പാലക്കാട് ജില്ലയിൽ ബിജെപി നേതൃത്വവുമായി ഇടഞ്ഞു നിന്നിരുന്ന ജില്ലാ കമ്മിറ്റി അംഗം സുരേന്ദ്രൻ തരൂർ എ.വി. ഗോപിനാഥ് നേതൃത്വം നൽകുന്ന വികസന മുന്നണിയിൽ ചേർന്നു. പെരിങ്ങോട്ടുകുറിശ്ശിയിലെ ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷനിലാണ് സുരേന്ദ്രൻ തരൂരും ഒപ്പം ബിജെപി വിട്ടു പോന്ന പ്രവർത്തകരും വികസന മുന്നണിയിൽ ചേർന്നത്.
ബിജെപി ജില്ലാ നേതൃത്വത്തിൻ്റെ ഏകപക്ഷീയ നിലപാടുകളിൽ പ്രതിഷേധിച്ചാണ് സുരേന്ദ്രൻ തരൂരും അൻപതോളം പാർട്ടി പ്രവർത്തകരും ബിജെപി ബന്ധം ഉപേക്ഷിച്ചത്. ഞായറാഴ്ച നടന്ന കൺവെൻഷനിൽ സുരേന്ദ്രൻ തരൂരും ഒപ്പം ബിജെപി വിട്ട അൻപതോളം പ്രവർത്തകരും എ വി ഗോപിനാഥ് നേതൃത്വം നൽകുന്ന പെരിങ്ങോട്ടുകുറിശ്ശി വികസന മുന്നണിയിൽ ചേരുകയായിരുന്നു.
ഇവരെ പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് അംഗങ്ങളും നേതാക്കളും ഹാരാർപ്പണം നടത്തി സ്വീകരിച്ചു. പാലക്കാട് ഉപതിരഞ്ഞെടുപ്പ് കാലത്തടക്കം സുരേന്ദ്രൻ തരൂർ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ വിമർശിച്ച് ബിജെപി ജില്ലാ വാട്സ്ആപ്പ് ഗ്രൂപ്പിൽ സുരേന്ദ്രൻ പോസ്റ്റ് ഇട്ടതിനെ തുടർന്ന് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയിരുന്നു.
നേരത്തെ പാലക്കാട് ബിജെപി നേതൃത്വം പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് കമ്മിറ്റിയെ പിരിച്ചുവിട്ടിരുന്നു. ഇതിനെതിരെയും സുരേന്ദ്രൻ തരൂർ രംഗത്ത് വന്നിരുന്നു. ഏത് സംഘടന ആയാലും ഒരു ലക്ഷ്യം വേണമെന്നും അടിത്തറ ഇല്ലാതെ പ്രവർത്തിക്കുന്നവ മുന്നോട്ട് പോവില്ലെന്നും സുരേന്ദ്രൻ തരൂർ കൺവെൻഷനിൽ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here