ടിക് ടോക്ക് ചലഞ്ച്; അമിതമായി ഗുളിക ക‍ഴിച്ച ബാലന് ദാരുണാന്ത്യം

ടിക് ടോക്ക് ചലഞ്ചിന്റെ ഭാഗമായി അമിത അളവിൽ ബെനാഡ്രിൽ ​ഗുളികകൾ കഴിച്ച പതിമൂന്നുകാരന് ദാരുണാന്ത്യം. അമേരിക്കയിലെ ഒഹായിയോ സ്വദേശിയായ ജേക്കബ് സ്റ്റീവൻസ് (13) എന്ന കുട്ടിയാണ് മരുന്ന് അമിത അളവിൽ കഴിച്ചതിനെ തുടർന്ന് മരണമടഞ്ഞത്.  ടിക്ടോക്കിൽ വൈറലാകുന്ന ബെനാഡ്രിൽ ചലഞ്ചിന്റെ ഭാ​ഗമായി പന്ത്രണ്ട് മുതൽ പതിനാലോളം ബെനാഡ്രിൽ ​ഗുളികകൾ കഴിച്ചതാണ് ജീവനെടുത്തത്.

​ഗുളികകൾ കഴിച്ചതിനു പിന്നാലെ ആരോ​ഗ്യപ്രശ്നങ്ങൾ കാണിച്ചുതുടങ്ങിയ ജേക്കബിനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ആറുദിവസത്തോളം നീണ്ട വെന്റിലേറ്റർ വാസത്തിനൊടുവിലാണ് ജേക്കബ് മരണമടഞ്ഞത്.

ബെനാഡ്രിൽ ചലഞ്ച്:

ബെനാഡ്രിൽ പോലുള്ള മരുന്നുകളിൽ കാണപ്പെടുന്ന ഡൈഫെന്‍ഹൈഡ്രാമൈന്‍ (diphenhydramine) എന്ന മരുന്ന് അമിത അളവിൽ കഴിക്കുന്നതാണ് ഈ ചലഞ്ച്. പ്രത്യേകിച്ച് കൗമാരക്കാരെ കേന്ദ്രീകരിച്ചുള്ള ഈ ചലഞ്ചിൽ പന്ത്രണ്ട് മുതൽ പതിനാല് ​ഗുളികകൾ ഒറ്റയടിക്ക് കഴിക്കുകയാണ് ചെയ്യുന്നത്. ​ഗുളികയുടെ അമിത ഡോസ് മൂലമുണ്ടാകുന്ന ഉന്മത്താവസ്ഥ റെക്കോഡ് ചെയ്ത് ടിക്ടോക്കിൽ പങ്കുവെക്കുകയാണ് ലക്ഷ്യം.

2020 മുതലാണ് ഇത്തരം ചലഞ്ചുകൾ ടിക്ടോക്കിൽ വൈറലായി തുടങ്ങിയത്. ജലദോഷത്തിനും അലർജി പ്രശ്നങ്ങൾക്കും നൽകിവരുന്ന diphenhydramine അടങ്ങിയ ബെനാഡ്രിൽ സുരക്ഷിതമാണെങ്കിലും അമിത അളവിൽ ശരീരത്തിലെത്തുന്നത് ദോഷം ചെയ്യും. ബെനാഡ്രിൽ അമിത ഡോസ് ശരീരത്തിലെത്തുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും കോമയ്ക്കും മരണത്തിനും വരെ കാരണമാകാം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഇരുപത്തിനാലുമണിക്കൂറിനുള്ളിൽ ആറുമുതൽ പന്ത്രണ്ടു വയസ്സുവരെയുള്ള കുട്ടികൾക്ക് കഴിക്കാവുന്ന ബെനാഡ്രിലിന്റെ പരമാവധി അളവ് ആറെണ്ണം മാത്രമാണ്. പന്ത്രണ്ട് വയസ്സിനു മുകളിലുള്ളവർക്ക് പന്ത്രണ്ടും. അമിത അളവിൽ ഈ മരുന്ന് കഴിക്കുന്നത് മലബന്ധം, വായും തൊണ്ടയും വരളുക, നിർജലീകരണം, ഓക്കാനം, കാഴ്ച മങ്ങൽ, ഹൃദയമിടിപ്പ് കൂടുക, ചുഴലി, മൂത്രസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കെല്ലാം കാരണമാകാം.

2020ലും സമാനമായ സംഭവം നടന്നിരുന്നു. അന്ന് ഒക്ലഹോമയിൽ നിന്നുള്ള പതിനഞ്ചുകാരിയാണ് ഇത്തരം ചലഞ്ചിൽ പങ്കെടുത്ത് മരണമടഞ്ഞത്. തുടർന്ന് പെൺകുട്ടിയുടെ ബന്ധു ഇതേക്കുറിച്ച് സാമൂഹികമാധ്യമത്തിൽ പോസ്റ്റ് പങ്കുവെക്കുകയും ചെയ്തിരുന്നു. കുട്ടികളുടെ ജീവനെടുക്കുകയും അവരെ ആശുപത്രികളിലാക്കുകയും ചെയ്യുന്ന ഇത്തരം ചലഞ്ചുകൾ അവസാനിപ്പിക്കണം എന്നാണ് അവർ കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News