പക്ഷിപ്പനി: മന്ത്രി വീണാ ജോര്‍ജ് സ്ഥിതിഗതികള്‍ വിലയിരുത്തി

പത്തനംതിട്ടയില്‍ താറാവുകളില്‍ പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ (എച്ച്5 എന്‍1) കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും മൃഗസംരക്ഷണ വകുപ്പും ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. നാളെ ആരോഗ്യ വകുപ്പിലെ സംസ്ഥാനതലത്തിലെ ഉന്നതതല സംഘം ജില്ല സന്ദര്‍ശിക്കും. പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാന്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കണം. ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണം. രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളും പ്രത്യേകം നിരീക്ഷിക്കുന്നതാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

Also Read: യാത്രക്കാർക്ക് ശുദ്ധമായ ദാഹജലം ഉറപ്പാക്കി കെഎസ്ആർടിസി; ഹില്ലി അക്വായും കെഎസ്ആർടിസിയുമായി ചേർന്ന് ‘കുടിവെള്ള വിതരണ പദ്ധതി’

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പക്ഷിപ്പനി ബാധിച്ച പക്ഷികളുമായി ഇടപെട്ടവര്‍ ക്വാറന്റൈന്‍ കൃത്യമായി പാലിക്കണം. അവരുമായി സമ്പര്‍ക്കത്തിലുള്ളവര്‍ ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ഏതെങ്കിലും തരത്തിലുള്ള പക്ഷി മരണങ്ങള്‍ കണ്ടെത്തുന്ന സാഹചര്യത്തില്‍ അപ്പോള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യണം. വണ്‍ ഹെല്‍ത്ത് പരിശീലനം ലഭിച്ച വോളണ്ടിയര്‍മാരുടെ സേവനവും ലഭ്യമാക്കും. പക്ഷികളുമായി ഇടപെട്ടവര്‍ക്കോ, നശീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കോ, കര്‍ഷകര്‍ക്കോ ഏതെങ്കിലും തരത്തിലുള്ള പനി റിപ്പോര്‍ട്ട് ചെയ്യുന്നെങ്കില്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കേണ്ടതാണ്. ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായാല്‍ ഡോക്ടറെ അറിയിക്കേണ്ടതാണ്.

എന്താണ് പക്ഷിപ്പനി

പക്ഷികളില്‍ കാണുന്ന ഒരു സാംക്രമിക രോഗമാണ് പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ (എച്ച്5 എന്‍1). ഇത് ഒരു വൈറസ് രോഗമാണ്. പക്ഷികളില്‍ നിന്നും പക്ഷികളിലേയ്ക്കാണ് ഇത് പകരാറുള്ളത്. പക്ഷികളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് സാധാരണ ഗതിയില്‍ ഇത് പകരാറില്ല. എന്നാല്‍ അപൂര്‍വമായി ചില ഘട്ടങ്ങളില്‍ മനുഷ്യരിലേക്ക് പകരാന്‍ കഴിയും വിധം പക്ഷിപ്പനിയുടെ വൈറസിന് ജനിതക വകഭേദം സംഭവിക്കാം. ആ വൈറസ്ബാധ ഗുരുതരമായ രോഗ കാരണമാകാം.

പക്ഷികളുമായി അടുത്തിടപഴകുന്നവര്‍ ശ്രദ്ധിക്കേണ്ടവ

കോഴി, താറാവ്, കാട, വാത്ത, ടര്‍ക്കി, അലങ്കാരപക്ഷികള്‍ തുടങ്ങിയ എല്ലാ പക്ഷികളേയും ഈ രോഗം ബാധിക്കാം. രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍, പരിപാലിക്കുന്നവര്‍, വളര്‍ത്തു പക്ഷികളുമായി ഇടപ്പെടുന്ന കുട്ടികള്‍, വീട്ടമ്മമാര്‍, കശാപ്പുകാര്‍, വെറ്റിനറി ഡോക്ടര്‍മാര്‍, മറ്റു ബന്ധപ്പെട്ട ജീവനക്കാര്‍ എന്നിവര്‍ രോഗബാധ ഏല്‍ക്കാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കണം.

Also Read: കുവൈത്തില്‍ പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചു

പ്രതിരോധ മാര്‍ഗങ്ങള്‍

രോഗബാധയുണ്ടെന്ന് സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവര്‍ കൈയ്യുറ, മുഖാവരണം എന്നിവ ധരിക്കുകയും അതതു സമയങ്ങളില്‍ കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും വേണം.

ഇറച്ചി, മുട്ട എന്നിവ നന്നായി വേവിച്ച് മാത്രം കഴിക്കുക.

രോഗലക്ഷണങ്ങള്‍

ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ട്, ജലദോഷം കഫത്തില്‍ രക്തം മുതലായവയാണ് രോഗലക്ഷണങ്ങള്‍. രോഗപ്പകര്‍ച്ചക്ക് സാധ്യതയുള്ള സാഹചര്യത്തിലുള്ളവര്‍ ഈ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തേയോ ആരോഗ്യ പ്രവര്‍ത്തകരേയോ അറിയിക്കുക.

പക്ഷികള്‍ ചാകുകയോ രോഗബാധിതരാകുകയോ ചെയ്താല്‍ ഉടന്‍ തന്നെ മൃഗസംരക്ഷണ വകുപ്പിനേയോ തദ്ദേശസ്വയംഭരണ വകുപ്പിനേയോ അറിയിക്കേണ്ടതാണ്. അവരുടെ നിര്‍ദേശാനുസരണം നടപടി സ്വീകരിക്കുക.

രോഗബാധിതരായ പക്ഷികളുമായി അടുത്തിടപഴകുന്നവര്‍ ആരോഗ്യ പ്രവര്‍ത്തകരെ ബന്ധപ്പെട്ട് പ്രതിരോധ ഗുളിക കഴിക്കേണ്ടതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News