വഞ്ചനാ കേസിൽ നടി അമല പോളിന്റെ മുൻ പങ്കാളി ഭവിന്ദർ സിങ്ങിന്റെ ജാമ്യം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ഉടൻ അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങാൻ ഭവീന്ദറിനോട് കോടതി ആവശ്യപ്പെട്ടു. അമല പോളിന്റെ ഹർജിയിലാണ് നടപടി. ഉപാധികളില്ലാതെയുള്ള ജാമ്യം കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് ജസ്‌റ്റിസ് സി വി കാർത്തികേയൻ നിരീക്ഷിച്ചു.
ഗുരുതര ആരോപണങ്ങളാണ് മുൻ പങ്കാളിക്കെതിരെ നടി ഉന്നയിച്ചിരിക്കുന്നത്. ഭവിന്ദറും കുടുംബവും തന്റെ സ്വത്ത് തട്ടിയെടുത്തെന്നും, മാനസികമായി പീഡിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി അമല പോൾ കഴിഞ്ഞവർഷം പരാതി നൽകിയിരുന്നു. ഭവിന്ദർ സിങ്ങും കുടുംബവും പണവും സ്വത്തും തട്ടിയെടുത്തെന്നും മാനസികമായി പീഡിപ്പിച്ചെന്നും താരം ആരോപിച്ചു. ഒരുമിച്ചുണ്ടായിരുന്ന കാലത്തെ അടുപ്പം മുതലെടുത്താണ് വഞ്ചിച്ചത്. നടിയുടെ പരാതിക്ക് പിന്നാലെ ഭവിന്ദർ സിങ്ങിനെ തമിഴ്‌നാട് പോലീസ് അറസ്റ്റു ചെയ്തിരുന്നു. തുടർന്ന് ഭവിന്ദറിന് വില്ലുപുരം മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ആദ്യഭർത്താവ് എഎൽ വിജയുമായി പിരിഞ്ഞശേഷമാണ് അമല പോൾ ഭവിന്ദറുമായി അടുത്തത്. ലിവിങ് റിലേഷനിലായിരുന്നു ഇരുവരും. എന്നാൽ ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായതോടെ പിരിയുകയായിരുന്നു. ശേഷം അമല ജഗത് ദേശായിയെ വിവാഹം ചെയ്തു. ഇപ്പോൾ അമ്മയാവാനുള്ള കാത്തിരിപ്പിലാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here