നവാബ് മാലിക്കിനെ പിന്തുണക്കില്ലെന്ന് ബിജെപി; മഹായുതിയിൽ വിഭാഗീയത കൂടുന്നു

nawab malik

ഏറെ അഭ്യുഹങ്ങൾക്കൊടുവിൽ മുൻ മന്ത്രി നവാബ് മാലിക്കിനെ അജിത് പവാറിൻ്റെ എൻസിപി സ്ഥാനാർത്ഥിയാക്കിയെങ്കിലും പിന്തുണക്കില്ലെന്ന നിലപാട് വ്യക്തമാക്കി ബിജെപി രംഗത്ത്.നവാബ് മാലിക്കിൻ്റെ സ്ഥാനാർത്ഥിത്വം സഖ്യകക്ഷിയായ ബിജെപിയിൽ നിന്ന് രൂക്ഷമായ വിമർശനങ്ങളാണ് ഉയർത്തിയിരിക്കുന്നത്. ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള ആളുകൾക്ക് വേണ്ടി പ്രചാരണം നടത്താനാകില്ലെന്നാണ് മുംബൈ ബിജെപി അധ്യക്ഷൻ ആശിഷ് ഷെലാർ വ്യക്തമാക്കിയത്.അണുശക്തി നഗറിൽ നിന്നുള്ള എംഎൽഎയായ മാലിക് ആ മണ്ഡലം എൻസിപി സ്ഥാനാർത്ഥിയായി തിരഞ്ഞെടുപ്പിൽ അരങ്ങേറ്റം കുറിക്കുന്ന മകൾ സനയ്ക്ക് വിട്ടുകൊടുത്താണ് മുംബൈയിലെ മാൻഖുർദ്-ശിവാജി നഗർ നിയമസഭാ മണ്ഡലം തിരഞ്ഞെടുത്തത്.

അതേസമയം, നവാബ് മാലിക്കിന് വേണ്ടി ബിജെപി പ്രചാരണത്തിനില്ലെന്ന് മുംബൈ ബിജെപി അധ്യക്ഷൻ ആശിഷ് ഷെലാർ വ്യക്തമാക്കി. മഹായുതി സഖ്യത്തിലെ എല്ലാ പാർട്ടികളും അവരവരുടെ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ബിജെപിയിലെ മറ്റ് നേതാക്കളും എൻസിപിയിൽ നിന്ന് നവാബ് മാലിക്കിനെ സ്ഥാനാർഥിയാക്കിയതുമായി ബന്ധപ്പെട്ട് ബിജെപിയുടെ നിലപാട് വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുണ്ടാസംഘം ദാവൂദ് ഇബ്രാഹിമിനെയും ദാവൂദിൻ്റെ കേസുമായി ബന്ധപ്പെട്ട വ്യക്തിയെയും പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നാണ് പാർട്ടി നിലപാടെന്നും ഷെലാർ ആവർത്തിച്ചു.

നവാബ് മാലിക്കിന് വേണ്ടി പാർട്ടി പ്രചാരണം നടത്തില്ലെന്ന ഷേലാറിൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെ ബിജെപിയെ കാപട്യത്തിൻ്റെ പാർട്ടിയെന്ന് ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുർവേദി വിശേഷിപ്പിച്ചു.ആരോഗ്യ പ്രശ്നം ചൂണ്ടിക്കാട്ടി ജയിൽ മോചിതനായ മാലിക്കിന് തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഇതൊന്നും ബാധകമല്ലേയെന്നാണ് സമൂഹ മാധ്യമങ്ങളിലും ചോദ്യങ്ങൾ ഉയരുന്നത്. നിരവധി കേസുകളിൽ അന്വേഷണം നേരിട്ടിരുന്ന നവാബ് മാലിക് മഹായുതി സഖ്യത്തിൽ ചേർന്നതോടെയാണ് മിസ്റ്റർ ക്ലീൻ ആയതെന്നതും പലരും ചൂണ്ടിക്കാട്ടി.

മഹായുതിയിൽ സഖ്യ കക്ഷികൾ തമ്മിലുള്ള വിഭാഗീയത രൂക്ഷമായിക്കൊണ്ടിരിക്കുമ്പോഴാണ് അജിത് പവാർ ബിജെപി പോരിന് കളമൊരുങ്ങിയിരിക്കുന്നത്. നേരത്തെ താനെ ജില്ലയിലെ കല്യാൺ, ഐരോളി അടങ്ങുന്ന നാല് സീറ്റുകളിൽ ഷിൻഡെ സേനയും ബിജെപിയും തമ്മിൽ പൊരുത്തക്കേടുകൾക്ക് ഇനിയും പരിഹാരം കാണാനായിട്ടില്ല.

ബി.ജെ.പി. നേതാവ് ഷൈന എൻ.സി. യെ മുംബാദേവി മണ്ഡലത്തിൽ ശിവസേന ഏക്‌നാഥ് ഷിന്ദേ വിഭാഗം സ്ഥാനാർഥിയാക്കിയതും കഴിഞ്ഞ ദിവസമാണ്.തിങ്കളാഴ്ചയാണ് ഷൈന ശിവസേനയിൽ ചേർന്നത്. 48 മണിക്കൂറിനകം മുംബാദേവി മണ്ഡലത്തിൽ സ്ഥാനാർഥിയാവുകയും ചെയ്തു. അമിൻ പട്ടേലാണ് മുംബാദേവിയിൽ കോൺഗ്രസ് സ്ഥാനാർഥി. ബി.ജെ.പി. നേതാവ് അതുൽഷാ വിമതനായി ഇവിടെ മത്സര രംഗത്തെത്തി. തന്റെ പാർട്ടിയുടെ നേതൃത്വത്തിൽ നിരാശയുണ്ടെന്നാണ് മുൻ ബി.ജെ.പി. എം.എൽ.എ. അതുൽ ഷായുടെ പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News