കേന്ദ്രം പ്രഖ്യാപിച്ച ഭാരത് അരിയ്ക്കെതിരെ ട്രോളുകളുമായി സോഷ്യൽ മീഡിയ രംഗത്ത്. ഭാരത് അരിയും ബീഫുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. ഭാരത് അരി വാങ്ങിയ മിത്രം തൊട്ടടുത്ത കടയിൽ നിന്നും ബീഫ് വാങ്ങിയത് കണ്ടില്ലേ, ഭാരത് അരിയും ബീഫും ഒരു അടാർ കോംബോ ആയിരിക്കും തുടങ്ങിയ തരത്തിലാണ് ട്രോളുകൾ നിറയുന്നത്.
ഇനി മോദി ജി യുടെ ഭാരത് അരിയ്ക്ക് പിറകിലെ യഥാർത്ഥ വസ്തുതകൾ പരിശോധിക്കാം
ALSO READ: തൃപ്പൂണിത്തുറയിലെ പടക്കശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ ഒരു മരണം
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. എങ്ങനെയെങ്കിലും കേരളത്തിൽ ഒരു സീറ്റ് പിടിക്കണമെന്ന മോഹവുമായി ബിജെപിയും തലചൊറിഞ്ഞുനടക്കുകയുമാണ്. നോർത്തിലെപ്പോലെ വർഗീയതയും പള്ളിയും അമ്പലവുമൊക്കെ പറഞ്ഞ് നടന്നാൽ കേരളത്തിലെങ്ങനെ വോട്ട് കിട്ടാനാണ്? അപ്പൊ വേറെ വഴി നോക്കണം
ആലോചിച്ചാലോചിച്ച് വരുമ്പോൾ ബിജെപിക്ക് ഒരു ഐഡിയ കിട്ടുന്നു. അരി കൊടുക്കാമെന്ന് ! അപ്പോൾ എവിടെ കൊടുക്കും? അതിനൊക്കെ പ്രത്യേക പരിഗണനയുണ്ട് കേട്ടോ. തൃശൂർ ഇങ്ങ് എടുക്കാനായി വർഷങ്ങളോളം പണിയെടുക്കുകയല്ലേ ബിജെപി. എന്നാൽ അവിടെയാവട്ടെ ആദ്യം
ഇനി കുറച്ച് സീരിയസ് കാര്യം. എന്താണ് ഈ ഭാരത് അരിക്കുപിന്നിലെ സത്യാവസ്ഥ?
ഭാരത് അരിയെന്നുപറഞ്ഞാണ് ബിജെപി അഞ്ചും പത്തും കിലോ പാക്കറ്റുകളിൽ തൃശൂർ ലോക്സഭാ മണ്ഡലങ്ങളിൽ അരി വിതരണം ചെയ്തത്. നാഷണൽ കോഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ, നാഫെഡ്, കേന്ദ്രീയ ബന്ദർ എന്നിവരിലൂടെ വിതരണം ചെയ്യാൻ നിദ്ദേശിച്ചിരുക്കുന്ന അരി എടുക്കുന്നത് എഫ്സിഐ ഗോഡൗണിൽ നിന്നാണ്. അതായത് ചുരുക്കിപ്പറഞ്ഞാൽ സംസ്ഥാന സർക്കാർ പൊതുവിതരണ സമ്പ്രദായത്തിലൂടെ എങ്ങനെയാണോ അരി നൽകുന്നത്, അതുപോലെത്തന്നെ.
ഇവിടെയാണ് ഭാരത് അരിക്ക് പിന്നിലെ യഥാർത്ഥ ലക്ഷ്യം ജനങ്ങൾ മനസിലാക്കേണ്ടത്. സംസ്ഥാന സർക്കാർ പൊതുവിതരണ സമ്പ്രദായത്തിലൂടെ നൽകുന്ന അരിയും ഭാരത് അരിയും തമ്മിൽ ഒരു വ്യത്യാസവുമില്ല. എന്നാൽ ഒരു വ്യത്യാസമുണ്ട്. അത് വിലയിലാണ്.
നിലവിൽ നമ്മുടെ പൊതുവിതരണ സമ്പ്രദായത്തിൽ അരിക്ക് നൽകേണ്ടിവരുന്ന പരമാവധി വില 10.90 പൈസയാണ്. നീലക്കാർഡിനാകട്ടെ കിലോയ്ക്ക് നാല് രൂപയും. പിങ്ക്, മഞ്ഞ തുടങ്ങിയ കാർഡുകൾക്ക് പൊതുവിതര സമ്പ്രദായത്തിൽ പൈസയേയില്ല. അതായത് ബിജെപിക്കാർ ഭാരത് അരി എടുത്തുകൊണ്ടുവരുന്ന അതെ എഫ്സിഐ ഗോഡൗണിൽ നിന്ന് നമ്മുടെ സർക്കാർ പൊതുവിതരണ സമ്പ്രദായത്തിലൂടെ വിതരണം ചെയ്യുന്ന അരിയുടെ വിലയിലെ വ്യത്യാസമാണ് ഇപ്പോൾ പറഞ്ഞത്.
ഇനിയുമുണ്ട്. 29 രൂപയ്ക്ക് ഭാരത് അരിയെന്നുപറഞ്ഞ് വിൽക്കുന്ന അതേ അരി സപ്ലൈക്കോയിലൂടെ നമ്മുടെ സർക്കാർ നൽകുന്നത് 24 രൂപയ്ക്ക്. അതായത് ഇവിടെ വിലക്കയറ്റമുണ്ടെന്ന് പറഞ്ഞ് ബിജെപിക്കാർ വിറ്റ അരിയേക്കാൾ അവിടെയും വില കുറവ്.
ഭാരത് അരിക്കുപിന്നിലെ രാഷ്ട്രീയം പലതാണ്, അത് വ്യക്തവുമാണ്. കേന്ദ്രസർക്കാർ അവഗണന ഒരുകാര്യം. 2013ൽ എൻഎഫ്എസ് ആക്റ്റ് വന്ന ശേഷം ഒരുവിഭാഗം ആളുകൾക്ക് മാത്രമായി ഭക്ഷ്യധാന്യങ്ങൾ പരിമിതപ്പെട്ടു. അളവിലെ വെട്ടിക്കുറയ്ക്കലായിരുന്നു അടുത്തപടി. അപ്പോഴും കേരളം സ്വന്തം പൈസ ചിലവഴിച്ച് ബിപിഎൽ വിഭാഗങ്ങൾക്ക് സൗജന്യ അരി നൽകുന്ന സമീപനമാണ് സ്വീകരിച്ചത്.
മറ്റൊരു കാര്യം കൂടി ഇതിനിടെ സംഭവിച്ചു. അധികമായി വരുന്ന ഭക്ഷ്യധാന്യങ്ങൾ വിൽക്കുന്ന ഓപ്പൺ മാർക്കറ്റ് സ്കീമിൽ ഗവണ്മെന്റ് ഏജൻസികളെ പങ്കെടുക്കുന്നതിൽനിന്ന് കേന്ദ്രസർക്കാർ വിലക്കി. ലേലം സ്വകാര്യ ഏജൻസികൾക്കും സ്ഥാപനങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു.
അതായത്, സംസ്ഥാനത്തെ ഭക്ഷ്യവിതരണത്തെ എല്ലാ രീതിയിലും വരിഞ്ഞുമുറുക്കി, പൊതുവിതരണ സമ്പ്രദായത്തെ അപ്പാടെ തകർത്ത്, ഒരു ഭാരത് അരി നാടകമാണ് ബിജെപി തൃശ്ശൂരിൽ നടത്തിയത്. സംസ്ഥാനത്തിന്റെ ഫെഡറൽ അവകാശങ്ങൾക്ക് നേരെയുള്ള ഒരു കടന്നുകയറ്റം കൂടിയാണത്. കേന്ദ്ര ഏജൻസികളിലൂടെ മാത്രം വിതരണം ചെയ്യേണ്ട, അത്തരത്തിൽ സംവിധാനങ്ങളെയെല്ലാം ശക്തിപ്പെടുത്തേണ്ട കേന്ദ്രസർക്കാർ തന്നെ തെരുവിൽ നേരിട്ട് അരി വിതരണം ചെയുന്നത് സംസ്ഥാനത്തിന്റെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റവുമാണ്.
ലക്ഷ്യം വ്യക്തമാണ്. തൃശൂർ ലോക്സഭാ മണ്ഡലത്തിലൊഴികെ കേരളത്തിൽ മറ്റൊരിടത്തും ബിജെപി ഭാരത് അരി വിതരണം നടത്തിയിട്ടില്ല. അഞ്ചുകിലോ പാക്കറ്റുകളാണ് തൃശ്ശൂരിൽ ബിജെപി വിതരണം ചെയ്തത്. മണ്ണുത്തി, പട്ടിക്കാട്, പൂങ്കുന്നം തുടങ്ങിയ പ്രദേശങ്ങളിൽ ആദ്യദിവസം വിതരണം ചെയ്ത അരി പിന്നീട് വിതരണം ചെയ്യാൻ പദ്ധതി ചാവക്കാട്, ഇരിഞ്ഞാലക്കുട പ്രദേശങ്ങളിലാണ്. അതായത് തൃശൂർ മണ്ഡലം വിട്ട് ഒരു കളിയുമില്ല. കർണാടകയിൽനിന്നുംഎഫ്സിഐ ഗോഡൗണിൽനിന്നും മേടിക്കുന്ന അരി മില്ലിലെത്തിച്ച പാക്കറ്റുകളിലാക്കി വിറ്റാണ് ജനങ്ങളുടെ കണ്ണിലെ ഈ പൊടിയിടൽ. ഇതിലൂടെ ബിജെപി ആഗ്രഹിക്കുന്നത്, മനസ്സിൽ എന്നും താലോലിച്ചുകൊണ്ടുനടക്കുന്ന ഒരു ലോക്സഭാ സീറ്റ് എന്ന മോഹവും
റേഷൻ കാർഡ് പോലുമില്ലാതെ ആർക്കും വരാമെന്നുപറഞ്ഞായിരുന്നു ഈ അരിവിൽപ്പന. പാവങ്ങൾക്ക് ഒരു പൈസ പോലും മേടിക്കാതെ സർക്കാർ അരി നൽകുന്ന ഒരു സംസ്ഥാനത്താണ്, ആ പാവങ്ങളെയും നോക്കുകുത്തികളാക്കി, ബിജെപി നടത്തുന്ന ഈ രാഷ്ട്രീയ നാടകം അരങ്ങേറുന്നത് എന്നതാണ് ഒരു വിരോധാഭാസം
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല് ഫോളോ ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക
Click Here