ബിജെപി സംസ്ഥാന അധ്യക്ഷൻ പദവിയിലേക്ക് താനിനി ഇല്ലെന്ന് ബിജെപി നേതാവ് വി. മുരളീധരൻ. 15 വർഷം മുമ്പ് താൻ സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും ഒഴിഞ്ഞതാണെന്നും പാർട്ടി പല പ്രധാന ചുമതലകളും തനിക്ക് മുൻപ് തന്നെ നൽകിയിട്ടുണ്ടെന്നും വി. മുരളീധരൻ പറഞ്ഞു. ഉപതെരഞ്ഞെടുപ്പിലെ തോൽവി സംബന്ധിച്ചോ പാർട്ടിയിലെ പ്രശ്നങ്ങൾ സംബന്ധിച്ചോ പാർട്ടി വേദികളിൽ പറയും. തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള കാര്യങ്ങൾ സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞിട്ടുണ്ട്.
പാർട്ടിക്കകത്ത് പ്രശ്നമുണ്ടെങ്കിൽ അത് പൊതുസ്ഥലത്ത് പറയേണ്ടതില്ലെന്നും തന്നെക്കൊണ്ട് എന്തെങ്കിലും ഉത്തരം പറയിപ്പിക്കാനായി മാധ്യമങ്ങൾ ചോദ്യങ്ങൾ ചോദിക്കേണ്ടതില്ലെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം, വി മുരളീധരനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കാനുള്ള ഒരു വിഭാഗത്തിൻ്റെ നീക്കത്തിനെതിരെ തന്ത്രപരമായ നീക്കമായിരുന്നു നേരത്തെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നടത്തിയത്. വി. മുരളീധരൻ സംസ്ഥാന പ്രസിഡൻ്റായിരിക്കെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ തോൽവിയിൽ ആരും മുരളീധരൻ്റെ രാജിയാവശ്യപ്പെട്ടിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കെ. സുരേന്ദ്രൻ മുരളീധരനെതിരെ ഒളിയമ്പെയ്തത്.
പിറവത്ത് പണ്ട് മുരളീധരൻ മൽസരിച്ചപ്പോൾ ബിജെപിക്ക് കിട്ടിയത് 2000 വോട്ടാണെന്നും ചൂണ്ടിക്കാട്ടി സുരേന്ദ്രൻ മുരളീധരനെ കടന്നാക്രമിക്കുകയും ചെയ്തിരുന്നു. ഒരു വിഭാഗം ബിജെപി പ്രവർത്തകർ വഴി മുരളീധരനെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിന് തടയിടുന്നതിനായാണ് സുരേന്ദ്രൻ്റെ അറിഞ്ഞുള്ള നീക്കമെന്നാണ് വിലയിരുത്തൽ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here