പിറന്നാള്‍ ആഘോഷിച്ച് മടങ്ങുന്നതിനിടെ അപകടം; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം, നാല് പേര്‍ക്ക് പരുക്ക്

വ്യാഴാഴ്ച പുലര്‍ച്ചെ വടക്കന്‍ ദില്ലിയിലെ രാജ്ഘട്ടിന് സമീപമുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ശാന്തി വാന്‍ റെഡ് ലൈറ്റിനും ഗീത കോളനിക്കും ഇടയിലാണ് അപകടമുണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ദില്ലി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയും 19കാരനുമായ ഐശ്വര്യ പാണ്ഡെ ആണ് മരിച്ചത്. സുഹൃത്തിന്റെ ജന്മദിനം ആഘോഷിച്ച് ഗുരുഗ്രാമില്‍ നിന്ന് മടങ്ങുകയായിരുന്നു ഇവര്‍. അപകടത്തില്‍ പരുക്കേറ്റ ഐശ്വര്യ പാണ്ഡെയെ എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച മരിക്കുകയായിരുന്നു.

ദേശ്ബന്ധു കോളേജിലെ ഒന്നാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിയായ ഐശ്വര്യ പാണ്ഡെ, തന്റെ സുഹൃത്തുക്കളായ കേശവ് കുമാര്‍ (19), ഐശ്വര്യ മിശ്ര (19), ഉജ്ജവല്‍ (19), ദയാല്‍ സിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളായ കൃഷ്ണ (18) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്.

Also Read : ഓര്‍ഡര്‍ വൈകിയതിന് വഴക്കുപറഞ്ഞു; ഫുഡ് ഡെലിവെറി ബോയ് ആത്മഹത്യ ചെയ്തു

മെയിന്‍ റോഡിന്റെയും ഐഎസ്ബിടിയുടെയും കവലയിലെ ഡിവൈഡറിലേക്ക് കാര്‍ കയറുകയും ഗാര്‍ഡ്റെയിലില്‍ ഇടിക്കുകയുമായിരുന്നു.

വിദ്യാര്‍ഥികള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ഹ്യുണ്ടായ് വെന്യു കാര്‍ അമിത വേഗതയില്‍ ഓടിച്ചതും ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

പ്രഥമശുശ്രൂഷയ്ക്ക് ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത രണ്ട് വിദ്യാര്‍ത്ഥികളുള്‍പ്പെടെ മൂന്ന് വിദ്യാര്‍ത്ഥികളെ പോലീസ് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി, അവര്‍ മദ്യലഹരിയിലാണെന്ന് കണ്ടെത്തി.

എന്നാല്‍, മൊബൈല്‍ ഫോണില്‍ പാട്ട് മാറ്റുന്നതിനിടെ കാര്‍ ഓടിച്ചിരുന്നയാളുടെ ശ്രദ്ധ തെറ്റുകയും തുടര്‍ന്നാണ് അപകടമുണ്ടായതെന്നും പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥി പറഞ്ഞു.

കോട്വാലി പോലീസ് സ്റ്റേഷനില്‍ 281 (അശ്രദ്ധമായ ഡ്രൈവിംഗ്), 125 (എ) (മറ്റുള്ളവരുടെ സ്വകാര്യ സുരക്ഷയെ അപകടപ്പെടുത്തുന്ന പ്രവൃത്തിയിലൂടെ മുറിവേല്‍പ്പിക്കുക) എന്നിവ പ്രകാരം കേസെടുത്തതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (നോര്‍ത്ത്) എം കെ മീണ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News