സ്വകാര്യ പണമിടപാട് സ്ഥാപനത്തെ ഭീഷണിപ്പെടുത്തി അഞ്ച് കോടി തട്ടാന്‍ ശ്രമിച്ച കേസില്‍ മൂന്ന് മലയാളികളെ അറസ്റ്റ് ചെയ്ത് ബെംഗളൂരു പോലീസ്. തൃശൂര്‍ സ്വദേശികളായ ചാള്‍സ് മാത്യൂസ്, ബിനോജ്, കോഴിക്കോട് സ്വദേശി ശക്തിധരന്‍ പനോളി എന്നിവരാണ് പിടിയിലായത്.
ചാള്‍സ് മാത്യൂസിനെയും ബിനോജിനെയും എറണാകുളത്ത് വച്ചാണ് അറസ്റ്റ് ചെയ്തത്. ശക്തിധരനെ കോഴിക്കോട് നിന്നാണ് പിടികൂടിയത്. ബെംഗളുരു കൊമേഴ്‌സ്യല്‍ സ്ട്രീറ്റ് പോലീസാണ് പ്രതികളെ പിടികൂടിയത്. ബെംഗളൂരു അഡീഷണല്‍ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ബെംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയാണ് (ഐസിസിഎസ്എല്‍) പരാതി നല്‍കിയത്.
അറസ്റ്റിലായ ചാള്‍സ് മാത്യുസും ബിനോജും ഈ സ്ഥാപനത്തിന്റെ തൃശൂരിലെ റീജണല്‍ ഓഫീസിലെ മുന്‍ ജീവനക്കാരായിരുന്നു. ഇതില്‍ ചാള്‍സ് മാത്യു മുന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരുടെയും ബിനോജ് ലോണ്‍ വിഭാഗത്തിലെ മാനേജരുടെയും ചുമതലയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവര്‍ സ്ഥാപനം വിട്ടശേഷം ഈ കേസിലെ കൂട്ടു പ്രതിയായ ശക്തിധരന്‍ പാനോളിയെ കൂട്ട് പിടിച്ച് ഇടനിലക്കാര്‍ മുഖാന്തരം അഞ്ച് കോടി രൂപ ആവശ്യപ്പെടുന്ന ദൃശങ്ങള്‍ ഉള്‍പ്പെടെ കേസില്‍ ഹാജരാക്കിയിട്ടുണ്ട്. ഐസിസിഎസ്എല്ലിന്റെ അതേ പേരില്‍ പ്രതികള്‍ ഒരു വ്യാജ വെബ് സൈറ്റ് സൃഷ്ടിക്കുകയും അതിലൂടെ പൊതുജനങ്ങളെയും സ്ഥാപനത്തിലെ നിക്ഷേപകര്‍ ഉള്‍പ്പെടെയുള്ള അംഗങ്ങളെയും തെറ്റിധരിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത് വിടുകയും ചെയ്തിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. ഈ വെബ് സൈറ്റ് സൃഷ്ടിച്ചിരിക്കുന്നത് ഓസ്‌ട്രേലിയയില്‍ നിന്നാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഭാരതീയ ന്യായസംഹിത പ്രകാരം തട്ടിപ്പ്, വ്യാജ രേഖ ചമക്കല്‍, ബ്ലാക്ക് മെയിലിങ്ങ്, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ക്ക് പുറമെ ഐടി ആക്ടിലെ വിവിധ വകുപ്പുകളും ചേര്‍ത്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. ഈ കേസില്‍ അടിയന്തര നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഉത്തരവിട്ടതോടെയാണ് പോലീസ് അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടന്നത്.
ALSO READ; തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലിൽ മിന്നൽ പരിശോധന നടത്തി ഗതാഗത വകുപ്പ് മന്ത്രി
ചാള്‍സും ബിനോജും ഐസിസിഎസ്എല്ലില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ, തൃശൂരിലെ മറ്റൊരു സമാന ധനകാര്യ സ്ഥാപനത്തിനു വേണ്ടി കമ്പനിയുടെ സുപ്രധാന രേഖകള്‍ ഉള്‍പ്പെടെ ചോര്‍ത്തി നല്‍കിയെന്നും, കമ്പനിയെ തകര്‍ക്കാന്‍ വേണ്ടി നിക്ഷേപകരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് വ്യാജ പ്രചരണങ്ങള്‍ നടത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. ഇതോടെ നിക്ഷേപകരില്‍ ഒരു വിഭാഗം പരിഭ്രാന്തരാവുകയും സ്ഥാപനത്തിന്റെ വിവിധ ശാഖകളില്‍ ആദായ നികുതി റെയ്ഡ് ഉള്‍പ്പെടെ നടക്കുകയും ചെയ്തു. തുടര്‍ന്ന് 1400 കോടിയോളം രൂപയുടെ നിക്ഷേപം ആശങ്കയിലായ നിക്ഷേപകരുടെ ആവശ്യപ്രകാരം കമ്പനി തിരിച്ചു നല്‍കിയിരുന്നു. ഈ രേഖകളും കേസില്‍ ഹാജരാക്കിയിട്ടുണ്ട്. ചാള്‍സും ബിനോജും നിലവില്‍ തൃശൂരിലെ മറ്റൊരു ധനകാര്യ സ്ഥാപനത്തില്‍ സുപ്രധാന ചുമതലകള്‍ വഹിച്ചു വരികയാണ്. ഇന്ത്യന്‍ കോപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റിക്ക് എതിരെ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നത് വിലക്കി കൊണ്ട് കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 21ന് ബെംഗളുരു പ്രിന്‍സിപ്പല്‍ സിറ്റി സിവില്‍ കോടതി ഉത്തരവിട്ടിട്ടുള്ളതാണ്. ഈ കേസിലും കോടതിയലക്ഷ്യത്തിന് ശക്തിധരന്‍ പനോളിക്ക് എതിരെ കോടതി നോട്ടീസ് അയച്ചിരുന്നു. ഇക്കാര്യവും അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ കോടതിയില്‍ വാദിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു.
ചാള്‍സിനും ബിനോജിനും ശക്തിധരനും പുറമെ, ബെംഗളുരു സ്വദേശിയായ സുധീര്‍ ഗൗഡയും ഇപ്പോള്‍ കൊമേഴ്‌സ്യല്‍ സ്ട്രീറ്റ് കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ കൂട്ടു പ്രതിയാണ്. കേന്ദ്ര കോപ്പറേറ്റീവ് നിയമപ്രകാരം 26 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഐസിസിഎസ്എല്ലിന് എഴ് സംസ്ഥാനങ്ങളിലായി 104 ശാഖകളാണ് ഉള്ളത്. ബെംഗളുരു സ്വദേശിയായ ആര്‍ വെങ്കിട്ടരമണയാണ് സൊസൈറ്റിയുടെ മാനേജിങ് ഡയറക്ടര്‍. മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെ പ്രേരണയില്‍ തെറ്റായ പ്രചരണം നടത്തുന്നവര്‍ ആരായാലും അവര്‍ക്ക് എതിരെയും കര്‍ശനമായ നിയമ നടപടി സ്വീകരിക്കുമെന്നാണ് കമ്പനിയുടെ ബെംഗളുരുവിലെ കോര്‍പ്പറേറ്റ് ഓഫീസ് അറിയിച്ചിരിക്കുന്നത്. ഇതിനോടൊപ്പം തന്നെ സ്ഥാപനത്തില്‍ നിന്നും വന്‍തുകകള്‍ ലോണെടുത്ത് തിരിച്ചടക്കാത്തവര്‍ക്ക് എതിരെ ജപ്തി നടപടികള്‍ ഉള്‍പ്പെടെ ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here