ബംഗളൂരുവിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർക്ക് 11.8 കോടി രൂപ ഡിജിറ്റൽ അറസ്റ്റിലൂടെ നഷ്ടപ്പെട്ടു. സിം കാർഡ് ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് ഫോൺ കോളിലൂടെയാണ് തട്ടിപ്പ് നടന്നത്.
39 കാരനായ എഞ്ചിനീയർക്ക് നവംബർ 11 നാണ് വ്യാജ ഫോൺ കോൾ ലഭിച്ചത്. ട്രായിയിലെ ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് തട്ടിപ്പുകാരൻ എൻജിനീയറെ വിളിച്ചത്. ശേഷം ആധാറുമായി ലിങ്ക് ചെയ്തിരിക്കുന്ന സിം കാർഡിൽ നിന്നും അശ്ലീല സന്ദേശങ്ങൾ അടക്കം പോയിട്ടുണ്ടെന്നടക്കം പറഞ്ഞായിരുന്നു തട്ടിപ്പ്. വിഷയത്തിൽ മുംബൈയിലെ കൊളാബ സൈബർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇയാൾ എൻജിനീയറെ പറഞ്ഞുപറ്റിച്ചു.
ALSO READ; വ്യാജരേഖ ചമയ്ക്കൽ; മുൻ ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
ഇതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന മറ്റൊരാൾ കൂടി എൻജിനീയറെ ബന്ധപ്പെട്ടിരുന്നു. ആധാർ വിവരം ദുരുപയോഗം ചെയ്ത് നിരവധി അക്കൗണ്ടുകൾ അടക്കം തുടങ്ങിയിട്ടുണ്ടെന്നും ഇതുവഴി കള്ളപ്പണമടക്കം കടത്തുന്നുണ്ടെന്നുമാണ് ഇയാൾ പറഞ്ഞത്.അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഇയാൾ എൻജിനീയറെ ഭീഷണിപ്പെടുത്തി.
പിന്നാലെ സ്‌കൈപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുകയും വ്യാജ പൊലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് മറ്റൊരാൾ എഞ്ചിനീയറുമായി സംസാരിക്കുകയും ചെയ്തു. ഇതിന് പിന്നാലെ അറസ്റ്റ് ഭയന്നാണ് എൻജിനീയർ 11 . 8 കോടി രൂപ കൈമാറിയത്. എന്നാൽ പണം ലഭിച്ചിട്ടും ഭീഷണി തുടർന്നതോടെയാണ് താൻ തട്ടിപ്പിനിരയായതായി എഞ്ചിനീയർക്ക് മനസിലായത്. പിന്നീട് ഇയാൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.സംഭവത്തിൽ ഐടി ആക്ട് പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തുടർ അന്വേഷണം നടക്കുകയാണെന്നാണ് പൊലീസ് അറിയിച്ചിട്ടുണ്ട് .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here