കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതികളിലെ അഴിമതിയും വീഴ്ചയും ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി പ്രതികാരം. ആയുഷ്മാന്‍ ഭാരത്, ഭാരത് മാല എന്നിവയടക്കമുള്ള പദ്ധതികളിലെ വീഴ്ച കണ്ടെത്തിയ സി എ ജി ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥാനചലനം ഉണ്ടായത്. രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോഴാണ് ബിജെപി സര്‍ക്കാര്‍ അഭിമാന പദ്ധതികളെന്ന് പറഞ്ഞ കോടികളുടെ അഴിമതിയും വീഴ്ചയും പുറത്തു വരുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി അഭിമാന പദ്ധതികളെന്ന് അവകാശപ്പെടുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരത്, അടിസ്ഥാനസൗകര്യ വികസന പദ്ധതിയായ ഭാരത് മാല എന്നിവയിലെ അഴിമതി പുറത്തുകൊണ്ടുവന്ന സിഎജി റിപ്പോര്‍ട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് പ്രതികാര നടപടി. ദില്ലിയിലെ ഓഡിറ്റ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ അതുര്‍വ സിന്‍ഹ, ഓഡിറ്റ് ഡയറക്ടര്‍ ജനറല്‍ ദത്തപ്രസാദ് സൂര്യകാന്ത് ഷിര്‍സത്ത്, നോര്‍ത്ത് സെന്‍ട്രല്‍ റീജിയന്‍ ഡയറക്ടര്‍ ജനറല്‍ അശോക് സിന്‍ഹ എന്നിവരട
ക്കം 37 ഉദ്യോഗസ്ഥര്‍ക്കാണ് സ്ഥലംമാറ്റം.
ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെട്ട ദ്വാരക എക്സ്പ്രസ് വേ നിര്‍മാണത്തില്‍ വന്‍ ക്രമക്കേട് നടന്നുവെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. ദേശീയ പാതാ അതോറിറ്റി അനധികൃതമായി ഹരിയാനയില്‍ എലിവേറ്റഡ് കാരിയേജ് വേ നിര്‍മിച്ചുവെന്നും അത് ക്യാബിനറ്റിന്‍റെ സാമ്പത്തിക കാര്യ സമിതി അംഗീകരിച്ച തുകയേക്കാള്‍ പല മടങ്ങ് ചെലവ് വര്‍ധിപ്പിച്ചുവെന്നും കണ്ടത്തി. ഒരു കിലോമീറ്ററിന് 18.20 കോടി ക്യാബിനറ്റ് സമിതി അംഗീകരിച്ചപ്പോള്‍ ദേശീയ പാത അതോറിറ്റി ഒരു കിലോമീറ്ററിന് ചെലവിട്ടത് 250.77 കോടിയാണ്. അതായത് നിര്‍മ്മാണ ചെലവ് 14 മടങ്ങ് വര്‍ദ്ധിച്ചു.
ആയുഷ്മാന്‍ ഭാരത് പദ്ധതിയിലെ ഇന്‍ഷുറന്‍സ് ക്ലെയിമുകളിലാണ് വ്യാപക ക്രമക്കേട്. മരിച്ചവരുടെ പേരില്‍ പണം തട്ടിയതിന് പുറമേ ശസ്ത്രക്രിയയ്ക്കുള്ള തുക ആശുപത്രിയില്‍ നിന്ന് വിടുതല്‍ നേടിയിട്ടും കൈക്കലാക്കിതായും കണ്ടെത്തി. മഹാരാഷ്ട്രയില്‍ മാത്രം 1.79 ലക്ഷം അപേക്ഷകളില്‍ 300 കോടിയിലേറെ തട്ടിച്ചു. വര്‍ഷകാല സമ്മേളനത്തില്‍ ഈ മൂന്ന് റിപ്പോര്‍ട്ടടക്കം പന്ത്രണ്ട് എണ്ണമാണ് സിഎജി പാര്‍മെന്റില്‍ സമര്‍പ്പിച്ചത്. പിന്നാലെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും വിശ്വസ്തനായ സിഎജി ഗിരീഷ് ചന്ദ്ര മുര്‍മു ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here