സനാതന ധർമ്മത്തിന്‍റെ മറവിൽ ചാതുർവർണ്യത്തെ മഹത്വവൽക്കരിക്കാൻ ഉള്ള ബിജെപി നീക്കം സത്യധർമ്മങ്ങൾക്ക് നിരക്കാത്തതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ‘മതമേതായാലും മനുഷ്യൻ നന്നായാൽ മതി’യെന്ന് ഉത്ഘോഷിച്ച ശ്രീനാരായണ ഗുരുവിന്‍റെ ചെലവിൽ മതവൈരം വളർത്തി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ബിജെപി നീക്കത്തെ യഥാർത്ഥ ശ്രീനാരായണീയർ പൊറുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
“വാദിക്കാനും ജയിക്കാനും അല്ല, അറിയാനും അറിയിക്കാനും” വേണ്ടി 1924 ൽ സർവ്വമത സമ്മേളനം സംഘടിപ്പിച്ച ഗുരുവിന്റെ സ്മരണ തുടിച്ചു നിൽക്കുന്ന വർക്കല ശിവഗിരി അർത്ഥവത്തായ സംവാദങ്ങളുടെ വേദിയാണ്. അവിടെ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തെ ആ അർത്ഥത്തിലാണ് വിവേകമുള്ള ഏവരും കാണേണ്ടത്.
ALSO READ; ‘ശ്രീനാരായണഗുരുവിനെ സനാതന ധർമ്മത്തിന്റെ വക്താവാക്കാൻ ശ്രമിക്കുന്നത് കരുതിയിരിക്കണം’; മുഖ്യമന്ത്രി
ശ്രീനാരായണ ഗുരുവിൻറെ തലയിൽ അദ്ദേഹത്തിന് തെല്ലും ഇണങ്ങാത്ത ചാതുർവർണ്യത്തിന്റെ തലപ്പാവ് അണിയിക്കാൻ ശ്രമിക്കുന്നവർക്ക് മുഖ്യമന്ത്രിയുടെ പ്രസ്താവന അലോസരം ഉണ്ടാക്കിയേക്കാം. ശ്രീനാരായണഗുരു ഉയർത്തിപ്പിടിച്ച ആശയ സമരത്തിൻറെ സന്ദേശം മനസ്സിലാക്കുകയാണ് അവരെല്ലാം ചെയ്യേണ്ടത്. 1916 ലെ “നമുക്ക് ജാതിയില്ല” വിളംബരത്തിൽ ശ്രീനാരായണഗുരു “നമ്മുടെ സത്യം” അറിയാത്തവരെ പറ്റി പറയുന്നുണ്ട്. അവരുടെ കാൽക്കീഴിൽ ഞെരിഞ്ഞമരേണ്ട ഒന്നല്ല ശ്രീനാരായണ ദർശനം എന്ന വ്യക്തമായ കാഴ്ചപ്പാടോടുകൂടിയാണ് കമ്മ്യൂണിസ്റ്റുകാർ ശിവഗിരി തീർത്ഥാടനത്തെ കാണുന്നത്. ഗുരു ഉപദേശിച്ച പഞ്ചധർമ്മങ്ങൾ; ശരീരം, ആഹാരം, മനസ്സ്, വാക്ക്, പ്രവർത്തി എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള മനുഷ്യന്‍റെ ശ്രേയസ്സാണെന്നും അദ്ദേഹം പറഞ്ഞു.
ALSO READ; ‘മോദി സൂത്രശാലിയായ കുറുക്കൻ’; മുണ്ടക്കൈ- ചൂരൽമല ദുരന്തത്തിലെ കേന്ദ്ര നിലപാടിനെതിരെ ബിനോയ് വിശ്വം
ഇതിന്‍റെ സത്ത ഉൾക്കൊണ്ടു കൊണ്ട് സാമൂഹ്യനന്മക്കും മനുഷ്യപുരോഗതിക്കും വേണ്ടി മുന്നോട്ടുപോവുകയാണ് വർത്തമാനകാലത്തെ ശ്രീനാരായണീയ ധർമ്മം. മനുഷ്യന്‍റെ ഭൗതിക പുരോഗതിക്കും ആത്മീയോന്നതിയ്ക്കും ഒരേപോലെ ഉന്നതമായ സ്ഥാനം ഗുരു കല്പിച്ചിരുന്നു. ഗുരുവിന്‍റെ പാതയിൽ ശ്രീനാരായണീയരുമായി കൈകോർത്ത് നീങ്ങിയവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ എന്നും ഭാവിയിലും അത് അങ്ങനെ തന്നെ ആയിരിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here