ശോഭ ഇടഞ്ഞു; ആര്‍എസ്എസിന് അതൃപ്തി; ബിജെപി കോര്‍ കമ്മിറ്റി പുനഃസംഘടന മരവിപ്പിച്ചു

ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി പുനഃസംഘടന മരവിപ്പിച്ചു. ശോഭ സുരേന്ദ്രന്‍ ഇടഞ്ഞതും ആര്‍എസ്എസിന്റെ സമ്മര്‍ദവുമാണ് നടപടിക്ക് പിന്നില്‍. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിന് സംസ്ഥാന കോര്‍ കമ്മിറ്റി യോഗമെന്നാണ് ബിജെപിയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളില്‍ വിശേഷിപ്പിച്ചിരുന്നത്. പ്രധാനമന്ത്രിയുടെ കൊച്ചി സന്ദര്‍ശനം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി പ്ലസ് എന്ന വിപുലമായ സംവിധാനമാണെന്നെന്നും കോര്‍ കമ്മറ്റി പുനഃസംഘടിപ്പിച്ചെന്നത് അടിസ്ഥാന രഹിതമെന്നും ബിജെപി നേതൃത്വം അറിയിച്ചു.

കേരളത്തിന്റെ പ്രഭാരി മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ നിലവിലെ കോര്‍ കമ്മിറ്റി അംഗങ്ങളായ 12 പേരും പങ്കെടുത്തിരുന്നു. ഇവരെ കൂടാതെ മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന്‍, മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ നിവേദിത സുബ്രഹ്‌മണ്യന്‍ എന്നിവരും പങ്കെടുത്തു. കോര്‍ കമ്മിറ്റി യോഗമെന്നാണ് ബിജെപിയുടെ സമൂഹമാധ്യമ പേജുകളില്‍ ഉള്‍പ്പെടെ വ്യക്തമാക്കിയിരുന്നത്. പിന്നാലെയാണ് ശോഭ സുരേന്ദ്രന് നേതൃത്വത്തിനെതിരെ വിമര്‍ശനവും പരിഹാസവുമായി രംഗത്തെത്തിയത്. പുനഃസംഘടനയില്‍ ആര്‍എസ്എസും അതൃപ്തി രേഖപ്പെടുത്തിയെന്നാണ് സൂചന. പുനഃസംഘനയില്‍ കൂടിയാലോചന വേണമെന്ന് ആര്‍എസ്എസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമേ ഈഴവ സമുദായത്തില്‍ നിന്നും ഉയര്‍ന്നുവന്ന ശോഭാസുരേന്ദ്രനെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ പാര്‍ട്ടിക്ക് നഷ്ടമുണ്ടാകുമെന്ന ആശങ്കകളും ആര്‍എസ്എസിലെ ചില മുതിര്‍ന്ന നേതാക്കള്‍ മുന്നോട്ടുവച്ചു. ഇതിന് പിന്നാലെയാണ് കോര്‍കമ്മറ്റി പുനഃസംഘടന മരവിപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യുവം പരിപാടിയുടെ സംഘാടനം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗമാണെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. കോര്‍ കമ്മിറ്റിയെ വിപുലീകരിച്ച് കോര്‍ കമ്മിറ്റി പ്ലസ് എന്ന പേരില്‍ സംവിധാനം ഒരുക്കിയെന്നാണ് ബിജെപി നേതൃത്വം വാദിക്കുന്നത്. പുനഃസംഘടന മരവിപ്പിക്കേണ്ടി വന്നത് സംസ്ഥാന നേതൃതത്തിന് ക്ഷീണമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News