യശ്വന്ത് സിന്‍ഹയ്ക്ക് പിന്നാലെ മകനും; വോട്ട് ചെയ്യാത്ത മുന്‍ കേന്ദ്രമന്ത്രിക്ക് ബി ജെ പിയുടെ നോട്ടീസ്

തിങ്കളാഴ്ച നടന്ന അഞ്ചാംഘട്ട വോട്ടെടുപ്പിൽ വോട്ടുചെയ്യാത്ത മുൻ കേന്ദ്രമന്ത്രിയും ഹസാരിബാഗിലെ സിറ്റിങ്ങ് എം പിയുമായ ജയന്ത് സിൻഹയ്ക്ക് ബി ജെ പി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. അടല്‍ ബിഹാരി വാജ്പേയ് മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹയുടെ മകനാണ് ജയന്ത് സിന്‍ഹ. ജാർഖണ്ഡിലെ ഹസാരിബാഗിനെ 1998 മുതൽ 26 വർഷം ലോക്സഭയില്‍ പ്രതിനിധീകരിച്ചിരുന്നത് യശ്വന്ത് സിൻഹയും മകൻ ജയന്ത് സിൻഹയുമായിരുന്നു. പക്ഷേ മണ്ഡലത്തിലെ സംഘടനാ പ്രവർത്തനങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഇത്തവണ ജയന്ത് സിന്‍ഹ പങ്കെടുത്തിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുകയും വോട്ട് ചെയ്യാതിരിക്കുകയും ചെയ്തതിലൂടെ ജയന്ത് പാര്‍ട്ടിയെ അപമാനിച്ചുവെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി ആദിത്യ സാഹു നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നു. രണ്ടു ദിവസത്തിനുള്ളിൽ മറുപടി നല്‍കണമെന്നാണ് ജയന്തിനോട് ബിജെപി ആവശ്യപ്പെട്ടിട്ടുള്ളത്.

Also Read: എംഡിഎംഎയുമായി യൂത്ത് കോൺഗ്രസ് നേതാവിന്റെ സഹോദരൻ പിടിയിൽ

ഹസാരിബാഗില്‍ മനീഷ് ജയ്സ്വാളിനെ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ജയന്തിന്‍റെ മനംമാറ്റം. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മാർച്ചിൽ തന്നെ വ്യക്തമാക്കിയിരുന്നുവെന്ന് ജയന്ത സിന്‍ഹ പറയുന്നു. തെരഞ്ഞെടുപ്പ് ജോലിയിൽനിന്ന് ഒഴിവാക്കണമെന്ന് ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയോട് ട്വിറ്ററിൽ അഭ്യർഥിക്കുകയും ചെയ്തിരുന്നു. കാലാവസ്ഥാമാറ്റം നിയന്ത്രിക്കാനുള്ള
പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് മാറിനില്‍ക്കുന്നതെന്നാണ് ജയന്തിന്‍റെ വിശദീകരണം.

Also Read: സെനറ്റ് നിയമനം കോടതി റദ്ദാക്കിയ സംഭവം; ഗവർണർ ചാൻസലർ പദവിയിൽ നിന്ന് രാജിവെച്ച് ഒഴിയണം: എസ്.എഫ്.ഐ

നേരത്തെ ജയന്തിന്‍റെ മകൻ ആശിഷ് സിൻഹ ഝാർഖണ്ഡിലെ ഇന്ത്യാസഖ്യം റാലിയിൽ പങ്കെടുക്കുകയും കോൺഗ്രസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 1998-ലെ രണ്ടാം വാജ്പേയി മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയായിരുന്നു ജയന്തിന്‍റെ പിതാവായ യശ്വന്ത് സിൻഹ. 1999-ലെ മൂന്നാം വാജ്പേയി മന്ത്രിസഭയിലും ധന വകുപ്പിന്‍റെ ചുമതല വഹിച്ച സിൻഹ 2002 മുതൽ 2004 വിദേശകാര്യ മന്ത്രിയായിരുന്നു. 2014ല്‍ നരേന്ദ്ര മോദി-അമിത് ഷാ ദ്വയം ബി ജെ പിയെ കൈപ്പിടിയിലൊതുക്കിയതോടെ എല്‍ കെ അദ്വാനിയടക്കമുള്ള പഴയ പടക്കുതിരികളെ ഒതുക്കിയതില്‍ യശ്വന്ത് സിന്‍ഹയും ഉള്‍പ്പെട്ടിരുന്നു. പ്രായാധിക്യം പറഞ്ഞ് മുതിർന്ന നേതാക്കളെ മാറ്റിനിർത്തുന്നതിൽ പ്രതിഷേധിച്ച് കേന്ദ്ര നേതൃത്വത്തെ രൂക്ഷമായിവിമർശിച്ച സിൻഹ 2018 ഏപ്രിൽ 21ന് ബി.ജെ.പിയിൽ നിന്ന് രാജിവെയ്ക്കുയായിരുന്നു. പിന്നീട് 2022-ലെ രാഷ്ട്രപതി
തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥിയായി മത്സരിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News