പാലക്കാട്ടെ ബിജെപിയിലെ ഗ്രൂപ്പ് വഴക്ക് തുറന്ന പോരിലേക്ക്. മുൻ ബിജെപി കൗൺസിലറും മുതിർന്ന ബിജെപി നേതാവുമായ എസ് പി അച്യുതാനന്ദൻ്റെ വീട് കഴിഞ്ഞ ദിവസം ഒരു സംഘം ആക്രമിച്ചിരുന്നു. ആക്രമത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് അച്യുതാനന്ദൻ പറഞ്ഞിരുന്നു. പൊലീസ് അഞ്ച് ബിജെപി പ്രവർത്തകരെ കസ്റ്റഡിലെടുത്ത് വിട്ടയക്കുകയും ചെയ്തിരുന്നു.
ഗ്രൂപ്പ് തർക്കത്തെ തുടർന്ന് പാലക്കാട്ടെ ബിജെപിയിൽ തമ്മിലടിയും രൂക്ഷമായി. പാലക്കാട് നഗരസഭയിലെ മുൻ ബിജെപി കൗൺസിലറും തെരഞ്ഞെടുപ്പിൽ ബൂത്തിൻ്റെ ചാർജുമുണ്ടായിരുന്ന ബിജെപിയുടെ മുതിർന്ന നേതാവുമായ എസ് പി അച്യുതാനന്ദൻ്റെ വീട് ആക്രമിച്ചത് അറിയില്ലെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. വി എസ് അച്യുതാനന്ദനെ കുറിച്ചാണോ നിങ്ങൾ ചോദിക്കുന്നതെന്നും അല്ലാത്തൊരു അച്യുതാനന്ദനെ തനിക്കറിയില്ലെന്നുമാണ് മാധ്യമപ്രവർത്തകരോട് കെ സുരേന്ദ്രൻ പ്രതികരിച്ചത്.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറും ആക്രമത്തെക്കുറിച്ച് പ്രതികരിച്ചില്ല.കെ സുരേന്ദ്രൻ – വി മുരളീധരൻ ഔദ്യോഗികപക്ഷത്തിനെതിരെ നിലയുറപ്പിച്ചിട്ടുള്ള അച്യുതാനന്ദൻ ശോഭാ സുരേന്ദ്രൻ പക്ഷത്തെ നേതാവാണ്.കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ സിവിൽ ഏരിയയിലെ 82–-ാം ബൂത്ത് ഇൻചാർജായിരുന്നു അച്യുതാനന്ദൻ.
ജില്ലാ കമ്മിറ്റി പുറത്തിറക്കിയ സർക്കുലറിൽ ഇദ്ദേഹത്തിന്റെ പേര് ഉണ്ടെന്നിരിക്കെ ജില്ലാ പ്രസിഡന്റ് കെ എം ഹരിദാസ് നിഷേധിച്ചു. രാത്രിയിൽ കാറിലും ബൈക്കിലുമെത്തിയ ബിജെപിയുടെയും യുവമോർച്ചയുടെയും നേതാക്കളായിരുന്നു അച്യുതാനന്ദൻ്റെ വീട് ആക്രമിച്ചത്. 5 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ആൾ ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഇവരെല്ലാം സി കൃഷ്ണകുമാർ പക്ഷത്തുള്ളവരാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here