ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ വർഗീയ പ്രചാരണങ്ങൾക്ക് തിരികൊളുത്തുകയാണ് ബിജെപി. തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ കെജ്രിവാൾ രാമായണത്തിൻ്റെ ഒരു ഭാഗം തെറ്റായി ഉദ്ധരിച്ചെന്നാരോപിച്ച് ബിജെപി കെജ്രിവാളിനെയും ആം ആദ്മി പാർട്ടിയെയും കടന്നാക്രമിച്ചു. രാവണൻ സീതയെ തട്ടിക്കൊണ്ടു പോകാൻ സ്വർണ്ണമാനിൻ്റെ രൂപത്തിൽ എത്തിയത് പോലെ ബിജെപി വോട്ടിനായി എത്തുമെന്നായിരുന്നു കെജ്രിവാൾ പറഞ്ഞത്.
ALSO READ: തൃശ്ശൂരിൽ മസ്തകത്തിന് പരുക്കേറ്റ നിലയിൽ കാട്ടു കൊമ്പൻ, ചികിത്സ നൽകാനൊരുങ്ങി വനംവകുപ്പ്; ഡോ അരുൺ സഖറിയയുടെ നേതൃത്വത്തിൽ 20 അംഗ സംഘം നാളെ എത്തും
രാവണനു പകരം മാരിച എന്ന രാക്ഷസനാണ് സീതയെ തട്ടിക്കൊണ്ടു പോയതെന്നും തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ഹിന്ദുവായി മാറുന്ന കെജ്രിവാളിന് രാമായണത്തെപ്പറ്റി അറിയില്ലെന്നും ബിജെപി പരിഹസിച്ചു. അയോധ്യയിലെ രാമ ക്ഷേത്രത്തെ എതിർത്ത ആളാണ് കെജ്രിവാൾ, ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയാൽ ദില്ലിയിലെ ഭൂമി മുഴുവൻ വഖഫിന് നൽകും എന്നിങ്ങനെ തുടങ്ങി ബിജെപി നേതാക്കളുടെ വർഗീയത കലർന്ന കടന്നാക്രമണങ്ങൾ.
ഇതിനു പിന്നാലെ ബിജെപിക്കെതിരെ ആം ആദ്മി പാർട്ടിയും രംഗത്തെത്തി. ബിജെപിയുടെ രാഷ്ട്രീയം തുറന്നു കാണിക്കുന്നതാണ് കെജ്രിവാളിനെതിരായ ബിജെപി നേതാക്കളുടെ പ്രസ്താവനയെന്ന് മനീഷ് സിസോദിയ തിരിച്ചടിച്ചു. ബിജെപി രാവണനെ ഒരുപാട് സ്നേഹിക്കുന്ന കൂട്ടരാണെന്നും അവർ അധികാരത്തിലെത്തിയാൽ ചേരിയിലെ ദരിദ്ര വിഭാഗങ്ങളെ പുറന്തള്ളുമെന്നും കെജ്രിവാൾ പറഞ്ഞു.
ജനുവരി 27 മുതൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതാക്കൾ ദില്ലിയിൽ പ്രചാരണത്തിനിറങ്ങും. സുനിത കെജ്രിവാൾ ഉൾപ്പെടെയുള്ളവർ ആം ആദ്മി പാർട്ടിക്ക് വേണ്ടിയും രാഹുൽ ഗാന്ധി പ്രിയങ്ക ഗാന്ധി തുടങ്ങിയവർ കോൺഗ്രസിനു വേണ്ടിയും പ്രചാരണത്തിൽ സജീവമാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here