ദേശീയതലത്തില്‍ ജാതി സര്‍വേ നടത്താന്‍ ബിജെപി നീക്കം

പ്രതിപക്ഷത്തിന്‍റെ ഒബിസി രാഷ്ടീയ പ്രചാരണത്തെ മറികടക്കാന്‍ ദേശീയതലത്തില്‍ തന്നെ ജാതി സര്‍വേ നടത്താന്‍ ആലോചനയുമായി ബിജെപി. മധ്യപ്രദേശിലും രാജസ്ഥാനിലും തെലങ്കാനയിലും അടക്കം നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കോണ്‍ഗ്രസ് ഒബിസി രാഷ്ട്രീയം ആയുധമാക്കുന്നത് തടയാനാണ് ബിജെപിയുടെ ലക്ഷ്യം. ദേശീയ തലത്തില്‍ തന്നെ ജാതി സര്‍വ്വേ പ്രഖ്യാപനത്തിലൂടെ ഹിന്ദുത്വ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ കഴിയുമെന്നും ബിജെപി ദേശീയനേതൃത്വം വിലയിരുത്തുന്നു.

ബിജെപി ലക്ഷ്യമിടുന്ന ഹിന്ദുത്വ വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് ജാതി സെന്‍സസ് എന്ന ആവശ്യം ഉയര്‍ത്തി ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ചുവടുവച്ചത്. അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പ്രചാരണ രംഗത്തെല്ലാം രാഹുല്‍ഗാന്ധി ഒബിസി രാഷ്ട്രീയം ചര്‍ച്ചയാക്കി. ഇതോടെ ഹിന്ദു വോട്ടുകളും പിന്നോക്ക വോട്ടുകളും ഭിന്നിച്ചുപോകുമോയെന്ന ആശങ്കയിലാണ് ബിജെപി ദേശീയ നേതൃത്വം.

ALSO READ: ടൂർ പോകാനായി സ്കൂളിലെത്തിയ വിദ്യാർത്ഥികൾ നിരാശരായി; ടൂറിസ്റ്റ് ബസുകൾ പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്

അതിനാല്‍ ജാതി സര്‍വ്വേയെ പൂര്‍ണമായും എതിര്‍ക്കേണ്ട എന്ന നിലപാടിലാണ് ബിജെപി. ദേശീയതലത്തില്‍ തന്നെ ജാതി സര്‍വ്വേ നടത്താനുളള പ്രഖ്യാപനവും നരേന്ദ്രമോദിയും അമിത് ഷായും ആലോചിക്കുന്നു. ബിഹാറില്‍ നടത്തിയ ജാതി സര്‍വ്വേയ്ക്ക് പിന്നാലെ ഒബിസി സംവരണം വര്‍ദ്ധിപ്പിച്ചതും ബിജെപി സ്വാഗതം ചെയ്തത് ഇതിന്റെ വ്യക്തമായ സൂചനയാണ്. ഛത്തീസ്ഗഡിലെത്തിയ അമിത് ഷാ റായ്പുരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത് ജാതി സെന്‍സസിനെ ബിജെപി ഒരിക്കലും എതിര്‍ത്തിട്ടില്ല എന്നായിരുന്നു.

പിന്നോക്ക വിഭാഗക്കാരും ദളിതരും 70 ശതമാനം വരുന്ന തെലങ്കാനയിലും കോണ്‍ഗ്രസ് ഉയര്‍ത്തിയ ഒബിസി രാഷ്ട്രീയത്തെ ബിജെപി പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതും ശ്രദ്ധേയമാണ്. തെലങ്കാനയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഒബിസി വിഭാഗക്കാരനാകും മുഖ്യമന്ത്രി എന്നായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം.

നവംബര്‍ ഒന്നിന് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ജാതി സര്‍വ്വേ സംബന്ധിച്ച് ചര്‍ച്ച ചെയ്തുവെന്നാണ് വിവരം. കോണ്‍ഗ്രസിന്റെ പിന്നോക്ക വിഭാഗം വോട്ട്ബാങ്ക് തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ തലത്തില്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ ജാതി സര്‍വ്വേ പ്രഖ്യാപിച്ചേക്കാനും സാധ്യതയുണ്ട്. വനിതാ സംവരണം പോലെ നടപ്പാക്കിയില്ലെങ്കിലും പ്രഖ്യാപനത്തിലൂടെ രാഷ്ട്രീയ ലക്ഷ്യം കാണാമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.

ALSO READ: ബോക്സ് ഓഫീസ് റെക്കോർഡുകൾ കടപുഴക്കി ലിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News