കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് വിവിധ കമ്പനികളില്‍ നിന്നും ബിജെപി കോടികള്‍ സംഭാവനകള്‍ പിരിച്ചതിന്റെ വിശദാംശങ്ങള്‍ പുറത്ത്. 30 കമ്പനികളില്‍ നിന്നായി 335 കോടി രൂപ ബിജെപിക്ക് സംഭാവനകള്‍ നല്‍കിയതിന്റെ വിശദാംശങ്ങളാണ് പുറത്തുവന്നത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന് കത്തയച്ചു.
2018 മുതല്‍ 2023 വരെയുളള കാലയളവില്‍ ബിജെപി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെയും ആദായനികുതിവകുപ്പിനെയും ദുരുപയോഗം ചെയ്ത് പിരിച്ചെടുത്ത കോടികളുടെ കണക്കുകളാണ് പുറത്തുവരുന്നത്. ആറ് വര്‍ഷത്തിനിടയില്‍ 30 കമ്പനികളില്‍ നിന്നായി ബിജെപി സംഭാവന സ്വീകരിച്ചത് 335 കോടി രൂപയാണ്. ഇവയില്‍ 23 കമ്പനികള്‍ 2014 മുതല്‍ കേന്ദ്രഏജന്‍സികളുടെ നടപടികള്‍ നേരിടുന്നതുവരെ ബിജെപിക്ക് ഒരു രൂപ പോലും സംഭാവന നല്‍കിയിരുന്നില്ല. കേന്ദ്രഏജന്‍സികളെത്തി നാല് മാസത്തിനുള്ളില്‍ നാല് കമ്പനികള്‍ ബിജെപിക്ക് കൈമാറിയത് ഒമ്പത് കോടി രൂപ. ബിജെപിക്ക് നേരത്തെ സംഭാവനകള്‍ നല്‍കിയിരുന്ന ആറ് കമ്പനികള്‍ കേന്ദ്രഏജന്‍സികളുടെ വരവിന് പിന്നാലെ നല്‍കിയിരുന്ന തുക വര്‍ദ്ധിപ്പിച്ചു. സംഭാവനകള്‍ നല്‍കിയ 30 കമ്പനികളില്‍ പല കമ്പനികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ അനര്‍ഹമായ ആനുകൂല്യങ്ങള്‍ ചെയ്തുകൊടുത്തതായി പരാതികള്‍ നിലവിലുണ്ട്. അഞ്ചുവര്‍ഷകാലത്തെ തെരഞ്ഞെടുപ്പ് കമീഷന്‍ രേഖകളും കമ്പനികളുടെ ധനകാര്യപ്രസ്താവനകളും മറ്റും പരിശോധിച്ചാണ് ഭയപ്പെടുത്തി നടത്തിയ പിരിവിന്റെ വിശദാംശങ്ങള്‍ ഉള്‍കൊള്ളുന്ന റിപ്പോര്‍ട്ട്. തമിഴ്‌നാട്, കര്‍ണാടകം, തെലങ്കാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കമ്പനികളാണ് ബിജെപിക്ക് സംഭാവനകള്‍ നല്‍കിയത്. ചില സ്ഥാപനങ്ങള്‍ റെയ്ഡ് നടക്കുമ്പോള്‍ തന്നെ ബിജെപിക്ക് സംഭാവന നല്‍കി. ചിലരാകട്ടെ മറ്റ് കമ്പനികളില്‍ റെയ്ഡ് നടക്കുമ്പോള്‍ തന്നെ സംഭാവന കൈമാറി. സംഭാവനകള്‍ നല്‍കിയ കമ്പനികള്‍ക്ക് എതിരായ നീക്കങ്ങള്‍ കേന്ദ്രഏജന്‍സികള്‍ ഉപേക്ഷിക്കുകയും ചെയ്തു. ബിജെപിയുടെ ഫണ്ടിങ്ങില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി.
ഇലക്ടല്‍ ബോണ്ട് വഴി ആറ് വര്‍ഷം കൊണ്ട് ആറായിരത്തിലധികം കോടി ബിജെപി പിരിച്ചെടുത്തതിന്റെ വിശദാംശങ്ങള്‍ സുപ്രീംകോടതി തന്നെ വിധിന്യായത്തിലൂടെ പുറത്തുവിട്ടിരുന്നു. പിന്നാലെയാണ് രാഷ്ട്രീയ എതിരാളികളെ നേരിടാന്‍ മാത്രമല്ല, ഫണ്ട് പിരിവിനും ബിജെപി അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്തുവെന്ന് തെളിയിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here