ലക്ഷ്യബോധമുള്ള സാമ്പത്തിക-സാമൂഹ്യ വളർച്ചയുടെ രൂപരേഖയാണ് ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജനാധിപത്യം, മതേതരത്വം, ഫെഡറലിസം, സോഷ്യലിസം എന്നീ സമുന്നത ഭരണഘടനാ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതില്‍ കേരള സർക്കാരിന്റെ ഇളകാത്ത പ്രതിബദ്ധത പുതിയ ഗവർണ്ണർ അടിവരയിട്ട് പറഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ അർത്ഥവത്തായി നിലനിർത്തുന്നതില്‍ പുതിയ ഗവർണ്ണർ അവലംബിക്കുന്ന ആരോഗ്യകരമായ സമീപനത്തിന്റെ സൂചനയായി അത് മാറട്ടെ എന്നാണ്, മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍, കേരള ജനത പ്രത്യാശിക്കുന്നത്.എല്ലാവർക്കും ഭൂമി, എല്ലാവർക്കും വീട് എന്നീ ലക്ഷ്യങ്ങളില്‍ കേരള സർക്കാർ കൈവരിച്ച നേട്ടങ്ങള്‍ ഊന്നിപ്പറയുമ്പോള്‍ 1957 ലെ പ്രഥമ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിനെയും സ. എം.എന്‍.ഗോവിന്ദന്‍ നായർ തുടങ്ങിവെച്ച ലക്ഷംവീട് പദ്ധതിയെയുമാണ് ചരിത്രബോധമുള്ള കേരളീയർ ഓർമ്മിക്കുക.
ALSO READ; പി ജയരാജൻ വധശ്രമക്കേസ്; ആർഎസ്എസുകാരായ പ്രതികൾക്ക് വാറണ്ട് അയക്കണമെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ
അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുമെന്ന പരാമർശം എല്‍ഡിഎഫ് സർക്കാരിന്റെ പക്ഷപാതിത്വം വ്യക്തമാക്കുന്ന പ്രഖ്യാപനമാണ്. ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കി മുന്നോട്ട് കുതിക്കുമെന്ന വാഗ്ദാനത്തിലും ഇത് പ്രകടമാണ്.കേരളത്തെ ഒരു വൈജ്ഞാനിക സമൂഹമാക്കുന്നതിനുവേണ്ടിയുള്ള മുന്നേറ്റങ്ങള്‍, കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതികള്‍, സാംക്രമീകരോഗങ്ങളെയും വാർദ്ധക്യപ്രശ്നങ്ങളെയും നേരിടാനുള്ള ആരോഗ്യസംരക്ഷണപരിപാടികള്‍, ഉപഭോക്തൃതാല്‍പര്യസംരക്ഷണ സംവിധാനങ്ങള്‍ എന്നിങ്ങനെ സാമൂഹ്യനീതിയുടെയും പുരോഗതിയുടെയും സമസ്ത മേഖലകളെയും സ്പർശിക്കുന്ന സമഗ്രരേഖയാണ് അവതരിപ്പിക്കപ്പെട്ടത്.
എട്ടുവർഷക്കാലത്തെ ഭരണം പൂർത്തിയാക്കിയ ഇടതുപക്ഷം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പ്രതീക്ഷയുടെ പക്ഷമാകുന്നത് എങ്ങനെയെന്ന് ഈ നയപ്രഖ്യാപനം തെളിയിച്ചിരിക്കുന്നുവെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പ്രസ്താവനയിൽ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here