ആഭ്യന്തര ചേരിപ്പോരുകള്‍ക്കിടെ ബിജെപി നേതൃയോഗം കൊച്ചിയില്‍ നടന്നു. എം.ടി. രമേശ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തില്ല. അതേ സമയം മാധ്യമങ്ങളെ കുറ്റപ്പെടുത്തി ബിജെപിയിലെ പ്രശ്‌നങ്ങളില്‍ നിന്നും തലയൂരാനായിരുന്നു കെ സുരേന്ദ്രന്റെ ശ്രമം.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ രാജി ആവശ്യം ഉയരുന്നതിനിടയിലാണ് പാര്‍ട്ടിയുടെ നിര്‍ണായക നേതൃയോഗം കൊച്ചിയില്‍ ചേര്‍ന്നത്.
ALSO READ: സീതാറാം യെച്ചൂരി ഭവന്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു
എംടി രമേശും, കൃഷ്ണദാസും ഉള്‍പ്പെടെ ഒരു വിഭാഗം നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തില്ല. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ പരാജയത്തില്‍ കെ സുരേന്ദ്രനെതിരെ ഒരു വിഭാഗം നേതാക്കള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. ബി ജെ പി യുടെ സംസ്ഥാനത്തെ സംഘടന തെരഞ്ഞെടുപ്പിന്റെ പേരിലുള്ള തര്‍ക്കങ്ങളും തുടരുകയാണ്. ഇതിനിടെ സംഘടനാ തെരഞ്ഞെടുപ്പിന്റെ വരണാധികാരി സ്ഥാനത്തു നിന്നും നാരായണന്‍ നമ്പൂതിരിയെ മാറ്റണമെന്ന ആവശ്യം കൃഷ്ണദാസ് പക്ഷം യോഗത്തില്‍ ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഇല്ലെന്നുമാണ് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വാദം. മാധ്യമങ്ങളെ കുറ്റപ്പെടുത്തിയും ആക്ഷേപിച്ചും വിഷയത്തില്‍ നിന്നും ഒഴിഞ്ഞു മാറാനായിരുന്നു സുരേന്ദ്രന്റെ ശ്രമം.
ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളില്‍നിന്ന് ഇതുവരെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടില്ലെന്നും ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്തില്ല എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ഡിസംബര്‍ അവസാനത്തോടെ ബിജെപി യുടെ മണ്ഡലം തല പുനസംഘടന പൂര്‍ത്തിയാകും. ഡിസംബര്‍ 7 , 8 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന നേതൃയോഗം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ചര്‍ച്ച ചെയ്യുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം പാലക്കാട് നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍മാര്‍ക്കൊപ്പം പി. രഘുനാഥ്, നാരായണന്‍ നമ്പൂതിരി, ഹരിദാസന്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം കൊച്ചിയിലെ യോഗത്തിലും ഉയര്‍ന്നതായാണ് വിവരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here