മുംബൈ ഭീകരാക്രമണത്തിൽ അന്നത്തെ മഹാരാഷ്ട്ര എ.ടി.എസ്. മേധാവി ഹേമന്ത് കർക്കറെ മരിച്ചത് ആർ.എസ്.എസുമായി ബന്ധപ്പെട്ട ഒരു പോലീസുകാരന്റെ വെടിയുണ്ടയേറ്റാണെന്ന ആരോപണം വിവാദമായതോടെയാണ് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നത്. നുണ പ്രചരിപ്പിച്ചതിനും ബിജെപി സ്ഥാനാർഥിയും അഭിഭാഷകനുമായ ഉജ്ജ്വൽ നികമിനെ അപകീർത്തിപ്പെടുത്തിയതിനുമാണ് കോൺഗ്രസിനും മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് വിജയ് വഡേറ്റിവറിനുമെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. തിരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതിയത്.
Also Read: ലോക്‌സഭാ തെരെഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിങ് 39.92% രേഖപ്പെടുത്തി
തീവ്രവാദിയായ അജ്മൽ കസബിന്റെ വെടിയുണ്ടയല്ല, മറിച്ച് ആർ.എസ്.എസുമായി ബന്ധപ്പെട്ട ഒരു പോലീസുകാരന്റെ വെടിയുണ്ടയേറ്റാണ് കർക്കറെ മരിച്ചതെന്ന വിവരം ഉജ്വൽ നികം മറച്ചുവെച്ചുവെന്നായിരുന്നു വഡേറ്റിവർ ആരോപിച്ചത്. വിരമിച്ച മഹാരാഷ്ട്ര ഇൻസ്പെക്ടർ ജനറൽ എസ്.എം. മുഷ്‌റിഫ് എഴുതിയ ‘ഹൂ കിൽഡ് കർക്കറെ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ആരോപണം ഉന്നയിച്ചത്. പ്രതിപക്ഷ നേതാവിനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ശശി തരൂരും രംഗത്തെത്തിയിരുന്നു.
ശത്രു രാഷ്ട്രത്തെ സഹായിക്കുന്ന പരാമർശങ്ങളിൽനിന്ന് പ്രതിപക്ഷ നേതാവ് വിട്ടുനിൽക്കണമെന്ന് ഉജ്ജ്വൽ നികം പ്രതികരിച്ചു. 166 പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭീകരാക്രമണത്തിൽ മുംബൈ പോലീസ് ജീവനോടെ പിടികൂടിയ ഏക തീവ്രവാദിയായിരുന്നു കസബ്. അതെ സമയം കോൺഗ്രസ് നേതാക്കളായ വിജയ് വട്ടേറ്റിവർ, ശശി തരൂർ എന്നിവരുടെ പ്രസ്താവന കോൺഗ്രസിന്റെ നിലപാടല്ലെന്നാണ് മഹാരാഷ്ട്ര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ ചുമതലയുള്ള എ.ഐ.സി.സി. അംഗം രമേശ് ചെന്നിത്തലയുടെ പ്രതികരണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here