നാനാത്വത്തില്‍ ഏകത്വമെന്നതാണ് നമ്മുടെ രാജ്യത്തിന്‍റെ അടിസ്ഥാന സ്വഭാവമെന്നത് നമുക്ക് അറിയാമല്ലോ. വൈവിധ്യങ്ങളെ ചേര്‍ത്തുപിടിക്കുക എന്ന മനോഹരമായ ആശയം. ഈ ആശയമാണ് നമ്മുടെ രാജ്യത്തെ വേറിട്ടുനിര്‍ത്തുന്നതും സഹുസ്വരതയാല്‍ സൗന്ദര്യമുള്ളതാക്കിത്തീര്‍ക്കുന്നതും. ഇന്ത്യയുടെ ഈ സ്വഭാവസവിശേഷതയ്‌ക്ക് തുരങ്കംവെയ്‌ക്കുന്ന മറ്റൊരു നീക്കമാണ് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് അംഗീകരിച്ചതിലൂടെ മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഒറ്റ തെരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ച് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അടങ്ങുന്ന ഉന്നതാധികാരസമിതിയാണ് പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇത് സെപ്‌റ്റംബര്‍ 18ന് കേന്ദ്രമന്ത്രിസഭയെക്കൊണ്ട് അംഗീകാരം നല്‍കിപ്പിച്ചതിലൂടെ ബിജെപി കണക്കുക്കൂട്ടുന്നത് എന്താണ് ?. മതനിരപേക്ഷ, ജനാധിപത്യ, ഫെഡറല്‍ റിപ്പബ്ലിക്കായ നമ്മുടെ രാജ്യത്തിന്, ഈ നീക്കം എങ്ങനെ പ്രതികൂലമായി ബാധിക്കും ?.
സംസ്ഥാനങ്ങളുടെ നിയമസഭകളിലേക്കും ഇന്ത്യന്‍ പാര്‍മെന്‍റിലേക്കും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കും ഒരു തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് ഈ സംവിധാനം. നമ്മുടേതുപോലുള്ള ഒരു ജനാധിപത്യ രാജ്യത്ത്, ജനസംഖ്യയില്‍ ഒന്നാമത് നില്‍ക്കുന്ന, ആറുനാട്ടില്‍ നൂറുഭാഷ എന്നതുപോലെ വൈവിധ്യങ്ങള്‍ നിറഞ്ഞിരിക്കുന്ന രാജ്യത്ത് ഈ സംവിധാനം ഒട്ടും പ്രായോഗികമല്ല എന്നതാണ് വസ്‌തുത. ഭാഷ, പ്രാദേശികത, ഉപപ്രാദേശികത, ജാതി, മതം തുടങ്ങിയ അനേകം വൈവിധ്യങ്ങളുടെ സമ്പന്നതയാണ് നമ്മുടെ രാജ്യത്തിന്‍റെ കരുത്ത്. ഈ വൈവിധ്യങ്ങളെ സംരക്ഷിക്കുന്നതാണ് നമ്മുടെ ഫെഡറല്‍ ജനാധിപത്യം. അതിനെ ഇല്ലായായ്‌മ ചെയ്യുന്നതാണ് ഒറ്റ തെരഞ്ഞെടുപ്പെന്ന് ലളിതമായി പറയാം.
ചര്‍ച്ചാവിഷയങ്ങളെ ഹൈജാക്ക് ചെയ്യുന്ന സംവിധാനം
2024 മാര്‍ച്ച് 23ന് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട കണക്കുപ്രകാരം രാജ്യത്ത് 6 ദേശീയ രാഷ്ട്രീയ പാർട്ടികളും 57 സംസ്ഥാന പാർട്ടികളും 2,764 അംഗീകാരം ലഭിക്കാത്ത പാര്‍ട്ടികളുമുണ്ട്. ഇന്ത്യയുടെ വൈവിധ്യം തെളിയിക്കുന്നതുകൂടിയാണ് ഈ മള്‍ട്ടിപ്പാര്‍ട്ടി സംവിധാനം. 6 ദേശീയ പാർട്ടികളെ ഒഴിച്ചുനിർത്തിയാല്‍ മറ്റുള്ളവ സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന പ്രാദേശിക പാർട്ടികളാണ്. അതാത് സംസ്ഥാനങ്ങളിലെ പ്രാദേശിക വിഷയങ്ങളില്‍ ഊന്നല്‍ കൊടുത്ത് പ്രവർത്തിക്കുന്ന പാർട്ടികളെന്ന് ചുരുക്കം. പാർലമെന്‍റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ചർച്ചയാകുന്ന വിഷയങ്ങളല്ല നിയമസഭകളില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകാലത്ത് ഉണ്ടാകുക. നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്കിടെയുള്ള ചർച്ചാവിഷയങ്ങളല്ല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിലെ ചര്‍ച്ചാവിഷയങ്ങള്‍. കാര്യങ്ങള്‍ ഇങ്ങനെയിരിക്കുമ്പോള്‍ ഇതിനുപിന്നിലെ ബിജെപി ലക്ഷ്യം വ്യക്തമാണല്ലോ. ഒരു പാര്‍ട്ടി, ഒരു നേതാവ് എന്ന ശൈലിയിലാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. അതായത് ഭരണത്തിലും പാര്‍ട്ടിയിലും നരേന്ദ്ര മോദിയെ മുഖമാക്കിയുള്ള ശൈലി. രാജ്യത്തെ മുഴുവന്‍ സംവിധാനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ചര്‍ച്ചാവിഷയങ്ങളെ ഹൈജാക്ക് ചെയ്‌ത് എല്ലാ തെരഞ്ഞടുപ്പുകളെയും അട്ടിമറിക്കുകയെന്നതാണ് ആര്‍എസ്‌എസിന്‍റെ, ബിജെപിയുടെ പ്രധാന ലക്ഷ്യമെന്നത് ഈ നീക്കത്തിലൂടെ വ്യക്തമാണല്ലോ.
തെരഞ്ഞെടുപ്പുകളില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് കേവലഭൂരിപക്ഷം ലഭിക്കാതിരിക്കുന്ന സാഹചര്യമുണ്ടാകാറുണ്ട്. അങ്ങനെയുള്ള തൂക്കുസഭകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സംസ്ഥാന നിയമസഭകളിലും പാര്ർലമെന്‍റിലും വരുന്നത് തടയാന്‍ ഈ ഒറ്റതെരഞ്ഞെടുപ്പിലൂടെ കഴിയില്ല. അപ്പോള്‍ പിന്നെ ഒരു പാര്‍ട്ടി, ഒരു നേതാവ് എന്നുപറഞ്ഞ് ജനാധിപത്യത്തെ അട്ടിമറിക്കുന്ന കുതിരക്കച്ചവടക്കാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായല്ലോ. നോട്ടുനിരോധനം, ജിഎസ്‌ടി നടപ്പാക്കല്‍, പൗരത്വ ഭേദഗതി നിയമം അങ്ങനെ ഒട്ടേറെ ജനദ്രോഹ, ജനാധിപത്യവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കിയ മോദി സര്‍ക്കാരിന്‍റെ ഈ ലിസ്റ്റിലെ മറ്റൊരു ചാപ്റ്റര്‍ കൂടിയാണ് ഒറ്റ തെരഞ്ഞടുപ്പ്. കാരണം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, നിയമസഭകള്‍, പാർലമെന്‍റ് എന്നിങ്ങനെയുള്ള ഭരണസംവധാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ നടക്കുമ്പോഴുണ്ടാകുന്ന സാഹസം ഒന്ന് ആലോചിച്ചുനോക്കൂ. വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനം വിവിധ സംവിധാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ ഒരേ സമയത്ത് ചെയ്യുകയെന്ന സാഹസം. ആറുനാട്ടില്‍നൂറുഭാഷ എന്ന് നേരത്തേ പറഞ്ഞതുപോലെ ഓരോയിടത്തും വിവിധ വിഷയങ്ങള്‍ ഓരോ ഭരണസംവിധാനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പുകളെ അഭിമുഖീകരിക്കേണ്ടതുണ്ടെന്നിരിക്കെയാണ് ഈ സാഹസികത. തെരഞ്ഞെടുപ്പുകളെ അട്ടിമറിക്കാന്‍ മറ്റൊരു ആയുധംകൂടി ഇതിലൂടെ ബിജെപിക്ക് എളുപ്പം ലഭിക്കുമെന്നത് വസ്‌തുത.
നമുക്ക് പറ്റില്ല, ആ താരതമ്യം…
നമുക്കറിയാം നിലവില്‍ ദക്ഷിണാഫ്രിക്ക,സ്വീഡന്‍, ജർമനി,ബെല്‍ജിയം, ജപ്പാന്‍, ഇന്‍ഡോനേഷ്യ എന്നീ ആറുരാജ്യങ്ങളിലാണ് ഒറ്റ തെരഞ്ഞെടുപ്പ് സംവിധാനമുള്ളത്. ആ രാജ്യങ്ങളിലേതിനേക്കാള്‍ വലിപ്പത്തിലും ജനസംഖ്യയിലും വൈവിധ്യങ്ങളിലും ഇന്ത്യയാണ് ഒന്നാമത്. അതുകൊണ്ടുതന്നെ ഒറ്റ തെരഞ്ഞെടുപ്പ് നടപ്പിലാക്കിയ ആറുരാജ്യങ്ങളുമായുള്ള ഒരു താരതമ്യത്തിന് ഒരു സ്കോപ്പുമില്ലെന്ന് സാരം. ഒറ്റ തെരഞ്ഞെടുപ്പ് നടപ്പാക്കണമെങ്കില്‍ ഭരണഘടനയിലെ 83, 85, 172, 174 എന്നീ വകുപ്പുകള്‍ ഭേദഗതി ചെയ്യേണ്ടതുണ്ട്. കേവലഭൂരിപക്ഷത്തിലല്ല ബിജെപി രാജ്യം ഭരിക്കുന്നത് എന്നിരിക്കെ എങ്ങനെ ഈ ഭേദഗതികള്‍ നടപ്പിലാക്കാന്‍ ആ പാര്ർട്ടിയ്ക്ക് കഴിയുമെന്നതില്‍ സംശയമുണ്ട്. ജനാധിപത്യധ്വംസനത്തിന് ഏത് രീതിയും നടപ്പിലാക്കാന്‍ മടിയില്ലെന്ന് കാണിച്ച ആ പാര്‍ട്ടിയ്‌ക്ക് ചിലപ്പോള്‍ ഈ ഭേദഗതിയും എളുപ്പമായേക്കും. തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്‍റെ മനോഹാരിതയും ഫെഡറല്‍ മൂല്യങ്ങളുടെ കരുത്തും നിലനില്‍ക്കേണ്ടതുണ്ട്. വ്യത്യസ്‌തമായ ഭാഷകളും സംസ്‌കാരങ്ങളും മതങ്ങളുമില്ലാതാക്കി ഹിന്ദുത്വ രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള മോദി സര്‍ക്കാരിന്‍റെ, സംഘപരിവാറിന്‍റെ ബിജെപിയുടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതടക്കമുള്ള ‘ഒരു’ ശൈലിയെ ചെറുക്കേണ്ടതുണ്ട്. ജനാധിപത്യത്തെ, ഭരണഘടനാമൂല്യങ്ങളെ സംരക്ഷിക്കാന്‍ രാജ്യത്ത് പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here