ഇടവിട്ടുള്ള വേനല്‍മഴ: ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കാം

ഇടവിട്ടുള്ള വേനല്‍മഴ കൊതുക് വര്‍ധിക്കാനുള്ള സാഹചര്യമൊരുക്കുന്നതിനാല്‍ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ എസ് ഷിനു അറിയിച്ചു. ഡെങ്കിപ്പനിയുടെ രോഗലക്ഷണങ്ങൾ കണ്ടാൽ ആശുപത്രിയിൽ ചികിത്സതേടാൻ മടിക്കരുതെന്നും നിർദേശമുണ്ട്.

ഡെങ്കിപ്പനിയുടെ രോഗലക്ഷണങ്ങള്‍

ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. പനിയോടൊപ്പം തലവേദന, കണ്ണിനു പുറകില്‍ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. കൂടാതെ ശരീരത്തില്‍ ചുവന്നു തടിച്ച പാടുകളും ഉണ്ടാകാം.

തുടര്‍ച്ചയായ ഛര്‍ദി, വയറുവേദന, ശരീരഭാഗങ്ങളില്‍ നിന്നും രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്ന് തടിക്കല്‍, ശരീരം തണുത്ത് മരവിക്കുക, തളര്‍ച്ച, രക്തസമ്മര്‍ദം വല്ലാതെ താഴുക, കുട്ടികളില്‍ തുടര്‍ച്ചയായ കരച്ചില്‍ തുടങ്ങിയവ ഡെങ്കിപ്പനിയുടെ സൂചനകളാണ്. പനി പല രോഗങ്ങളുടെയും ലക്ഷണമായതിനാല്‍ സ്വയം ചികിത്സ ഒഴിവാക്കണം.

പനി മാറിയാലും കുറച്ച് ദിവസം കൂടി സമ്പൂര്‍ണ വിശ്രമം തുടരുക. ഉപ്പിട്ട കഞ്ഞി വെള്ളം, കരിക്കിന്‍ വെള്ളം തുടങ്ങിയ പാനീയങ്ങള്‍ ധാരാളം കുടിക്കുക. ഡെങ്കിപ്പനി ബാധിതര്‍ പകല്‍ സമയം വിശ്രമിക്കുന്നതും ഉറങ്ങുന്നതും പൂര്‍ണമായും കൊതുക് വലയ്ക്കുള്ളില്‍ ആയിരിക്കണം. ഒരു തവണ ഡെങ്കിപ്പനി ബാധിച്ചവര്‍ക്ക് വീണ്ടും രോഗബാധയുണ്ടായാല്‍ മാരകമാകുന്നതിനുള്ള സാധ്യത കൂടുതലാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഈഡിസ് കൊതുകുകള്‍ പ്രജനനം നടത്തുന്നത് വീട്ടിനകത്തും, പരിസരത്തുമാണ്. വെള്ളം സംഭരിച്ച പാത്രങ്ങള്‍, വലിച്ചെറിയുന്ന ചിരട്ടകള്‍, പൊട്ടിയ പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഫ്രിഡ്ജിന്റെ അടിഭാഗത്തെ ട്രേ, മണി പ്ലാന്റുകള്‍, ചെടികളുടെ അടിയില്‍ വച്ചിരിക്കുന്ന ട്രേ, വലിച്ചെറിഞ്ഞ ടയറുകള്‍, വിറകും മറ്റും നനയാതെ മൂടിയിരിക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, ടാര്‍പോളിന്‍, റബ്ബര്‍ പാല്‍ സംഭരിക്കുന്ന ചിരട്ടകള്‍, കമുകിന്‍ പാളകള്‍, നിര്‍മാണ സ്ഥലങ്ങളിലെ ടാങ്കുകള്‍, വീടിന്റെ ടെറസ്, സണ്‍ഷെയ്ഡ്, പാത്തികള്‍ എന്നിവിടങ്ങില്‍ കെട്ടികിടക്കുന്ന വെള്ളത്തിലാണ് പ്രധാനമായും മുട്ടയിട്ട് പെരുകുന്നത്.

ലോക്ഡൗണ്‍ സമയത്ത് വീടുകളില്‍ മണിപ്ലാന്റും, മറ്റ് അലങ്കാര ചെടികളും വളര്‍ത്താന്‍ തുടങ്ങിയതോടെ വീടിനകത്തും കൊതുക് മുട്ടയിട്ട് പെരുകാനുള്ള സാഹചര്യങ്ങള്‍ കൂടിയതും ഡെങ്കിപ്പനിക്ക് ഒരു പ്രധാന കാരണമായിട്ടുണ്ട്. ചെറിയ അളവ് വെള്ളത്തില്‍ പോലും ഈഡിസ് കൊതുകകള്‍ മുട്ടയിട്ട് പെരുകും. ഒരു വര്‍ഷത്തോളം ഇവയുടെ മുട്ടകള്‍ കേടുകൂടാതെയിരിക്കും. ഈര്‍പ്പം തട്ടിയാല്‍ ഒരാഴ്ചകൊണ്ട് മുട്ട വിരിഞ്ഞ് കൊതുകാകും. വൈറസ് ബാധയുള്ള കൊതുകിന്റെ മുട്ടകളിലും വൈറസ് സാന്നിധ്യമുണ്ടാകും. മണിപ്ലാന്റും, മറ്റ് അലങ്കാര ചെടികളും വീടിനുള്ളില്‍ വളര്‍ത്താതിരിക്കുന്നതാണ് നല്ലത്. വളര്‍ത്തുകയാണെങ്കില്‍ ചെടിച്ചട്ടിയില്‍ വെള്ളം കെട്ടിക്കിടക്കാത്ത വിധം മണ്ണിട്ട് വളര്‍ത്തണം.

ഈഡിസ് കൊതുകിന്റെ നിയന്ത്രണമാണ് ഡെങ്കിപ്പനിയുടെ പ്രധാന പ്രതിരോധ മാര്‍ഗം. ആഴ്ച തോറും വീടും, സ്ഥാപനങ്ങളും ചുറ്റുപാടും നിരീക്ഷിച്ച് കൊതുക് വളരാനിടയുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കണം. ഇതിനായി ഞായറാഴ്ചകളില്‍ വീടുകളിലും, വെള്ളിയാഴ്ചകളില്‍ സ്‌കൂളുകളിലും, ശനിയാഴ്ചകളില്‍ സ്ഥാപനങ്ങളിലും ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. കൊതുകു വളരുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്നതോടൊപ്പം വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങളും പാലിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News