രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇന്ന് തുടക്കമാകും. മണിപ്പൂരിലെ തൗബലിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. ജനാധിപത്യം സംരക്ഷിക്കുന്നതിനാണ് യാത്രയെന്നും ബി ജെ പി യാത്രയെ ഭയപെടുന്നുവെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
67 ദിവസങ്ങൾ, 15 സംസ്ഥാനങ്ങൾ, 110 ലോക്‌സഭ മണ്ഡലങ്ങൾ, 6700 കിലോമീറ്റർ. വടക്ക് കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ നിന്ന് ആരംഭിക്കുന്ന യാത്ര മാർച്ച് 20 ന് മഹാരാഷ്ട്രയിൽ സമാപിക്കും. ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഇന്ന് ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് കോൺഗ്രസ് തുടക്കമിടുന്നത്. രാഹുൽ ഗാന്ധി നയിക്കുന്ന യാത്ര പ്രത്യയ ശാസ്ത്രപരമാണെന്നും തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് അല്ലെന്നുമാണ് കോൺഗ്രസ് വാദം. മറിച്ച് 10 വർഷത്തെ നരേന്ദ്ര മോദി സർക്കാരിന്റെ അന്യായത്തിനെതിരെയാണ് യാത്ര നടത്തുന്നതെന്നും കോൺഗ്രസ് പറയുന്നു.
Also Read; കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരൻ ജയിൽ ചാടിയത് ആസൂത്രിതം; സിസിടിവി ദൃശ്യങ്ങൾ
തൗബലിലെ യുദ്ധസ്മാരകത്തിന് സമീപത്തുനിന്ന് ആരംഭിക്കുന്ന യാത്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജ്ജുൻ ഖർഗെ ഫ്ലാഗ് ഓഫ് ചെയ്യും. ബസിലായിരിക്കും യാത്ര. സാധ്യമാകുന്ന ഇടങ്ങളിൽ 6 കിലോമീറ്റർ നടക്കും. യാത്ര നാളെ നാഗാലാൻഡിലേക്ക് കടക്കും. അവകാശങ്ങൾ നിഷേധിക്കപ്പെട്ടവരും വിവിധ മേഖലകങ്ങളിലെ പ്രമുഖരും യാത്രയുടെ ഭാഗമാകും. തൊഴിലില്ലായ്മ, ദളിത് ,ആദിവാസി, പിന്നാക്ക വിഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ, വിലകയറ്റം എന്നിവ യാത്രയിൽ ഉന്നയിക്കും. യുപിയിൽ 11 ദിവസം നടത്തുന്ന യാത്ര 20 ജില്ലകളിൽ കൂടി കടന്ന് പോകും. റായ്ബറേലിയിലും, പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണസിയിലും അമേഠി ഉൾപെടെയുള്ള രാഷ്ട്രീയ സുപ്രധാന മേഖലകളിലൂടെ യാത്ര കടന്നുപോകും. ഇന്ത്യ മുന്നണിയിലെ നേതാക്കളും യാത്രയിൽ പങ്കെടുക്കുമെന്നാണ് വിവരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here