ബിജു മുത്തത്തിയുടെ ‘മനിതര്‍കാലം’ വായനക്കാരിലേക്ക്; കെകെ ശൈലജ ടീച്ചർ പുസ്തകം പ്രകാശനം ചെയ്തു

MANITHAR KAALAM

കൈരളി ന്യൂസിന്റെ ന്യൂസ് എഡിറ്റർ ബിജു മുത്തത്തിയുടെ ‘മനിതർകാലം’ വായനക്കാർക്ക് സമർപ്പിച്ചു. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കെകെ ശൈലജ ടീച്ചർ എംഎൽഎ പുസ്തകം പ്രകാശനം ചെയ്തു. എ‍ഴുത്തുകാരനും കോളമിസ്റ്റുമായ എന്‍ഇ സുധീര്‍ പുസ്തകം ഏറ്റുവാങ്ങി. ഡോ. ജോൺ ബ്രിട്ടാസ് എംപി പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്തു. കഥാകൃത്തും കേരള ബുക്ക്മാർക്ക് സെക്രട്ടറിയുമായ എബ്രഹാം മാത്യു ചടങ്ങിൽ അധ്യക്ഷനായിരുന്നു.

മാതൃഭൂമി ബുക്ക്‌സാണ് പുസ്തകത്തിന്റെ പ്രസാധകർ. കൈരളി ന്യൂസില്‍ ബിജു മുത്തത്തി അവതരിപ്പിച്ചിരുന്ന ‘കേരള എക്‌സ്പ്രസി’ൽ നിന്നും തെരഞ്ഞെടുത്ത ജീവിത കഥകളുടെ വ്യത്യസ്തമായ പുനരാവിഷ്കാരമാണ് മനിതർകാലം. എ‍ഴുത്തുകാരനായ ബിജു മുത്തത്തി കൈരളി ന്യൂസില്‍ ന്യൂസ്എഡിറ്ററും കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയുമാണ്.

കൊവിഡിന് മുമ്പുവരെ മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ എല്ലാ ആഴ്ചയും മുടങ്ങാതെ കാത്തിരുന്ന തീവണ്ടിയാണ് കൈരളി ന്യൂസില്‍ ബിജു മുത്തത്തി അവതരിപ്പിച്ചിരുന്ന ‘കേരള എക്‌സ്പ്രസ്’. റെയില്‍പ്പാളങ്ങളിലൂടെ മാത്രമല്ല പാളങ്ങളില്ലാത്ത അപരിചിത വ‍ഴികളിലൂടെയെല്ലാം സഞ്ചരിച്ച് ഒരു പതിറ്റാണ്ടു കാലവും അഞ്ഞൂറ് എപ്പിസോഡും പൂര്‍ത്തിയാക്കി പിന്‍വാങ്ങിയ കേരള എക്സ്പ്രസ് മലയാളത്തിലെ ന്യൂസ് ടെലിവിഷനില്‍ ഏറ്റവും കൂടുതല്‍ കാലം സംപ്രേഷണം ചെയ്ത പരിപാടികളില്‍ ഒന്നാണ്.

ALSO READ; പി ജയചന്ദ്രൻ: മലയാളി ഹൃദയം ചേര്‍ത്തു പാടിയ അതിധന്യമായൊരു നാദോപസന

അഞ്ചുതവണ സംസ്ഥാന സര്‍ക്കാരിന്‍റെയും രണ്ടുതവണ കേരള നിയമസഭയുടെയും ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങളാണ് കേരള എക്സ്പ്രസ് കരസ്ഥമാക്കിയത്. മലയാളിയുടെ ഓര്‍മകളില്‍ ഇപ്പോ‍ഴും ചൂളം കുത്തിപ്പായുന്ന ആ പരിപാടിയിലൂടെ പ്രേക്ഷകഹൃദയത്തില്‍ ഇടം നേടിയ മറക്കാനാവാത്ത കഥകളാണ് ഇപ്പോള്‍ മാതൃഭൂമി ബുക്സ് പുറത്തിറക്കിയ ബിജു മുത്തത്തിയുടെ ‘മനിതര്‍കാലം’. കഥകള്‍ പോലെ വായിക്കാവുന്ന മനോഹരമായ ഈ ജീവിതകഥാപുസ്തകം മലയാളത്തിലെ സര്‍ഗാത്മക മാധ്യമപ്രവര്‍ത്തനത്തിന്‍റെ ഏറ്റവും മികച്ച മാതൃകകളില്‍ ഒന്നാണ്.

‘വളരെ ചെറിയൊരു സംസ്ഥാനമാണെങ്കിലും വൈവിധ്യങ്ങളും ബഹുസ്വരതയും കൊണ്ട് വേറിട്ടു നില്‍ക്കുന്ന ഗ്രാമങ്ങളും പ്രതിഭാധനരായ പലതരത്തിലുള്ള മനുഷ്യരെയും കൊണ്ട് സമൃദ്ധമായ കേര‍ളത്തിന്‍റെ വേറൊരു പരിച്ഛേദമാണ് ഈ പുസ്തകം. സാധാരണക്കാര്‍ മാത്രമല്ല, സാധാരണക്കാരിലും സാധാരണക്കാരായ മനുഷ്യരാണ് ഈ പുസ്തകത്തില്‍ കൂടുതലും. പലപ്പോ‍ഴും നമ്മുടെ മുഖ്യധാരാ കാഴ്ചകളിലൊന്നും അധികം കാണാത്ത മനുഷ്യര്‍. അദൃശ്യരായ ആ മനുഷ്യരെ കണ്ടെത്താനുള്ള കണ്ണാണ് ഞാന്‍ ഇവിടെ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നത്’- എ‍ഴുത്തുകാരനായ ബിജു മുത്തത്തി പറയുന്നു.

സ്ത്രീജീവിതത്തിന്‍റെ ചെറുത്തുനില്‍പ്പിന്‍റെയും അതിജീവനത്തിന്‍റെയും തുരുത്തുകളായ നാല്‍പ്പതു സ്ത്രീകളെ പരിചയപ്പെടുത്തിയ ലേഡീസ് കംപാര്‍ട്മെന്‍റാണ് ബിജു മുത്തത്തിയുടെ ആദ്യ പുസ്തകം. മൂന്നാം പതിപ്പുമായി ആ പുസ്തകം വായനക്കാരുടെ കൈകകളിലൂടെ യാത്ര തുടരവേയാണ് മറ്റൊരു കംപാര്‍ട്ടുമെന്‍റ് കൂടി പുറത്തുവരുന്നത്. കൈരളിയിലെ ഗ്രാഫിക്സ് ആര്‍ടിസ്റ്റായ കിരണ്‍ ഗോവിന്ദിന്‍റേതാണ് പുസ്തകത്തിന്‍റെ രൂപകല്‍പ്പനയും ചിത്രീകരണവും. ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും പ്രകാശനം ചെയ്യപ്പെട്ട പുസ്തകക്കവര്‍ വളരെ വേഗം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു.

ALSO READ; സ്വതന്ത്രമാധ്യമങ്ങള്‍ നിലനില്‍പ്പിനായി വെല്ലുവിളി നേരിടുന്ന സമയം; അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ചിന്തകളുടെ കെട്ട‍ഴിച്ച് പി സായ്‌നാഥ്

കെ പി കുമാരന്‍, സുനില്‍ പി ഇളയിടം, ടി ഡി രാമകൃഷ്ണന്‍, ഇന്ദ്രന്‍സ്, പി ജയരാജന്‍, എന്‍ പ്രഭാകരന്‍, അശോകന്‍ ചരുവില്‍, ഇര്‍ഷാദ്, ദീദി ദാമോദരന്‍, ഡോ. ബിജു, ബി കെ ഹരിനാരായണന്‍, വി കെ സനോജ്, കരിവള്ളൂര്‍ മുരളി, പി വി ഷാജികുമാര്‍, പി എന്‍ ഗോപികൃഷ്ണന്‍, ടി വി രാജേഷ്, മനോജ് കാന, ഷെറി, സുധാമേനോന്‍, വികെ ജോസഫ്, സുനിതാ ദേവദാസ്, ബഷീര്‍ വള്ളിക്കുന്ന്, പി പി കുഞ്ഞികൃഷ്ണന്‍, മനോജ് കെ യു, ഞെരളത്ത് ഹരിഗോവിന്ദന്‍, ഇ പി രാജഗോപാലന്‍, മനീഷ് നാരായണന്‍, ശില്പി ഉണ്ണി കാനായി, എംഎസ് ബനേഷ്, ശ്രീജിത്ത് ദിവാകരന്‍, സോണിയ ചെറിയാന്‍, നിസാംസെയ്ദ്, കാതല്‍ സുധി, നിധീഷ് നടേരി, വൈശാഖ് സുഗുണൻ, മന്ത്രി ആർ ബിന്ദു, എൻ പി ഉല്ലേഖ്, പ്രിയനന്ദനൻ, സജിൻ ബാബു, ദീപേഷ് ടി, കെ ബി വേണു തുടങ്ങി നിരവധി പേർ കവര്‍ പ്രകാശനത്തില്‍ പങ്കെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News