‘പാർട്ടിയുടെ പേരിൽ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചു നൽകിക്കൊണ്ട് വിജയേട്ടന്‍ വിരമിക്കുകയാണ്’, കേരളത്തിനാകെ മാതൃകയായി ഒരു മനുഷ്യൻ

ധാരാളം വിരമിക്കലുകൾ നമ്മൾ കണ്ടിട്ടുണ്ട്. ജോലിയിൽ നിന്ന്, സിനിമാ ലോകത്ത് നിന്ന്, സ്പോർട്സിൽ നിന്ന് തുടങ്ങി ദിവസേന പലരും പടിയിറങ്ങുന്നുണ്ട്. എന്നാൽ നാടിന് വേണ്ടി നന്മയുള്ള ഒരു പ്രവൃത്തി ചെയ്ത് വിരമിക്കാൻ അധികമാർക്കും കഴിയില്ല. അത്തരത്തിൽ മാതൃകാപരമായ ഒരു വിരമിക്കൽ നൽകിയ വിജയൻ മുത്തത്തി എന്ന മനുഷ്യനെ കുറിച്ചുള്ള ബിജു മുത്തത്തിയുടെ ഒരു കുറിപ്പാണ്‌ ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ALSO READ: ‘ആടുജീവിതം ഞാൻ ചെയ്യാനിരുന്ന സിനിമ, എന്നാൽ എന്റെ നായകൻ മറ്റൊരാൾ, പക്ഷെ ബെന്യാമിൻ പറഞ്ഞ ആ കാര്യത്തിൽ പിശകുണ്ട്’, ലാൽ ജോസ്

കെ എസ് ഇ ബിയുടെ ഓവര്‍സിയര്‍ തസ്തികയില്‍ നിന്നും വിരമിക്കുന്ന വിജയൻ മുത്തത്തി പാർട്ടിയുടെ പേരിൽ നാടിന് ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചു നൽകിയിരിക്കുകയാണ്. ഭൂതകാലത്തിൽ അത്തരമൊരു ഇടം നാട്ടിൽ ഇല്ലാത്തതിന്റെ പ്രശ്നങ്ങളും ആവശ്യകതയും മുന്നില്കണ്ടുകൊണ്ട് തന്നെയാണ് വിജയൻ ഇത്തരത്തിൽ ഒരു ബസ് സ്റ്റോപ്പ് നിർമിച്ചു നൽകാൻ തീരുമാനിച്ചത്.

ബിജു മുത്തത്തിയുടെ കുറിപ്പ് വായിക്കാം

വിജയേട്ടന്‍ വിരമിക്കുകയാണ്. കേരളത്തിനാകെ വെളിച്ചം നല്‍കുന്ന ഒരു പ്രസ്ഥാനത്തിന്‍റെ ഓവര്‍സിയര്‍ തസ്തികയില്‍ നിന്നും; വിരമിക്കാത്ത നന്മയുടെ വെളിച്ചമായിക്കൊണ്ട്. ഞങ്ങളുടെ ഗ്രാമത്തിലെ പാര്‍ട്ടിയുടെ പേരില്‍ നല്ലനിലയിലുള്ളൊരു ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മ്മിച്ചു നല്‍കിക്കൊണ്ടാണ് വിജയേട്ടന്‍ തന്‍റെ വിരമിക്കല്‍ ആഘോഷിക്കുന്നത്. എത്ര മനോഹരം ഇങ്ങനെയൊരു ആശയമെന്ന് പറയേണ്ടതില്ലല്ലോ. വിജയേട്ടന്‍ കെഎസ്ഇബിയില്‍ കയറുന്നതിനു മുമ്പ് തയ്യല്‍ക്കാരനായിരുന്നു. നാട്ടിലെ ഞങ്ങളുടെ കലാസമിതിയുടെയും വായനാശാലയുടെയും നെടുന്തൂണായിരുന്നു. നാടകനടനായിരുന്നു. നല്ല വായനയും ചിന്തയും എല്ലാത്തിനുമപ്പുറം മനുഷ്യസ്നേഹവും നിറഞ്ഞ പോരാളിയായിരുന്നു. ഏറ്റവും ഉച്ചത്തില്‍ വിജയേട്ടന്‍ മുദ്രാവാക്യം വിളിക്കുന്നത് കേട്ട് കൂടെയെത്താന്‍ വിളിച്ചു തുടങ്ങിയ ബാല്യവും കൗമാരവുമാണ് ഞങ്ങളുടേത്.

ALSO READ: ‘ഡിപ്രഷൻ വരുന്ന രോഗികൾക്ക് മരുന്നായി സൈക്കാട്രിസ്റ്റ് നിർദേശിക്കുന്ന ആ മമ്മൂട്ടി ചിത്രം’, രഞ്ജിത്ത് ശങ്കർ പറയുന്നു

ഞങ്ങളുടെ ഒരു കാലത്തിന്‍റെ അത്താണിയായിരുന്നു പ‍ഴയ വിജയ ടൈലേര്‍സ്. നാടിന്‍റെ ഓരോ ചലനവും അവിടെയറിഞ്ഞു; അവിടെ നിന്ന് നിയന്ത്രിക്കപ്പെട്ടു. ടി വി ചന്ദ്രന്‍റെ ‘ഓര്‍മകള്‍ ഉണ്ടായിരിക്കണം ‘ എന്ന സിനിമയിലെ മമ്മൂട്ടിയുടെ കമ്മ്യൂണിസ്റ്റുകാരനായ ടൈലര്‍ ഭാസിയുടെ വേറൊരു പതിപ്പുപോലെയായിരുന്നു വിജയേട്ടന്‍‍. തയ്യലൊ‍ഴികെയുള്ള എല്ലാം അവിടെ നടന്നു. കലയും രാഷ്ട്രീയവും മനുഷ്യരുടെ സ്നേഹവും കൂട്ടയ്മയും എല്ലാം. പക്ഷേ ജീവിതം എവിടെയും കൂട്ടിത്തുന്നിയൊപ്പിക്കാനാവാതെ വന്നപ്പോള്‍ അയാള്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ട അവസാനത്തെ പിടിവള്ളിയായിരുന്നു കെഎസ്ഇബി മസ്ദൂര്‍ പരീക്ഷ. വിജയേട്ടന്‍ ഇലക്ട്രിക് പോസ്റ്റിൽ നിന്ന് ലോകത്തെ കണ്ടുതുടങ്ങിയപ്പോൾ തയ്യൽക്കടയ്ക്ക് താഴുവീണു. ഞങ്ങളുടെ തലമുറയും പയറുവള്ളികള്‍ പോലെ എങ്ങോട്ടെല്ലാമോ പടര്‍ന്നു. വിജയേട്ടൻ ഗ്രാമഗ്രാമാന്തരങ്ങളിലൂടെ സ്നേഹത്തിന്‍റെയും സൗഹാര്‍ദ്ദത്തിന്‍റെയും ലൈനുകൾ വലിക്കുന്നത് വളരെ ദൂരെ നിന്നും ഞങ്ങളറിഞ്ഞു. അയാളുടെ നെടുങ്കൻ മുദ്രാവാക്യങ്ങള്‍ ട്രേഡ് യൂനിയന്‍ രംഗത്ത് ഉയര്‍ന്നു കേട്ടു. നെല്ലും പച്ചക്കറിയുമായി അയാളുടെ കാര്‍ഷികപ്പെരുമകള്‍ക്ക് നാട്ടുഗ്രൂപ്പുകളിൽ നിരവധി ലൈക്കുകൾ വീണു.

അങ്ങനെ ഇന്നലെയെന്ന പോലെ രണ്ടു ദശകങ്ങൾ കഴിഞ്ഞുവെന്ന് ഓർമ്മിപ്പിക്കാനും ഇങ്ങനെയൊരു ബസ് കാത്തിരിപ്പ് കേന്ദ്രം തന്നെയാണ് നല്ലത്. ഒരു ബസ് എപ്പോഴും എല്ലാവരും കാത്തിരിക്കുന്നുണ്ട്. രാജിയും ഒരു പ്രവർത്തനമാണെന്ന് പണ്ട് എം എൻ വിജയൻ പറഞ്ഞിട്ടുണ്ട്. വിരമിക്കലും ഒരു പ്രവർത്തനമാണെന്ന് ഈ എം എം വിജയൻ പറയുന്നു.

വിജയേട്ടന് സ്നേഹാഭിവാദ്യങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News