ്ക്ക് പുറമെ മത്സരത്തിനിടയിലും പത്രസമ്മേളനങ്ങൾക്കിടയിലും മറ്റും കറന്റ് കട്ടാകുന്നതും ബിസിസിഐയെ നാണംകെടുത്തി. ഇത്തരത്തിൽ പല കോണുകളിൽനിന്നും സംഘാടനപ്പിഴവുകൾക്കും മറ്റും മോശം അഭിപ്രായങ്ങളാണ് ബിസിസിഐക്ക് ലഭിക്കുന്നത്.
നമ്മൾ അന്ന് കാണിച്ചുകൊടുത്തതാണ്, എന്നിട്ടും..
ALSO READ: മൈതാനത്ത് രോഹിത്ത് അടിച്ചു, ഗാലറിയില്‍ കാണികള്‍ തമ്മിലടിച്ചു: ഇത് നാണക്കേടെന്ന് സോഷ്യല്‍ മീഡിയ
2011 ലോകകപ്പായിരുന്നു ഇന്ത്യ ആതിഥേയത്വം വഹിച്ച അവസാനത്തെ ലോകകപ്പ്. ആ ലോകകപ്പിൽ ഒരിക്കലും ഒരു പരാതിയും ഉയർന്നുകേട്ടിരുന്നില്ല. ഒരു ലോകകപ്പിന്റെ ഗൗരവത്തോടെത്തന്നെ അന്ന് ബിസിസിഐ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നു. വളരെ മികച്ച രീതിയിൽ മത്സരങ്ങൾ സംഘടിപ്പിക്കാനും കുറ്റമറ്റ രീതിയിൽ ടൂർണമെന്റ് നടത്തിത്തീർക്കാനും ബിസിസിഐക്ക് അന്ന് സാധിച്ചിരുന്നു.
എന്നാൽ ക്രിക്കറ്റിന്റെ ഈറ്റില്ലമായ ഇന്ത്യയിലേക്ക് വീണ്ടും ലോകകപ്പ് എത്തിയപ്പോൾ അന്നത്തേതിൽനിന്ന് നേരെ തിരിച്ചാണ് സ്ഥിതി. ഐപിഎൽ പോലുള്ള ടൂർണമെന്റുകൾക്ക് വലിയ ഉദ്‌ഘാടനമാമാങ്കവും പബ്ലിസിറ്റിയും കൊടുക്കുന്ന ബിസിസിഐക്ക് സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിന് ചെറിയ ഒരു പ്രൊമോഷൻ പോലും കൊടുക്കാൻ സാധിക്കാത്തത്, ഏതിനാണ് മുൻഗണന എന്നതിലേക്ക് കാര്യങ്ങൾ മാറുന്നുവെന്നതിനാലാണെന്ന് ക്രിക്കറ്റ് ആരാധകരും മുൻ താരങ്ങളും അഭിപ്രായപ്പെടുന്നു. എന്തുതന്നെയായാലും കാണികളുടെ കുറവും, മോശം സംഘാടനവും കൊണ്ട് ബിസിസിഐ കഴുകിക്കളയാൻ സാധിക്കാത്തത്ര നാണക്കേടിലേക്കാണ് വഴുതിവീണിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here