മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം. ടി. വാസുദേവന്‍ നായരുടെ ജന്മദിനത്തില്‍, മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളും ഇതിഹാസ ചലച്ചിത്ര സംവിധായകരുമുള്‍പ്പെടെയുള്ള ചലച്ചിത്ര പ്രതിഭകളെ ഉള്‍പ്പെടുത്തി ഒമ്പത് രസകരമായ കഥകള്‍ പ്രദര്‍ശിപ്പിക്കുന്ന ‘മനോരഥങ്ങള്‍’ എന്ന വെബ് സീരിസിന്റെ ട്രെയിലര്‍ സീ 5 പുറത്തിറക്കി. എംടി വാസുദേവന്‍ നായരുടെ സാഹിത്യ പ്രതിഭയെ ലോകമെമ്പാടുമുള്ള സ്‌ക്രീനുകളിലേക്ക് കൊണ്ടുവരുന്ന സീ 5 ഒറിജിനല്‍, ‘മനോരഥങ്ങള്‍’ ഓഗസ്റ്റ് 15 ന് പ്രദര്‍ശിപ്പിക്കും. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലാണ് സീ 5ല്‍ ഇത് കാണാനാവുക. സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ നിന്നുള്ള പ്രീമിയം ഉള്ളടക്കവും സാങ്കേതിക വൈദഗ്ധ്യവും കാരണം ഇന്ത്യയിലെ മുന്‍നിരയിലുള്ളതും അതിവേഗം വളരുന്നതുമായ ഒടിടി പ്ലാറ്റ്‌ഫോമാണ് സീ 5.
ഇന്ത്യയിലെ ഏറ്റവും വലിയ ഗാര്‍ഹിക വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമും ബഹുഭാഷാ കഥാഖ്യാന വേദിയുമായ സീ 5, മലയാള സിനിമയിലെ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കുകയാണ്. സാഹിത്യ കുലപതിയായ മടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായരുടെ 90 വര്‍ഷത്തെ പാരമ്പര്യത്തെ ആദരിക്കുന്നതിനായി വിഭാവനം ചെയ്ത ഈ വെബ് സീരിസ്, ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തരായ അഭിനേതാക്കളുടെയും ചലച്ചിത്ര പ്രതിഭകളുടെയും സമാനതകളില്ലാത്ത ഒരു ഒത്തുചേരലിനു കളമൊരുക്കി. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ സമൃദ്ധമായ പശ്ചാത്തലത്തില്‍, മനുഷ്യ സ്വഭാവത്തിന്റെ സങ്കീര്‍ണ്ണമായ ദ്വൈതതയെ പര്യവേക്ഷണം ചെയ്യുന്ന ഒരു സിനിമാറ്റിക് ടൂര്‍ ഡി ഫോഴ്‌സാണ് ‘മനോരഥങ്ങള്‍’. എംടി തന്നെ രചിച്ച ഈ പരമ്പരയില്‍ പരസ്പരബന്ധിതമായ ഒമ്പത് കഥകളിലൂടെ മനുഷ്യന്റെ പെരുമാറ്റത്തിന്റെ വൈരുദ്ധ്യങ്ങളിലേക്ക് വെളിച്ചം വീശുന്നു. ഇതാദ്യമായാണ് ഇത്രയും വലിയ അഭിനേതാക്കളും സംവിധായകരും സീ5ല്‍ ഒന്നിക്കുന്നത്.
ഉലകനായകന്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന ഒന്‍പത് ആകര്‍ഷകമായ കഥകള്‍ ഉള്‍ക്കൊള്ളുന്ന ഈ സമാഹാരത്തില്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ പ്രധാനവേഷത്തിലെത്തുന്ന പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ‘ഓളവും തീരവുമാണ് ആദ്യം കാണാനാവുന്നത്. സംവിധായകന്‍ രഞ്ജിത്ത് ഒരുക്കിയ ‘കടുഗന്നാവാ ഒരു യാത്രക്കുറിപ്പ്’ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ മറ്റൊരു വ്യത്യസ്ത കഥാപാത്രത്തിലേക്കാണ് നമ്മെ കൊണ്ടുപോകുക.
ALSO READ: ലോൺ എടുത്ത തുക മടക്കി നൽകിയിട്ടും ജപ്തി നോട്ടീസ് വന്നു; ചേർത്തല എസ്എൻഡിപി യൂണിയൻ ഓഫീസിൽ പ്രതിഷേധം
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ശിലാലിഖിതത്തില്‍ ബിജു മേനോന്‍, ശാന്തികൃഷ്ണ, ജോയ് മാത്യു എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാവുമ്പോള്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന കാഴ്ചയില്‍ പാര്‍വതി തിരുവോത്തും ഹരീഷ് ഉത്തമനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അശ്വതി നായര്‍ സംവിധാനം ചെയ്ത ‘വില്‍പ്പന’ എന്ന ചിത്രത്തില്‍ മധുവും ആസിഫ് അലിയും പ്രധാന വേഷങ്ങളിലെത്തുന്നു. പുതിയ തലമുറയിലെ സംവിധായകനായ മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ഷെര്‍ലോക്കില്‍ ബഹുമുഖ പ്രതിഭകളായ ഫഹദ് ഫാസിലും സറീന മൊയ്ദുവും ഒന്നിക്കുന്നു. ജയരാജ് നായരുടെ സംവിധാനത്തില്‍ കൈലാഷ്, ഇന്ദ്രന്‍സ്, നെടുമുടി വേണു, രഞ്ജി പണിക്കര്‍, സുരഭി ലക്ഷ്മി എന്നിവരുള്‍പ്പെടുന്ന അഭിനേതാക്കള്‍ ഒന്നിക്കുന്ന ചിത്രമാണ് ‘സ്വര്‍ഗം തുറക്കുന്ന സമയം’. പ്രശസ്ത സംവിധായകന്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ‘അഭയം തേടി വീണ്ടും ‘ എന്ന ചിത്രത്തില്‍ സിദ്ദിഖ്, ഇഷിത് യാമിനി, നസീര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ‘കടല്‍ക്കാറ്റു’ എന്ന ചിത്രത്തില്‍ ഇന്ദ്രജിത്തും അപര്‍ണ ബാലമുരളിയും പ്രധാന വേഷങ്ങളിലെത്തുന്നു. സാരേഗാമ, ന്യൂസ് വാല്യൂ എന്നിവര്‍ ചേര്‍ന്നാണ് ഈ വെബ് സീരിസ് നിര്‍മിച്ചിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here