തെരഞ്ഞെടുപ്പിലെ തോല്‍വി; കര്‍ണാടകയില്‍ അഴിച്ചുപണിക്കൊരുങ്ങി ബിജെപി; പുതിയ അധ്യക്ഷനെ കണ്ടെത്തും

തെരഞ്ഞെടുപ്പിലേറ്റ വന്‍ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ അഴിച്ചുപണിക്കൊരുങ്ങി ബിജെപി. സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടിലിന് പകരക്കാരനെ കണ്ടെത്താന്‍ പാര്‍ട്ടി ശ്രമം തുടങ്ങിയതായാണ് വിവരം. മുതിര്‍ന്ന നേതാവ് ബി.എസ് യെദ്യൂരപ്പയുടെ പിടിവാശി തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായോ എന്നതും പരിശോധിക്കും. തെരഞ്ഞെടുപ്പ് കൈകാര്യം ചെയ്യുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച പറ്റിയോ എന്ന കാര്യവും വിശദമായി പരിശോധിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുകയായിരിക്കും പാര്‍ട്ടിയുടെ മുഖ്യ ലക്ഷ്യം.

ഇന്നലെയായിരുന്നു കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. 224 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 136 സീറ്റും ബിജെപിക്ക് 65 സീറ്റുമാണ് ലഭിച്ചത്. കര്‍ണാടകയില്‍ പരാജയപ്പെട്ടതോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപി ഭരണം തുടച്ചുനീക്കപ്പെട്ടു. ഇത് പാര്‍ട്ടിക്കാകെ കനത്ത നാണക്കേടുണ്ടാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇറക്കി നടത്തിയ പ്രചാരണം ഫലം കണ്ടില്ലെന്ന വിമര്‍ശനവും വ്യാപകമായി ഉയര്‍ന്നു. ഇതിന് പുറമേ പാര്‍ട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളും തിരിച്ചടിയായി. ബസവരാജ് ബൊമ്മൈയുടെ മോശം പ്രതിച്ഛായ, ഭരണവിരുദ്ധവികാരം, ബി.എസ് യെദ്യൂരപ്പ പോയതോടെ ലിംഗായത്ത് സമുദായത്തിലുണ്ടായ അതൃപ്തി ഇവയെല്ലാം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായതായാണ് വിലയിരുത്തല്‍.

തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ അഴിച്ചുപണി അനിവാര്യമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വവും വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ നടപടി ഉടനടിയുണ്ടാകണം. സംസ്ഥാന അധ്യക്ഷനെ മാറ്റുന്നതടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബിജെപി സംസ്ഥാന നേതൃയോഗം ഉടന്‍ ചേരുമെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News