ബേപ്പൂരിന് സ്ഥിരം ഐ എസ് പി എസ് കോഡ് ലഭിച്ചു

ഇന്റര്‍നാഷണല്‍ ഷിപ്പ് ആന്റ് ഫെസിലിറ്റി കോഡ് ബേപ്പൂര്‍ തുറമുഖത്തിന് സ്ഥിരമായി ലഭിച്ചു. നേരത്തെ താല്‍ക്കാലികമായി ലഭിച്ചിരുന്ന ഐ എസ് പി എസ് സര്‍ട്ടിഫിക്കറ്റാണ് ഇപ്പോള്‍ സ്ഥിരമായി ലഭിച്ചത്. ഇതോടെ അന്താരാഷ്ട്ര കപ്പലുകള്‍ അടുക്കുന്നതിനുള്ള അനുമതി ബേപ്പൂര്‍ തുറമുഖത്തിന് കൈവന്നു. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം നിഷ്‌കര്‍ഷിച്ച നിബന്ധനകള്‍ പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിലാണ് ബേപ്പൂരിന് ഈ അനുമതി ലഭിച്ചത്.

തുറമുഖ വകുപ്പ് മന്ത്രി വി.എന്‍.വാസവന്റെയും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെയും നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്ന് ബേപ്പൂര്‍ തുറമുഖത്തിന്റെ തുടര്‍ വികസനം സംബന്ധിച്ച ചര്‍ച്ച നടത്തി. ഇപ്പോള്‍ ലഭിച്ച സ്ഥിരം ഐ എസ് പി എസ് അംഗീകാരം തുറമുഖ വികസനത്തിന് മുതല്‍ക്കൂട്ടാകുമെന്ന് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. തുറമുഖത്തിന്റെ വികസനം ഉറപ്പാക്കാന്‍ തുറമുഖ വകുപ്പ് എല്ലാ ശ്രമങ്ങളും നടത്തുമെന്ന് മന്ത്രി അറിയിച്ചു.

Also Read: പുത്തൂര്‍- ചെനക്കല്‍ ബൈപ്പാസ് നിര്‍മ്മാണം; ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എയുടെ സബ്മിഷന് മന്ത്രി പി.എ മുഹമ്മദ് റിയാസ് നല്‍കിയ മറുപടി

തുറമുഖത്തിന്റെ ഡ്രഡ്ജിംഗിനുള്ള സാങ്കേതികാനുമതി പുതുക്കി നല്‍കി പ്രവൃത്തി വേഗത്തില്‍ ആരംഭിക്കാന്‍ യോഗത്തില്‍ ധാരണയായി. ഹാര്‍ഡ് റോക്കിന്റെ സാന്നിധ്യം കാരണം ധനകാര്യ ചീഫ് ടെക്കിനിക്കല്‍ എക്‌സാമിനറുടെ അഭിപ്രായപ്രകാരമാണ് പ്രവൃത്തി റീ ടെണ്ടര്‍ ചെയ്യുന്നത്. 2024 – 25 ബഡ്ജറ്റില്‍ പോര്‍ട്ടിന്റെ വികസനത്തിന് കൂടുതല്‍ തുക വകയിരുത്തുന്നതിന് ധനകാര്യവകുപ്പിനോട് ആവശ്യപ്പെടാനും തീരുമാനിച്ചു. കടലുണ്ടി ഫ്‌ളോട്ടിംഗ് റെസ്റ്റോറന്റ് നിര്‍മ്മാണത്തിനായുള്ള സര്‍വ്വേ നടപടികളും വേഗത്തിലാക്കും.

ബേപ്പൂര്‍ തുറമുഖ വികസനത്തിന് എല്ലാ ശ്രമങ്ങളും തുടരുമെ ന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു. തുടര്‍ പ്രവൃത്തികള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ തുറമുഖവകുപ്പുമായി ചേര്‍ന്ന് എല്ലാ പ്രവര്‍ത്തനങ്ങളും സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

മന്ത്രിമാര്‍ക്ക് പുറമെ വകുപ്പ് സെക്രട്ടറിമാരായ കെ ബിജു, കെ എസ് ശ്രീനിവാസ്, ടൂറിസം ഡയറക്ടറുടെ ചുമതല വഹിക്കുന്ന പ്രേം കൃഷ്ണന്‍, മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍ എസ് പിളള, സി ഇ ഓ ഷൈന്‍ എ ഹക്ക് എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News