എസ്ബിഐ എടിഎമ്മില്‍ പണം നിറയ്ക്കുന്നതിനിടെ ബൈക്കിലെത്തിയ സംഘം സെക്യൂരിറ്റി ജീവനക്കാർക്ക് നേരെ വെടിവെച്ച് പണം കവർന്നു. 93 ലക്ഷം രൂപയാണ് കവർന്നത്. ബൈക്കിലെത്തിയ ആയുധധാരികൾ രണ്ട് സുരക്ഷാ ജീവനക്കാർക്ക് നേരെ വെടിവെക്കുകയായിരുന്നു. വെടിയേറ്റ ഒരു സെക്യൂരിറ്റി ഗാർഡ് മരിച്ചു. മറ്റൊരാൾക്ക് പരുക്കേറ്റു. വ്യാഴാഴ്ച രാവിലെ കർണാടകയിലെ ബിദാര്‍ ജില്ലാ ആസ്ഥാനത്തായിരുന്നു സംഭവം.
ഗിരി വെങ്കിടേഷ് ആണ് മരിച്ചവതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പരുക്കേറ്റ ശിവകുമാർ എന്നയാൾ ബിദാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (ബിംസ്) ചികിത്സയിലാണ്. സിഎംഎസ് ഏജന്‍സിയിലെ ജീവനക്കാരാണ് ഇവര്‍. തിരക്കേറിയ ശിവാജി ചൗക്കിലെ എടിഎമ്മില്‍ പണം നിറയ്ക്കാന്‍ എത്തിയപ്പോൾ രാവിലെ 11.30ന് ആയിരുന്നു സംഭവം.
Read Also: പത്തനംതിട്ട പീഡനക്കേസ്; ഇതുവരെ അറസ്റ്റിലായത് 52 പേര്‍, ആകെ 60 പ്രതികള്‍
കൊള്ളക്കാര്‍ എട്ട് റൗണ്ട് വെടിയുതിര്‍ത്തു. സംഭവത്തിന് തൊട്ടുപിന്നാലെ, പൊലീസ് സ്ഥലത്തെത്തി സമീപത്തുള്ള എല്ലാ റോഡുകളും ബന്തവസ്സാക്കി. കുറ്റവാളികളെ പിടികൂടാന്‍ പൊലീസ് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചു. നാട്ടുകാർ സംഘടിച്ച് കവർച്ചക്കാർക്ക് നേരെ കല്ലെറിഞ്ഞ് പിടികൂടാൻ ശ്രമിച്ചെങ്കിലും പണപ്പെട്ടിയുമായി കടന്നുകളയുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here