പുല്‍വാമയില്‍ ജവാന്മാരെ മന:പൂര്‍വ്വം മരണത്തിനെറിഞ്ഞു കൊടുത്ത ബിജെപി സര്‍ക്കാര്‍ രാജ്യത്തോട് മറുപടി പറയണമെന്ന് എളമരം കരീം എംപി

പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണ്ണര്‍ സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതെന്ന് സിപിഐഎം രാജ്യസഭ കക്ഷിനേതാവ് എളമരം കരീം എംപി. ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെയാണ് എളമരം കരീമിന്റെ പ്രതികരണം.

കേന്ദ്ര സര്‍ക്കാരും ആഭ്യന്തര മന്ത്രാലയവും കാണിച്ച അലംഭാവവും കുറ്റകരമായ അനാസ്ഥയുമാണ് നിരവധി ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണത്തിന് കാരണമെന്ന് എളമരം ചൂണ്ടിക്കാണിച്ചു. സിആര്‍പിഎഫ് ആവശ്യപ്പെട്ടതനുസരിച്ച് മോദി സര്‍ക്കാര്‍ സൈനികരെ വിമാനത്തില്‍ എത്തിച്ചിരുന്നുവെങ്കില്‍ നാല്പതോളം ജവാന്മാരുടെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു. സിആര്‍പിഎഫ് അഞ്ച് വിമാനങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും അവ നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം തയ്യാറായില്ലെന്നും എളമരം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാണിച്ചു. മനപ്പൂര്‍വം നമ്മുടെ ജവാന്മാരെ മരണത്തിനെറിഞ്ഞുകൊടുത്ത ബിജെപി സര്‍ക്കാര്‍ രാജ്യത്തോട് മറുപടി പറയണമെന്നും എളമരം കരീം എംപി ആവശ്യപ്പെട്ടു.

എളമരം കരീമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. പുല്‍വാമ ആക്രമണസമയത്തെ സാഹചര്യം കേന്ദ്രം കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് തനിക്ക് ഉണ്ടായിരുന്ന ആശങ്കകള്‍ സൂചിപ്പിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് നിശബ്ദനായിരിക്കാന്‍ ആവശ്യപ്പെട്ടുവെന്നാണ് സത്യപാല്‍ മാലിക് വെളിപ്പെടുത്തിയിരിക്കുന്നത്. സൈന്യത്തിന്റെ സുരക്ഷിത യാത്രയ്ക്ക് ആവശ്യമായ സാഹചര്യം ഉണ്ടാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരും ആഭ്യന്തര മന്ത്രാലയവും കാണിച്ച അലംഭാവവും കുറ്റകരമായ അനാസ്ഥയുമാണ് നിരവധി ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണത്തിന് കാരണം. സിആര്‍പിഎഫ് ആവശ്യപ്പെട്ടതനുസരിച്ച് മോദി സര്‍ക്കാര്‍ സൈനികരെ വിമാനത്തില്‍ എത്തിച്ചിരുന്നുവെങ്കില്‍ നാല്പതോളം ജവാന്മാരുടെ ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു. സിആര്‍പിഎഫ് അഞ്ച് വിമാനങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും അവ നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം തയ്യാറായില്ല. മനപ്പൂര്‍വം നമ്മുടെ ജവാന്മാരെ മരണത്തിനെറിഞ്ഞുകൊടുത്ത ബിജെപി സര്‍ക്കാര്‍ രാജ്യത്തോട് മറുപടി പറയണം.

അതിഗുരുതരമായ സുരക്ഷാ വീഴ്ച്ചയാണ് പുല്‍വാമ ആക്രമണം നടക്കാന്‍ കാരണമായത്.
ഇന്റലിജന്‍സ് ഏജന്‍സികള്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്നും സൈനിക കോണ്‍വോയ് റോഡ് മാര്‍ഗം യാത്രചെയ്യുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മുന്‍കരുതലുകള്‍ ഒന്നും തന്നെ പാലിച്ചില്ല എന്നുമുള്ള ഗുരുതര വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് പുല്‍വാമ ഭീകരാക്രമണ സമയത്ത് സംസ്ഥാന ഗവര്‍ണറായിരുന്ന വ്യക്തിതന്നെയാണ് എന്നുള്ളത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. രാജ്യരക്ഷയെപ്പോലും തെരഞ്ഞെടുപ്പ് വിജയിക്കാനുള്ള ഉപകരണം മാത്രമായി ഉപയോഗിക്കുന്ന ബിജെപിയും കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും രാജ്യം മുഴുവന്‍ ചര്‍ച്ചയായ വെളിപ്പെടുത്തലിനോട് പ്രതികരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഈ വിഷയത്തില്‍ പ്രധാനമന്ത്രി തന്നെ നേരിട്ട് മറുപടി പറയേണ്ടതാണ്.

രാജ്യരക്ഷയെ സംബന്ധിച്ച വിഷയമായതിനാല്‍ത്തന്നെ കക്ഷിരാഷ്ട്രീയ ഭേതമന്യേ രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ ഈ ദുരന്തങ്ങളില്‍ സര്‍ക്കാരിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ആ ഘട്ടത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച എല്ലാ നടപടികള്‍ക്കും പൂര്‍ണ പിന്തുണയാണ് പ്രതിപക്ഷകക്ഷികള്‍ ഉള്‍പ്പെടെ നല്‍കിയത്. പക്ഷെ ഈ ദുരന്തങ്ങള്‍ നടക്കാന്‍ കാരണമായ സാഹചര്യങ്ങളെക്കുറിച്ച് വ്യാപക ആശങ്കയും സംശയങ്ങളും ഉയര്‍ന്നുവന്നിരുന്നു. അവയോടൊന്നിനോടും സര്‍ക്കാര്‍ പ്രതികരിച്ചില്ല എന്നുമാത്രമല്ല ഇതിനെല്ലാം വഴിവെച്ച സുരക്ഷാ വീഴ്ചകള്‍ ഉക്കുവര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചവരെ രാജ്യദ്രോഹികളായി മുദ്രകുത്തുകയാണ് ആര്‍എസ്എസ് ബിജെപി നേതൃത്വം ചെയ്തത്. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള മുഴുവന്‍ ബിജെപി നേതാക്കന്മാരും ഈ വിഷയങ്ങള്‍ പ്രചാരണ ആയുധമാക്കുകയും ചെയ്തു. എല്ലാ പൊതുയോഗങ്ങളിലും വാതോരാതെ അതിവൈകാരികമായി ഇക്കൂട്ടര്‍ പറഞ്ഞ പേരുകളാണ് പുല്‍വാമയും ബാലാക്കൊട്ടും. സത്യപാല്‍ മാലിക് ഇപ്പോള്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ വലിച്ചുകീറിയിരിക്കുന്നത് രാഷ്ട്രീയ ലാഭത്തിനായി നമ്മുടെ ജവാന്മാരുടെ ജീവന്‍ പോലും വെച്ച് പന്താടുന്ന ബിജെപിയുടെ ജീര്‍ണ മുഖമാണ്. ഈ ഗുരുതര വെളിപ്പെടുത്തല്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടാന്‍ ബിജെപി സര്‍ക്കാരിന് സാധിക്കില്ല. സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം നമ്മുടെ രാജ്യരക്ഷയെത്തന്നെ അപകടത്തിലാക്കുന്നതാണെന്ന തിരിച്ചറിവ് ജനങ്ങള്‍ക്ക് ഉണ്ടാവാന്‍ ഇത് വഴിവെക്കും. ദേശരക്ഷ തങ്ങളുടെ കയ്യില്‍ ഭദ്രമാണെന്ന ബിജെപി അവകാശവാദം പൊള്ളയായ വെറും തെരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമായിരുന്നു എന്നും ബിജെപി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം നമ്മുടെ നാടിന്റെ നിലനില്‍പ്പിനെത്തന്നെ അപകടത്തിലാക്കുന്നതാണെന്നുമുള്ള യാഥാര്‍ഥ്യം നാട് തിരിച്ചറിയും. പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സത്യപാല്‍ മാലിക് നടത്തിയ വെളിപ്പെടുത്തലുകളില്‍ കേന്ദ്ര സര്‍ക്കാര്‍ സത്യം പൊതുജനങ്ങളോട് തുറന്ന് പറയുകയും സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുകയും വേണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News