രാജ്യാന്തര നിലവാരം കൈവരിച്ച് ബേപ്പൂർ തുറമുഖം; വിഴിഞ്ഞത്തിന് മുൻപ് വിദേശ കപ്പലുകൾ എത്തും;മന്ത്രി അഹമ്മദ് ദേവർകോവിൽ

ബേപ്പൂർ തുറമുഖം രാജ്യാന്തര നിലവാരം കൈവരിച്ചുവെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. വിഴിഞ്ഞത്തിന് മുൻപ് കോഴിക്കോട് ബേപ്പൂര്‍ തുറമുഖത്തിലേയ്ക്ക് വിദേശ കപ്പലുകളെത്തുമെന്നും മന്ത്രി പറഞ്ഞു. ഇന്ർനാഷണൽ ഷിപ്പ് ആന്റ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി സർട്ടിഫിക്കേഷൻ ലഭിച്ചു. ഇതോടെ ബേപ്പൂരില്‍ വിദേശ കപ്പലുകൾ അടുപ്പിക്കാനാകും എന്നും മന്ത്രി പറഞ്ഞു . ഫേസ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ ഫേസ്ബുക്‌പോസ്റ്റിന്റെ പൂർണരൂപം

ചരിത്ര നേട്ടം കുറിച്ച്‌ ബേപ്പൂർ തുറമുഖം. ഇനി വിദേശ കപ്പലുകൾക്ക് നേരിട്ട് വരാൻ കഴിയുന്ന രാജ്യാന്തര തുറമുഖം.വിദേശ കപ്പലുകൾ അടിപ്പിക്കുന്നതിനും എമിഗ്രേഷൻ ക്ലിയറൻസ് ലഭ്യമാക്കുന്നതിനും ബേപ്പൂർ തുറമുഖത്തിന് ഇന്റർനാഷണൽ ഷിപ്പ് ആൻഡ് പോർട്ട് ഫെസിലിറ്റി സെക്യൂരിറ്റി (ഐ. എസ്. പി. എസ്) സർട്ടിഫിക്കേഷൻ ലഭ്യമായി.
ഐഎസ്പിഎസ് കോഡ് ലഭ്യമായതോടെ തുറമുഖം രാജ്യാന്തര നിലവാരത്തിലേക്ക് ഉയർന്നു, അഞ്ചുവർഷത്തേക്കാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്.
നേരത്തെ ഐ എസ് പി എസ് സർട്ടിഫിക്കേഷൻ ലഭ്യമാക്കുന്നതിനായി എം എം ഡി നിർദ്ദേശ പ്രകാരം തുറമുഖത്ത് സുരക്ഷാ സംവിധാനങ്ങൾ വിപുലപ്പെടുത്തിയിരുന്നു. തുറമുഖ അതിർത്തിക്ക് ചുറ്റുമതിലും കമ്പിവേലി ഉൾപ്പെടെ ഒരുക്കി, രണ്ട് മീറ്റർ ഉണ്ടായിരുന്ന ചുറ്റുമതിൽ 2.4 മീറ്ററാക്കി ഉയർത്തി അതിനു മുകളിലാണ് കമ്പിവേലി സ്ഥാപിച്ചത്. തുറമുഖ കവാടത്തിൽ എക്സ്റേ സ്കാനിങ് സംവിധാനവും മെറ്റൽ ഡിറ്റക്ടറും സ്ഥാപിച്ചു. തുറമുഖത്തേക്ക് അടുക്കുന്ന കപ്പലുകളും ചെറു വെസലുകളും തിരിച്ചറിയാൻ ഓട്ടോമാറ്റിക് റഡാർ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. വാർഫിലും മറ്റും ആധുനിക വാർത്താ വിനിമയെ സംവിധാനം ഒരുക്കിയതിനൊപ്പം തുറമുഖത്തെ മുഖ്യ കവാടവും പാസഞ്ചർ ഗേറ്റും പുനർ നിർമ്മിക്കുകയും ചെയ്തു. മർക്കന്റൈയിൽ ചട്ടപ്രകാരം ഐഎസ്പിഎസ് കോഡിൽ ഉൾപ്പെടുന്ന തുറമുഖങ്ങളിൽ മാത്രമേ വിദേശ കപ്പലുകൾ അടുപ്പിക്കാൻ അനുമതിയുള്ളൂ, കോഡ് ലഭിച്ചതോടെ വിദേശ കാർഗോ -പാസഞ്ചർ കപ്പലുകൾക്ക് ബേപ്പൂരിലേക്ക് നേരിട്ട് വരാൻ വഴിയൊരുങ്ങി, മാത്രമല്ല രാജ്യാന്തര യുണീക്ക് ഐഡന്റിറ്റി നമ്പർ ലഭിക്കുന്ന മലബാറിലെ പ്രധാന തുറമുഖമായി ബേപ്പൂർ മാറുകയും ചെയ്തു. വലിയ കപ്പലുകൾക്ക് ബേപ്പൂർ തീരത്ത് എത്തുന്നതിനായി ഡ്രഡ്ജിംഗ് പ്രവർത്തനം നടന്നുവരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration