ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ വളരെ പ്രാധാന്യത്തോടെ രൂപംകൊണ്ട ഒരു മുന്നണിയാണ് ‘ഇന്ത്യ’. സംഘപരിവാറിന്റെ രാഷ്ട്രീയ – വർഗീയ അജണ്ടയെ ശക്തമായി നേരിടുക എന്ന ലക്ഷ്യത്തിലാണ് ഈ മുന്നണി രൂപീകരിച്ചിട്ടുള്ളത്. ‘ഇന്ത്യ’യുടെ രൂപീകരണത്തോടെ തന്നെ, തങ്ങളുടെ ഭിന്നിപ്പിച്ച് ഭരിക്കൽ നയത്തിന് വൻ ഭീഷണിയുണ്ടാകുമെന്ന് സംഘപരിവാറും ബിജെപിയും തിരിച്ചറിഞ്ഞിരുന്നു. ഈ സമ്മര്‍ദത്തെ തുടര്‍ന്ന് പ്രതിപക്ഷ വേട്ടയാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നടത്തുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പ് പോലും നേരത്തെ നടത്താനുള്ള തീരുമാനവും ഇതിന്‍റെ ഭാഗമാണെന്ന് നേരത്തേ വിലയിരുത്തലുകള്‍ വന്നിരുന്നു. ഇന്നിപ്പോൾ ‘ഇന്ത്യ’ മുന്നണി പല തരത്തിലുള്ള പിളർപ്പുകളും പുറമെ അറസ്റ്റ് നടപടികളിലൂടെയും വലിയ വെല്ലുവിളിയാണ് നേരിടുകയാണ്.
ഇക്കഴിഞ്ഞ ജനുവരി 28 -ന് ‘ഇന്ത്യ’ മുന്നണിയുടെ സ്ഥാപക നേതാക്കന്മാരിലൊരാളായ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മഹാസഖ്യം വിട്ട് എൻഡിഎയിലേക്ക് ലയിച്ചു. ഇത് മുന്നണിക്കേറ്റ വലിയൊരു പ്രഹരമായിരുന്നു. ഈ സംഭവത്തിന് തൊട്ടുപിന്നാലെയാണ് അയല്‍ സംസ്ഥാനമായ ജാർഖണ്ഡിലെ മുഖ്യമന്ത്രിയായിരുന്ന ഹേമന്ത് സോറന്റെ മേലുള്ള ഇഡി അന്വേഷണവും അറസ്റ്റും. വളരെ നാടകീയ സംഭവങ്ങൾക്ക് ശേഷം അടുത്തതായി സംഘപരിവാർ ലക്ഷ്യംവെക്കുന്നത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ആണെന്നതും പകൽ പോലെ വ്യക്തമാണ്. ഇഡിക്ക് മുന്നിൽ ഹാജരാകാൻ അരവിന്ദ് കെജ്‌രിവാളിന് നോട്ടീസ് നൽകി കഴിഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ പ്രചാരണം തടയാനായി അറസ്റ്റുണ്ടാകുമെന്നുള്ളത് കെജ്‌രിവാൾ നേരത്തെ തന്നെ പറഞ്ഞിട്ടുമുണ്ട്. അതേസമയം, ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ 11 മാസത്തോളമായി അഴിമതിക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുകയാണ്. ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവ്, റാബറി ദേവി, മക്കൾ തേജസ്വി യാദവ്, മിസ ഭാരതി, ഹേമ യാദവ് എന്നിവർ ഉൾപ്പെട്ട ആർജെഡി കുടുംബവും അറസ്റ്റ് ഭീഷണി നേരിടുകയാണ്. മുഖ്യ വിഷയമായി ഉന്നയിക്കുന്നത് അഴിമതി തന്നെയാണ്. തങ്ങൾക്കെതിരെ നില്‍ക്കുന്നവരൊക്കെ അഴിമതിക്കാരാണെന്ന് വരുത്തി തീർക്കാനും, തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കാനുമുള്ള ബിജെപി പിൻബുദ്ധിയാണ് ഇതിനുപിന്നിലെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ഇതിനിടയിൽ നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പ്രതിപക്ഷത്തെ ഒതുക്കുന്ന രീതിയിലാണ് ബിജെപി, കേസുകൾ ആധാരമാക്കുന്നതും പ്രതിപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നതും. മുൻപ് നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഭൂപേഷ് ബാജിക്കിനെ ഇഡി ചോദ്യം ചെയ്തത് തെരഞ്ഞെടുപ്പ് പ്രചാരണ ആയുധമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രയോജനപ്പെടുത്തിയിരുന്നു. മഹാരാഷ്ട്രയിൽ അജിത് പവാറിന് പരിരക്ഷ ലഭിച്ചതും ബിജെപി പക്ഷത്തേക്ക് നീങ്ങിയാൽ ജയിക്കുമെന്ന ഉറപ്പിന്‍റെ ഉദാഹരണങ്ങളാണ്. അതേസമയം ബിജെപി പിന്തുണക്കുന്ന ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി അഴിമതിക്കേസുകൾ നേരിടുന്നുണ്ടെങ്കിലും സംരക്ഷിതനായി തന്നെ കഴിയുകയാണ്. ബിജെപിയോടുള്ള ജഗന്‍റെ മൃദുസമീപനമാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here