ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യത്തിൽ ചേരില്ലെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്. തന്റെ ബിജെഡി ഒറ്റക്ക് തന്നെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും പട്നായിക് വ്യക്തമാക്കി. ബിജെപിയോടും കോൺഗ്രസിനോടും സമദൂര സമീപനമാണ് ബിജെഡിയുടെത്. അതിൽ മാറ്റം വരുത്താനില്ലെന്നാണ് ഒഡീഷ മുഖ്യമന്ത്രി രണ്ടുദിവസം മുമ്പ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി നടത്തിയ ചർച്ചയിലും വ്യക്തമാക്കിയിരുന്നത്. 2024-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപീകരിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായിട്ടാണ് നിതീഷ് കുമാർ നവീൻ പട്നായികുമായി കൂടിക്കാഴ്ച നടത്തിയത്.
കഴിഞ്ഞ ദിവസം നവീൻ പട്നായിക് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആചാരമനുസരിച്ചുള്ള കൂടിക്കാഴ്ചയാണിതെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ബിജെഡി പാലിക്കുന്ന സമദൂര സിദ്ധാന്തം തന്നെയാണ് അടുത്ത തെരഞ്ഞെടുപ്പിലും പിന്തുടരുകയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് വിശദീകരിച്ചു. മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഒഡീഷയിലെ അന്താരാഷ്ട്ര വിമാനത്താവളം ഭുവനേശ്വറിൽ നിന്ന് പുരിയിലേക്ക് മാറ്റാനുള്ള നടപടികൾ വേണമെന്ന് പട്നായിക് ആവശ്യപ്പെട്ടിരുന്നു. സാധ്യമായതെല്ലാം ചെയ്യാമെന്നാണ് മോദി ഉറപ്പുനൽകിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here