ബിജു മുത്തത്തി
”എങ്ങു മനുഷ്യനു ചങ്ങല കൈകളിലങ്ങെന്‍
കൈയ്യുകള്‍ നൊന്തീടുന്നു”-
എന്ന കവിവാക്യത്തിന്‍റെ സമരരൂപമാണ് എകെജി എന്ന ആയില്യത്ത് കുറ്റ്യേരി ഗോപാലന്‍. ലോകത്തെവിടെയാലും മര്‍ദ്ദിതന്‍റെയും പീഡിതന്‍റെയും വേദനകളെ ഇതുപോലെ സ്വന്ത ഹൃദയത്തിലേറ്റിയൊരു നേതാവില്ല.
എകെജി കൊടുങ്കാറ്റാവാത്ത ജനപദങ്ങളോ ജനിവിഭാഗങ്ങളോ ഇല്ല കേരളത്തില്‍. മുപ്പതുകളിലെ നിയമലംഘന സമരങ്ങളും അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരായ സമരങ്ങളും തൊട്ട്, ഗുരുവായൂര്‍ സത്യാഗ്രഹവും പട്ടിണി ജാഥയും തിരുവിതാകൂര്‍ ജാഥയും പാറപ്രം സമ്മേളനവും പിന്നിട്ട്, നിരന്തരമായ ജയില്‍ വാസവും പിന്നെ ജയില്‍ ചാട്ടവും അനന്തമായ ഒളിവു കാലങ്ങളും നിറഞ്ഞ ഒരു പൂര്‍ണ്ണ വിപ്ലവ ജീവിതമാണ് എകെജി.
തടവറകളും കോടതിമുറികളും വരെ എകെജിക്ക് സമരമുഖങ്ങളായിരുന്നു. 1951-ല്‍ മദ്രാസ് ഹൈക്കോടതിയില്‍ നേരിട്ടെത്തി വാദിച്ചാണ് എകെജി കരുതല്‍ തടങ്കലിനെതിരെ അനുകൂല വിധി നേടിയത്. ഇന്ത്യന്‍ നിയമചരിത്രത്തിലെ തന്നെ അത്യപൂര്‍വ അധ്യായങ്ങളിലൊന്നാണത്.
1952-ല്‍ എകെജി കണ്ണൂരില്‍ നിന്ന് പാര്‍ലമെന്‍റിലെത്തി. പാര്‍ലമെന്‍റിലെ പ്രതിപക്ഷ ഗ്രൂപ്പിന്‍റെ നേതാവായി. പാര്‍ലമെന്‍റിലെ എകെജിയുടെ ശബ്ദം ‘ഒരു ജനതയുടെ ശബ്ദ’മാണെന്ന് പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു തന്നെ ഉറക്കെപ്പറഞ്ഞു. 1959-ല്‍ ഇഎംഎസ് മന്ത്രിസഭയെ അട്ടിമറിച്ച ജനാധിപത്യ ധ്വംസനത്തിനെതിരായ ആ ജനശബ്ദം പാര്‍ലമെന്‍റില്‍ എകെജിയായി ആളിക്കത്തിയപ്പോള്‍ നെഹ്രുവും നിശബ്ദനായി.
1956-ല്‍ മഹാഗുജാറാത്ത് പ്രക്ഷോഭവും 58-ല്‍ പഞ്ചാബിലെ അഭിവൃദ്ധി നികുതി സമരവും നയിച്ച എകെജി വടക്കേ ഇന്ത്യയെയും പിടിച്ചുകുലുക്കി. അമരാവതി തൊട്ട് കൊട്ടിയൂര്‍ വരെയുള്ള കുടിയിറക്കു വിരുദ്ധ സമരങ്ങളിലും മിച്ചഭൂമി സമരങ്ങളിലും എകെജി തന്നെയായിരുന്നു ആവേശവും ആശ്വാസവും. എകെജിയിറങ്ങിയാല്‍ ജനങ്ങളും കൂടെയിറങ്ങും. ജനങ്ങളിറങ്ങിയാല്‍ എകെജിയും.
1964-ല്‍ അമേരിക്കയുടെ യുദ്ധഭ്രാന്തില്‍ ഞെരിഞ്ഞമര്‍ന്ന വിയറ്റ്നാം സഹോദരങ്ങളെ സഹായിക്കാനായി എകെജി തോളത്തിട്ട തോര്‍ത്തുമുണ്ട് ഒന്നു നിവര്‍ത്തിപ്പിടിച്ചതേയുള്ളൂ. ജനങ്ങള്‍ ചൊരിഞ്ഞത് ലക്ഷങ്ങളാണ്.
അടിയന്തരാവസ്ഥാക്കാലത്ത് രോഗക്കിടക്കയില്‍ നിന്നും ചാടിയെഴുന്നേറ്റു വന്ന് ഇന്ദിരാഗാന്ധിയുടെ സമഗ്രാധികാരത്തിനെതിരെ സമരം നയിച്ചു. 1977 മാര്‍ച്ച് 22ന് ഏറ്റവും അവസാനമായി കേട്ടതും ആ ഏകാധിപത്യത്തിന്‍റെ പതനമായിരുന്നു. ഒരു ജനനേതാവിന് കാലം നല്‍കിയ ഏറ്റവും സാര്‍ത്ഥകമായ യാത്രാമൊഴി!
എകെജി ഓര്‍മ്മയായി നാല്‍പത്തിയേഴു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ മറ്റൊരു സമഗ്രാധികാര വാഴ്ചയ്ക്കെതിരായ പോരാട്ടത്തിലാണ് രാജ്യം.
ഹിന്ദുത്വ ഫാസിസത്തിന്‍റെ അന്ത്യം കുറിക്കാനുള്ള തെരഞ്ഞെടുപ്പ് പോരാട്ടം. അവിടെ എകെജിയുടെ ഓര്‍മ്മയും ആപത്തുകാലത്തു കൈയ്യെത്തിയെടുക്കാവുന്ന ഒരു പടവാളാണ്.
പതിതരുടെ പോരാട്ടത്തിന്‍റെ ചുരുക്കെഴുത്ത്;
ഏതുകാലത്തും ചരിത്രത്തില്‍ മറ്റൊരു പേരു കേള്‍ക്കുമ്പോഴും അറിയാത്ത സമരപുളകങ്ങളാണ് നമ്മള്‍ എകെജി എന്ന് കേള്‍ക്കുമ്പോള്‍ ഹൃദയത്തിലറിയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here