അധ്യക്ഷ പദവിയിലടക്കം പുനഃസംഘടന; ജെ പി നദ്ദയെ മാറ്റാനൊരുങ്ങി ബിജെപി

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ അധ്യക്ഷ പദവിയിലടക്കം പുനഃസംഘടനയ്‌ക്കൊരുങ്ങി ബിജെപി. ജെ പി നദ്ദയെ മാറ്റി അധ്യക്ഷസ്ഥാനത്തേക്ക് ശിവരാജ് സിംഗ് ചൗഹാന്‍, വിനോദ് താവ്‌ഡെ, നിര്‍മല സീതാരാമന്‍ അടക്കം വിവിധ പേരുകള്‍ പരിഗണനയില്‍. ഉത്തര്‍പ്രദേശില്‍ ഏറ്റ വലിയ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ദില്ലിയിലെക്ക് വിളിപ്പിച്ചിട്ടുണ്ട്. നാനൂറ് സീറ്റ് ലക്ഷ്യമിട്ട ബിജെപി കേവല ഭൂരിപക്ഷമില്ലാതെ സഖ്യകക്ഷികളുടെ വിലപേശലിന് മുന്നില്‍ വട്ടംകറങ്ങുമ്പോള്‍, സംഘടനാതലത്തില്‍ തന്നെ അഴിച്ചുപണിക്കൊരുങ്ങുകയാണ് ദേശീയ നേതൃത്വം. അധ്യക്ഷ സ്ഥാനത്ത് നിന്നും ജെ പി നദ്ദയെ മാറ്റി പകരം വിവിധ പേരുകളാണ് പരിഗണനയില്‍.

Also Read: ‘കേരളത്തെ ബാല സൗഹൃദ സംസ്ഥാനമാക്കി മാറ്റും’; അങ്കണവാടി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്

ശിവരാജ് സിംഗ് ചൗഹാന്‍, വിനോദ് താവ്‌ഡെ, നിര്‍മല സീതാരാമന്‍ അടക്കം നേതാക്കളുടെ പേരുകള്‍ ഉയര്‍ന്നു വരുന്നുണ്ട്. ദില്ലിയില്‍ ജെ പി നദ്ദയുടെ വസതിയില്‍ രാജ്‌നാഥ് സിങ്ങും അമിത് ഷായും ചര്‍ച്ചകള്‍ നടത്തി. കഴിഞ്ഞ ദിവസം ചേര്‍ന്ന എന്‍ഡിഎ യോഗത്തില്‍ മോദിക്കൊപ്പം അമിത് ഷാ ഇരിക്കാത്തതും ശ്രദ്ധേയമായിരുന്നു. രാജ്‌നാഥ് സിങ്ങിനും ജെ പി നദ്ദയ്ക്കും ഒപ്പമായിരുന്നു അമിത് ഷായുടെ ഇരിപ്പടം. യുപിയില്‍ ഉണ്ടായ വലിയ തോല്‍വിയാണ് ബിജെപിയെ ഞെട്ടിച്ചത്. അയോധ്യാ രാമക്ഷേത്രം വലിയ പ്രചരണ ആയുധമാക്കിയ യുപിയില്‍, ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദില്‍ പോലും അടിതെറ്റി.

Also Read: ‘വേണമെങ്കില്‍ മുരളീധരന് കെപിസിസി പ്രസിഡന്റ് സ്ഥാനം കൊടുക്കാന്‍ തയ്യാര്‍’: കെ സുധാകരന്‍

യുപിയിലെ 80 സീറ്റുകളില്‍ കഴിഞ്ഞ തവണ നേടിയ 62 സീറ്റില്‍ നിന്നും 33ലേക്ക് കൂപ്പുകുത്തിയത് ബിജെപിക്ക് വലിയ ആഘാതമായി. വാരണാസിയില്‍ മോദിയുടെ ഭൂരിപക്ഷം ഇടിഞ്ഞതും ബിജെപി ക്യാമ്പുകളെ അമ്പരപ്പിച്ചു. ആര്‍എസ്എസിന്റെ സഹായം അടക്കം നഷ്ടപ്പെട്ടുവെന്ന വിലയിരുത്തലിലാണ് ദേശീയ നേതൃത്വം. യുപിയിലെ തോല്‍വിയുടെ ഉത്തരവാദിത്വം പൂര്‍ണമായും യോഗി ആദിത്യനാഥിന് ഏറ്റെടുക്കേണ്ടി വരും. ദില്ലിയിലെ യോഗത്തിലേക്ക് യോഗി ആദിത്യനാഥിനെയും വിളിപ്പിച്ചിട്ടുണ്ട്. ഹിന്ദി ഹൃദയ ഭൂമിയില്‍ ഉണ്ടായ തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി പുനസംഘടനയോടെ മുഖം മിനുക്കാന്‍ ഒരുങ്ങുകയാണ് നരേന്ദ്രമോദി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News