യമുനയിലെ മലിന ജലത്തിലിറങ്ങി പ്രതിഷേധിച്ച ബിജെപി അധ്യക്ഷനെ ശരീരം ചൊറിഞ്ഞുതടിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ഡല്‍ഹി ബിജെപി നേതാവ് വീരേന്ദ്ര സച്ദേവ യമുനയിൽ ഇറങ്ങിയത്. മലിനജലത്തില്‍ മുങ്ങിക്കുളിച്ച ഇയാളെ ശരീരം ചൊറിഞ്ഞുതടിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
യമുനാശുദ്ധീകരണത്തിന് ഡല്‍ഹി സര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചിട്ടും ഫലപ്രദമായില്ലെന്നാരോപിച്ച് നടത്തിയ പ്രതിഷേധത്തിലായിരുന്നു ബിജെപി നേതാവ് വീരേന്ദ്ര സച്ദേവ യമുനയിലിറങ്ങിയത്. സര്‍ക്കാരിന്റെ തെറ്റിന് നദിയോട് മാപ്പുചോദിച്ചുള്ള പ്രസ്താവനയും ഇയാൾ നടത്തി. പിന്നാലെ ശരീരമാകെ ചൊറിഞ്ഞുതടിച്ച് ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സതേടിയ അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ മൂന്നുദിവസത്തേക്ക് മരുന്നുനല്‍കി.
കാലാവസ്ഥ മാറിത്തുടങ്ങിയതോടെ യമുനാനദിയില്‍ കുറച്ചുദിവസമായി വിഷപ്പത പതഞ്ഞുപൊന്തുന്നുണ്ടായിരുന്നു. അത് ബിജെപി ഭരിക്കുന്ന അയല്‍സംസ്ഥാനങ്ങളില്‍നിന്ന് വ്യവസായകേന്ദ്രങ്ങളിലെ മലിനജലം നദിയിലേക്ക് തള്ളുന്നതിനാലാണെന്നാണ് ആം ആദ്മി പാർട്ടിയുടെ വാദം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here