മികച്ച റോഡ് സംവിധാനങ്ങൾ ചരക്ക് നീക്കം, ടൂറിസം തുടങ്ങിയ മേഖലകളിലെ ബഹുരാഷ്ട്ര കമ്പനികളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിന് ഉൾപ്പെടെ സഹായകരമായെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. തെങ്കാശിയിൽ നിന്ന് കൊട്ടാരക്കരയിലേക്ക് എത്താൻ മികച്ച റോഡ് സംവിധാനങ്ങൾ ഉള്ളത് തന്നെയാണ് അന്താരാഷ്ട്ര കമ്പനിയായ സോഹോ കോർപ്പറേഷന് ഓഫീസ് ആരംഭിക്കാൻ കൊട്ടാരക്കര ഐഎച്ച്ആർഡി ക്യാമ്പസിനെ പര്യാപ്തമാക്കിയത്. കൊട്ടാരക്കര ഇഞ്ചക്കാട് സ്നേഹതീരം മൈലം കൊച്ചാലുംമൂട് റോഡിന്റെ നിർമാണ ഉദ്ഘാടനം മൈലം കൊച്ചാലുംമൂട് ജംഗ്ഷനിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
സമഗ്ര കൊട്ടാരക്കര പദ്ധതിയിൽ ഉൾപ്പെടുത്തി 3.5 കോടി രൂപ ചിലവഴിച്ച് അന്താരാഷ്ട്ര നിലവാരത്തിൽ ബിഎംബിസി പ്രകാരമുള്ള റോഡാണ് ഇവിടെ നിർമിക്കുക. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിനു പ്രഥമ പരിഗണന നൽകിക്കൊണ്ടുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിനാണ് കഴിഞ്ഞ ഏഴര വർഷം കേരള സമൂഹം സാക്ഷ്യം വഹിച്ചത്. സംസ്ഥാനത്തെ എല്ലാ റോഡുകളും ബിഎംബിസി നിലവാരത്തിലേക്ക് ഉയർത്തി. യാത്ര സൗകര്യങ്ങൾ മെച്ചപ്പെടുക എന്നത് പുരോഗതിയിലേക്ക് നടന്നെടുക്കുന്ന ഒരു നാടിനെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാൻ ആവാത്തതാണെന്നും മന്ത്രി പറഞ്ഞു.
നീതി ആയോഗ് സൂചിക പ്രകാരം രാജ്യത്ത് തന്നെ ഒന്നാം സ്ഥാനം കാലങ്ങളായി നിലനിർത്താൻ കേരളത്തിന് സാധിച്ചതും ഇത്തരം അടിസ്ഥാന വികസനത്തിൽ ഊന്നിയുള്ള പ്രവർത്തനങ്ങളിലൂടെയാണ്. മൈലം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി നാഥ് അധ്യക്ഷയായി. വെട്ടിക്കവ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ് രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം ആർ രശ്മി, സ്ഥിരം സമിതി അധ്യക്ഷർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ കക്ഷിപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here