സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് പ്രായപരിധി നിശ്ചയിക്കാന്‍ അമേരിക്കന്‍ സെനറ്റില്‍ കുട്ടികളെ സംരക്ഷിക്കുന്നതിനായുള്ള ബില്‍. ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ടിക് ടോക്ക് തുടങ്ങിയ സമൂഹ മാധ്യമ ആപ്പുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് 13 വയസ്സിന് താഴെയുള്ളവരെ തടയുന്ന ബില്‍ കൊണ്ടുവരുന്നതായി ഒരു അന്തര്‍ദേശീയ മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൗമാരക്കാര്‍ക്കായി അക്കൗണ്ടുകള്‍ സൃഷ്ടിക്കുന്നതിന് മുമ്പ് ടെക് കമ്പനികള്‍ മാതാപിതാക്കളുടെ സമ്മതം വാങ്ങണമെന്നും ബില്ലില്‍ നിര്‍ദ്ദേശിക്കുന്നു .
സാമൂഹിക മാധ്യമങ്ങള്‍ കുട്ടികളില്‍ സൃഷ്ടിക്കുന്ന മാനസികാരോഗ്യ പ്രതിസന്ധി പരിഹരിക്കാനാണ് ബില്ലിലൂടെ ശ്രമിക്കുന്നത് എന്നാണ് വിശദീകരണം. എന്നാല്‍ സമൂഹ മാധ്യമ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാതെ തന്നെ ഉള്ളടക്കം കാണാന്‍ കഴിയുമെന്നും ബില്ലില്‍ പറയുന്നു. ഇത് കൗമാരക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ പരസ്യത്തിലൂടെയോ ലക്ഷ്യം വെക്കുന്നതില്‍ നിന്നും കമ്പനികളെ വിലക്കും.
സമൂഹ മാധ്യമ പ്രശ്നങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ഉടന്‍ ഇടപെടണമെന്ന് ബില്ലിന്റെ ശില്പികളിലൊരാളായ ഹവായ് ഡെമോക്രാറ്റിക് സെനറ്റര്‍ ബ്രയാന്‍ ഷാറ്റ്സ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ‘കുട്ടികളെ ആകുലപ്പെടുത്തുകയും ഭീതിപ്പെടുത്തുകയും നിസഹയരാക്കുകയും ചെയ്ത് കൂടുതല്‍ സമയം സമൂഹ മാധ്യമങ്ങളില്‍ തളച്ചിട്ട് കൂടുതല്‍ ലാഭം കൊയ്യാനാണ് കമ്പനികള്‍ ശ്രമിക്കുന്നതെന്നും ബ്രയാന്‍ ഷാറ്റ്സ് കുറ്റപ്പെടുത്തി. ഷാറ്റ്സിന് പുറമേ സെനറ്റര്‍മാരായ ക്രിസ് മുര്‍ഫി, കാത്തി ബ്രിട്ട് എന്നിവരും ബില്ലിനെ പിന്‍താങ്ങി.
57 ശതമാനം ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികളും 29 ശതമാനം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളും ദുഃഖമോ നിരാശയോ അനുഭവിക്കുന്നതായി 2021ല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍സ് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. മറ്റു പഠനങ്ങളും സമൂഹമാധ്യമങ്ങള്‍ കൗമാരക്കാരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതായി കണ്ടെത്തിയിരുന്നു. കൗമാരക്കാരിലെ മാനസികാരോഗ്യ വൈകല്യങ്ങളുടെയും മുതിര്‍ന്നവരിലെ വിഷാദത്തിന്റെയും വര്‍ദ്ധനവിന് സോഷ്യല്‍ മീഡിയയുമായി ബന്ധമുണ്ടെന്ന് മറ്റ് പഠനങ്ങളും അഭിപ്രായപ്പെടുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here