മഹായുതിയിൽ പ്രതിഷേധ തീ; നവാബ് മാലിക്കിന്റെ സ്ഥാനാർഥിത്വത്തെ എതിർക്കുമെന്ന് ബി.ജെ.പി.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ എൻസിപി അജിത് പവാർ പക്ഷത്തേക്ക് കൂറുമാറിയ എംഎൽഎ നവാബ് മാലിക്കിന്റെ സ്ഥാനാർഥിത്വത്തെ പാർട്ടി എതിർക്കുമെന്ന് ബിജെപി നേതാവ് ആശിഷ് ഷെലാർ വ്യക്തമാക്കി. ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള ആൾക്ക് ടിക്കറ്റ് നൽകുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് മുംബൈ ബിജെപി അധ്യക്ഷൻ .

അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള ഒരാൾക്ക് ടിക്കറ്റ് നൽകുന്നത് അംഗീകരിക്കില്ലെന്നും മാലിക്കിനെ പാർട്ടി പിന്തുണയ്ക്കില്ലെന്നും ഷെലാർ പറഞ്ഞു. ബിജെപിയുടെ നാല് സ്ഥാനാർഥികൾക്ക് വേണ്ടി പ്രചാരണത്തിനിറങ്ങില്ലെന്ന് കഴിഞ്ഞ ദിവസം ഷിൻഡെ വിഭാഗം ശിവസേന പ്രവര്‍ത്തകര്‍ വ്യക്തമാക്കിയതിന് പുറകെയാണ് അജിത് പവാർ വിഭാഗം എൻ സി പിക്കെതിരെ ബിജെപി അധ്യക്ഷൻ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.

മുംബൈ സൗത്ത് സെൻട്രൽ പാർലമെന്ററി മണ്ഡലത്തിലെ അണുശക്തി നഗറിൽ നിന്നുള്ള എം.എൽ.എ.യായ നവാബ് മാലിക് ശിവാജി നഗറിൽ നിന്ന് മത്സരിക്കുമെന്നാണ് അറിയാൻ കഴിഞ്ഞത്. കൂടാതെ രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിക്കുന്ന മകൾ സനയ്ക്ക് അണുശക്തി നഗർ മണ്ഡലം വിട്ടുകൊടുക്കുമെന്നുള്ള വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ഷേലാർ.

ALSO READ: ഇടത് പാര്‍ട്ടികള്‍ ഒറ്റയ്ക്ക് മത്സരിക്കും; ജാര്‍ഖണ്ഡില്‍ ബിജെപി മുന്നണിക്കെതിരെ ഒറ്റക്കെട്ടായ സഖ്യനീക്കം ഇല്ലാതാക്കി കോണ്‍ഗ്രസ്

മഹാ വികാസ് അഘാഡി സർക്കാരിലെ മന്ത്രിയായിരുന്ന മാലിക്, ദാവൂദിനും ഛോട്ടാ ഷക്കീൽ എന്നിവരുൾപ്പെടെയുള്ള കൂട്ടാളികൾക്കുമെതിരേ എൻ.ഐ.എ. ആദ്യം രജിസ്റ്റർ ചെയ്ത കേസിലാണ് 2022-ൽ അറസ്റ്റിലായത്. ഈ വർഷം ജൂലായിൽ ആരോഗ്യകാരണങ്ങളാൽ മാലിക്കിന് ജാമ്യം ലഭിച്ചിരുന്നു. പിന്നാലെയാണ് അജിത് പവാർ പക്ഷത്തേക്ക് ചുവട് മാറുന്നത്. സഖ്യകക്ഷിയായ ബിജെപിയുടെ എതിർപ്പിനെ അവഗണിച്ചാണ് ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള വിഭാഗം മാലിക്കിനെ കൂടെ ചേർത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News