പ്രായപൂര്‍ത്തിയാവാത്ത മകന്റെ പാസ്‌പോര്‍ട്ടില്‍ നിന്നും അച്ഛന്റെ പേര് നീക്കം ചെയ്തു നല്‍കണമെന്നാവശ്യപ്പെട്ട് അമ്മ സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറഞ്ഞ് ദില്ലി ഹൈക്കോടതി. അമ്മയുടെ ആവശ്യം അംഗീകരിച്ച കോടതി ആവശ്യമായ നടപടി സ്വീകരിക്കാന്‍ പാസ്‌പോര്‍ട്ട് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
മകന്‍ ജനിക്കുന്നതിന് മുമ്പുതന്നെ കുട്ടിയുടെ അച്ഛന്‍ ഉപേക്ഷിച്ചുപോയതാണെന്നും താന്‍ ഒറ്റക്കാണ് കുട്ടിയെ വളര്‍ത്തുന്നതെന്നും ഹര്‍ജിക്കാരി കോടതിയെ ബോധിപ്പിച്ചു. കേസിന്റെ അപൂര്‍വവും അസാധാരണവുമായ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കുട്ടിയുടെ പാസ്‌പോര്‍ട്ടില്‍ നിന്ന് പിതാവിന്റെ പേര് നീക്കംചെയ്യാനും അച്ഛന്റെ പേര് ഉള്‍പ്പെടുത്താതെ കുട്ടിയ്ക്ക് പുതിയ പാസ്‌പോര്‍ട്ട് അനുവദിച്ചുനല്‍കാനും കോടതി നിര്‍ദേശിച്ചു.
കുട്ടിയെ പൂര്‍ണ്ണമായും അച്ഛന്‍ ഉപേക്ഷിച്ച സംഭവമാണിതെന്നുംഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പ്രതിഭ എം. സിംഗ് നിരീക്ഷിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ജൈവിക പിതാവിന്റെ പേര് ഒഴിവാക്കാമെന്നും കുടുംബപ്പേരില്‍ മാറ്റംവരുത്താമെന്നും കോടതി വ്യക്തമാക്കി. കുട്ടിയുടെ പാസ്‌പോര്‍ട്ടിനുള്ള അപേക്ഷ പരിഗണിക്കുമ്പോള്‍ മാതാപിതാക്കളുടെ വിവാഹബന്ധത്തിലെ ഭിന്നതകള്‍ കൂടി ഉള്‍പ്പെടുന്ന അസംഖ്യം സാഹചര്യങ്ങള്‍ അധികൃതര്‍ പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ഇത്തരത്തിലുള്ള കേസുകള്‍ പരിഗണിക്കുമ്പോള്‍ വസ്തുതകള്‍ കൂടി പരിഗണിക്കാന്‍ കോടതി നിര്‍ദേശിച്ചു. കുട്ടി ജനിക്കുന്നതിന് മുമ്പ് തന്നെ അച്ഛന്‍ ഉപേക്ഷിച്ചുപോയതാണെന്നുള്ള ഹര്‍ജിക്കാരിയുടെ വാദംകൂടി പരിഗണിച്ചായിരുന്നു കോടതി വിധി പറഞ്ഞത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here