രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടതിന്റെ ചൂടാറും മുൻപേ ഒഴിവു വന്നിരിക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലേക്ക് കോൺഗ്രസ്സും ബിജെപിയും കണ്ണെറിഞ്ഞുകഴിഞ്ഞു. ഗ്രൂപ്പ് സമവാക്യങ്ങൾ കുഴഞ്ഞുമറിഞ്ഞിരിക്കുന്ന കോൺഗ്രസ് ആരെ മത്സരിപ്പിക്കുമെന്ന് ഇപ്പോൾ തലപുകഞ്ഞ് ആലോചിച്ചുതുടങ്ങിക്കഴിഞ്ഞു. എന്നാൽ ബിജെപിയിലാകട്ടെ ഡൽഹിയിൽ പോയാണ് ചരടുവലി നടക്കുന്നത്.
വയനാട് സീറ്റ് ബിഡിജെഎസിന് നൽകണമെന്ന ആവശ്യം ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പിള്ളി പാർട്ടിയെ അറിയിച്ചുകഴിഞ്ഞു. പാർട്ടി വൃത്തങ്ങൾക്കിടയിലും വയനാട് ബിഡിജെഎസിന് വേണമെന്ന ആവശ്യം ശക്തമാണ്. ഇക്കാര്യം ആവശ്യപ്പെട്ട് ഡൽഹിയിലുള്ള തുഷാർ വെള്ളാപ്പിള്ളി ബിജെപി കേന്ദ്ര നേതൃത്വത്തെ കാണും. ഇന്ന് ബിഡിജെഎസ് നേതാക്കൾ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു
കഴിഞ്ഞ പ്രാവശ്യം രാഹുൽ ഗാന്ധിക്ക് എതിരെ വയനാട്ടിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചത് തുഷാർ തന്നെയായിരുന്നു. അന്ന് 6.22 ശതമാനം വോട്ടുമായി മൂന്നാം സ്ഥാനത്തായിരുന്നു തുഷാർ. അതേസമയം ബിജെപിയുമായുള്ള പ്രശ്നങ്ങളും ഉൾപ്പാർട്ടി പ്രശ്നങ്ങളും ബിഡിജെഎസിനെ ഉലയ്ക്കുകയാണ്. ഫെബ്രുവരിയിൽ ബിഡിജെഎസിലെ ഒരു വിഭാഗം പിളർന്ന് എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചിരുന്നു. ബിജെപി സ്വീകരിച്ച അവഗണനാപരമായ നിലപാടാണ് പാർട്ടി വിടാൻ കാരണമെന്ന് ബിജെഎസ് നേതാക്കൾ പറഞ്ഞിരുന്നു. ഇതിനിടെ ബിജെപി അവഗണിക്കുന്നുവെന്ന് ആരോപിച്ച് ബിഡിജെഎസ് – ബിജെപി ബന്ധത്തിലും ഉലച്ചിൽ ഉണ്ടായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here