തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കൊണ്ടുവന്ന ഭാരത് അരിയിലും കേന്ദ്രത്തിന് തിരിച്ചടി. സംസ്ഥാന സർക്കാർ നൽകുന്ന റേഷൻ അരിയേക്കാൾ 19 രൂപ കൂടുതലാണ് ഭാരത് അരിക്ക്. കേന്ദ്ര അരിവാങ്ങാൻ റേഷൻ കാർഡിന്റെ ആവശ്യമില്ലാത്തതിനാൽ, അർഹതപ്പെട്ടവർക്ക് കിട്ടുമോ എന്നതും ചോദ്യമാണ്.
സംസ്ഥാന സർക്കാർ കിലോയ്ക്ക് 10 രൂപ 90 പൈസയ്ക്ക് നൽകുന്ന അരിയാണ്, കേന്ദ്രസർക്കാർ ഭാരത് അരി എന്ന പേരിൽ കിലോയ്ക്ക് 29 രൂപ നിരക്കിൽ വിൽക്കുന്നത്. നാഷണൽ കോ ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ, നാഫെഡ്, കേന്ദ്രീയ ഭണ്ഡാർ ഔട്ട്ലെറ്റ് എന്നിവയാണ് വിതരണത്തിന് ചുമതലപ്പെടുത്തിയത്. എഫ്സിഐ ഗോഡൗണിൽ നിന്ന് അരിയെടുത്ത് മില്ലിൽ കൊണ്ടുപോയി അഞ്ച് കിലോ, പത്ത് കിലോ പാക്കറ്റിലാക്കി നൽകുമെന്നാണ് പ്രഖ്യാപനം. നീല, വെള്ളകാർഡ് കാർക്ക് കേന്ദ്രം റേഷൻ അരി നൽകുന്നുമില്ല. ഈ വിഭാഗത്തിനാണ് അധിക വിലയ്ക്ക് എഫ്സിഐ ഗോഡൗണിൽ നിന്ന് അരിയെടുത്ത് സംസ്ഥാനം വിലകുറച്ചു നൽകിവന്നത്.
Also Read; “സ്ഥാനാർഥി നിർണയത്തിൽ സിപിഐയുടേത് വ്യക്തമായ സമീപനം”: ബിനോയ് വിശ്വം എംപി
നവംബർ മുതൽ ഈ രീതിയിൽ അരിയെടുക്കാനും കേന്ദ്രം വിലക്കേർപ്പെടുത്തി. 78 ലക്ഷം കാർഡ് ഉടമകൾ ഉണ്ടായപ്പോഴാണ് കേന്ദ്രം വർഷം 14.25 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യം നിശ്ചയിച്ചത്. നിലവിൽ 94 ലക്ഷം കാർഡ് ഉടമകൾ കേരളത്തിൽ ഉണ്ട്. മഞ്ഞ പിങ്ക് റേഷൻ കാർഡുകാരെ മാറ്റിനിർത്തിയാൽ 52.76 ലക്ഷം കുടുംബങ്ങൾക്കും കേന്ദ്രമാനദണ്ഡപ്രകാരം റേഷന് അർഹതയില്ല. റേഷൻ അരി വിതരണം പരിമിതപ്പെടുത്തുകയായിരുന്നു ബിജെപി സർക്കാർ. രണ്ടര ലക്ഷം മെട്രിക് ടൺ അരിയാണ് ഇത്തരത്തിൽ കുറച്ചത്. ഇത് പുനസ്ഥാപിക്കണമെന്ന് സംസ്ഥാന സർക്കാർ നിരവധി തവണ ആവശ്യപ്പെട്ടിട്ടും തയ്യാറാകാത്ത കേന്ദ്രമാണ്, വോട്ടുറപ്പിക്കാൻ ഭാരത് അരിയുമായി രംഗത്തെത്തിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here