ബിഹാർ പി എസ് സി ചോദ്യപേപ്പർ അട്ടിമറിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പോലീസ് നടപടിയിൽ വ്യാപക വിമർശനം. ബിജെപിയുടെ ഇരട്ട എൻജിൻ സർക്കാരുകൾ യുവാക്കളോട് കാണിക്കുന്നത് മനുഷ്യത്വരഹിതമായ സമീപനമെന്ന് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. വിദ്യാർത്ഥികളുടെ ഭാവി വച്ച് സർക്കാർ കളിക്കരുതെന്ന് ആവശ്യപ്പെട്ട് തേജസ്വി യാദവ് നിതീഷ് കുമാറിന് കത്ത് അയച്ചു.
ബിഹാർ പി എസ് സി ചോദ്യപ്പേപ്പറിൽ അട്ടിമറി നടന്നെന്നും പുനപരീക്ഷ നടത്തണമെന്നും ആവശ്യപ്പെട്ട് ആയിരത്തിലധികം ഉദ്യോഗാർത്ഥികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പാട്നയിലെ ഗാന്ധി മൈതാനിയിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പോലീസ് ജലപീരങ്കിയും ലാത്തിച്ചാർജും പ്രയോഗിച്ചു. തുടർന്ന് പ്രതിഷേധം അക്രമാസക്തമാവുകയായിരുന്നു.
Also read; നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡൻ്റ് അനുമതി നൽകി
പ്രതിഷേധത്തിൽ പങ്കെടുത്ത 700 പേർക്കെതിരെ പോലീസ് കേസെടുത്തു. പ്രതിഷേധത്തിന് പിന്നിൽ ജൻസൂരജ് പാർട്ടി അധ്യക്ഷൻ പ്രശാന്ത് കിഷോർ ആണെന്നും പോലീസ് ആരോപിച്ചു. ഇയാൾക്കെതിരെയും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നുവന്നത്. ബീഹാർ സർക്കാർ ജനാധിപത്യത്തെ ലാത്തി ഉപയോഗിച്ചില്ലാതാക്കുകയാണെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു. കൊടുംതണുപ്പിൽ യുവാക്കൾക്ക് നേരെ ലാത്തിച്ചാർജ് നടത്തുന്നത് മനുഷ്യത്വരഹിതമാണെന്നും ബിജെപിയുടെ ഇരട്ട എൻജിൻ സർക്കാറിന്റെ നയമാണ് ഇതിലൂടെ വ്യക്തമാക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു.
വിദ്യാർത്ഥികളുടെ ഭാവി വച്ച് സർക്കാർ കളിക്കരുതെന്ന് ആവശ്യപ്പെട്ട് ആർ ജെ ഡി നേതാവും പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് മുഖ്യമന്ത്രി നിതീഷ് കുമാറിന് കത്ത് അയച്ചിട്ടുണ്ട്. അതേസമയം സംഭവത്തിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ മൗനം തുടരുകയാണ്. പരീക്ഷയിലെ ക്രമക്കേട് പരിശോധിക്കണമെന്നും മുഖ്യമന്ത്രി നിതീഷ് കുമാർ ഉദ്യോഗാർത്ഥികളുമായി കൂടിക്കാഴ്ച നടത്താൻ തയ്യാറാകണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here