മുഖംമൂടി ധരിച്ചെത്തിയ അക്രമികളുടെ വെടിയേറ്റത് ജീപ്പ് ഡ്രൈവറായ സന്തോഷ് സിംഗിന്റെ വയറിലാണ്. എന്നാല്‍ തന്നെ വിശ്വസിച്ച് വാഹനത്തില്‍ കയറിയവരുടെ ജീവന് വേണ്ടി വേദന കടിച്ചുപിടിച്ച് കിലോമീറ്ററുകളോളം വണ്ടിയോടിച്ച് അദ്ദേഹം ഇപ്പോള്‍ ഹീറോ ആയിരിക്കുകയാണ്.ബിഹാറിലെ ബോജ്പൂര്‍ സ്വദേശിയാണ് സന്തോഷ്. 15 പേരോളം അദ്ദേഹത്തിന്റെ ജീപ്പിലുണ്ടായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. ഒരു തിലക് ചടങ്ങ് കഴിഞ്ഞ് മടങ്ങുന്ന സംഘമാണ് സന്തോഷിന്റെ ജീപ്പിലുണ്ടായിരുന്നത്.
പ്രാദേശിക ജീപ്പ് ഡ്രൈവറായ സന്തോഷിന്റെ ജീപ്പിനെ പിന്തുടര്‍ന്ന് മോട്ടോര്‍ സൈക്കിളിലെത്തിയ ആക്രമികള്‍ നിറയൊഴിച്ചു. ശക്തമായി രക്തം ഒലിക്കുന്നതിനിടയിലും കഠിനമായ വേദനയിലും തന്റെ ധൈര്യം അദ്ദേഹം കൈവിട്ടില്ല. ജുവാന്‍ ഗ്രാമത്തിനടുത്താണ് സംഭവം. വെടിവെച്ച ശേഷം അക്രമികള്‍ ജീപ്പിനെ പിന്തുടര്‍ന്നെങ്കിലും സന്തോഷ് ധൈര്യം കൈവിട്ടില്ല. ഇരുട്ടിലൂടെ വാഹനം നിര്‍ത്താതെ ഓടിച്ച സന്തോഷ് യാത്രികരെ കൃത്യമായി സുരക്ഷിതമായ ഇടത്തിലെത്തിച്ചു. തുടര്‍ന്ന് യാത്രക്കാര്‍ പൊലീസില്‍ വിവരം അറിയിക്കുകയും സന്തോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. നിലവില്‍ അപകടനില അദ്ദേഹം തരണം ചെയ്‌തെങ്കിലും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
സന്തോഷിന്റെ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതേ ദിവസം അക്രമികള്‍ മറ്റൊരു വാഹനത്തെയും ലക്ഷ്യമിട്ടിരുന്നതായി വിവരമുണ്ട്. സംഭവത്തെ തുടര്‍ന്ന് കടുത്ത പ്രതിഷേധം ഉയര്‍ന്നുവരുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here