പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വൻ പരാജയം ഏറ്റുവാങ്ങിയതോടെ ബിജെപി സ്ഥാനാർഥി സി. കൃഷ്ണകുമാറിനെതിരെ ബിജെപി ദേശീയ സമിതി അംഗം എൻ. ശിവരാജൻ. സി. കൃഷ്ണകുമാർ അധികാര മോഹിയാണെന്നും കൃഷ്ണകുമാറിന് പകരം ശോഭാ സുരേന്ദ്രനോ, കെ. സുരേന്ദ്രനോ, വി. മുരളീധരനോ പാലക്കാട് മൽസരിച്ചിരുന്നെങ്കിൽ ഒരു വോട്ടിനെങ്കിലും അവർക്ക് വിജയിക്കാമായിരുന്നെന്നും ശിവരാജൻ പറഞ്ഞു.
ബിജെപിയുടെ അടിത്തറയ്ക്ക് കോട്ടമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും മേൽക്കൂരയ്ക്ക് ചില പ്രശ്നങ്ങളുണ്ടെന്ന് ബോധ്യപ്പെടുത്തുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും സന്ദീപ് വാര്യർ പാർട്ടി വിട്ടുപോകരുതായിരുന്നെന്നും ശിവരാജൻ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ മൽസരിക്കാനും അധികാരസ്ഥാനങ്ങളിലിരിക്കാനും ഉള്ള ആഗ്രഹങ്ങൾ എല്ലാവർക്കും ഉണ്ടാകുമെന്നും എന്നാൽ ആഗ്രഹങ്ങൾ എല്ലാതും നടക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കൃഷ്ണകുമാറിൻ്റെ സ്ഥാനത്ത് താനായിരുന്നെങ്കിൽ ഈ ഒരു ഘട്ടത്തിൽ സ്ഥാനാർത്ഥിത്വം ഏറ്റെടുക്കില്ലായിരുന്നെന്നും പക്ഷേ തീരുമാനമെടുക്കേണ്ടിയിരുന്നത് സി കൃഷ്ണകുമാർ ആയിരുന്നു എൻ. ശിവരാജൻ പറഞ്ഞു. അതേസമയം, ബിജെപി എ ക്ലാസ് മണ്ഡലമായി കണക്കാക്കിയിരുന്ന മണ്ഡലത്തിലെ വൻ പരാജയം പാർട്ടിയിലാകെ ചർച്ചയിലേക്ക് പോകുമെന്നത് ഉറപ്പായിരിക്കുകയാണ്.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഇ. ശ്രീധരന് ലഭിച്ചതിനേക്കാൾ 10,672 വോട്ടുകളുടെ കുറവാണ് സി. കൃഷ്ണകുമാറിന് ഇത്തവണ ലഭിച്ചിട്ടുള്ളത്. 2021ൽ ഇ. ശ്രീധരൻ 50,221 വോട്ട് നേടിയിരുന്നു. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ കൃഷ്ണകുമാർ നേടിയത് 39,549 വോട്ടുകൾ മാത്രമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here