റബ്ബര്‍ കര്‍ഷകരുടെ രക്ഷക്ക് ബ്ലാങ്ക് ചെക്ക് നല്‍കേണ്ടത് ബിജെപിക്കോ

ദിപിന്‍ മാനന്തവാടി

റബര്‍ വില 300 രൂപയാക്കിയാല്‍ ബിജെപിക്ക് വോട്ടു ചെയ്യാമെന്ന തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവന യാഥാര്‍ത്ഥ്യ ബോധമില്ലാത്ത വികാര പ്രകടനമായി വേണം കണക്കാക്കാന്‍. റബര്‍ കര്‍ഷകര്‍ മാത്രമല്ല രാജ്യത്തെ കാപ്പി, കുരുമുളക്, തേയില തുടങ്ങിയ നാണ്യവിള കര്‍ഷകരും പ്രതിസന്ധിയിലാണ്. വിലയിടിവിനൊപ്പം കാലാവസ്ഥ വ്യതിയാനം മൂലമുളള ഉത്പാദന കുറവും ഈ മേഖലയിലെ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

ഇതിന് പുറമെയാണ് നെല്‍കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധി. ഈ വിഷയങ്ങളെയൊന്നും സമഗ്രമായി അഭിസംബോധന ചെയ്യാനോ കാര്‍ഷിക-നാണ്യ വിളകളുടെ വിലയിടിവ് പിടിച്ച് നിര്‍ത്താനോ ബിജെപി നേതൃത്വത്തിലുള്ള മോദി സര്‍ക്കാര്‍ നാളിതുവരെയായി ചെറുവിരല്‍ അനക്കിയിട്ടില്ല. മറിച്ച് കാര്‍ഷിക മേഖലയില്‍ നവലിബറല്‍ നയങ്ങള്‍ കൂടുതല്‍ തീവ്രതയോടെ നടപ്പിലാക്കാനും കോര്‍പ്പറേറ്റുകള്‍ക്ക് ഇന്ത്യന്‍ കാര്‍ഷിക മേഖലയെ വിഴുങ്ങാനുമുള്ള അവസരം തുറന്നിടുകയാണ് മോദി സര്‍ക്കാര്‍ ചെയ്യുന്നത്.

രാജ്യത്തെ വ്യത്യസ്ത കാര്‍ഷികോത്പന്നങ്ങള്‍ ഉദ്പാദിപ്പിക്കുന്ന മേഖലകളിലെല്ലാം കര്‍ഷകര്‍ സമരമുഖത്താണ്. ഹിമാചല്‍പ്രദേശിലെ ആപ്പിള്‍ കര്‍ഷകരും മഹാരാഷ്ട്രയിലെ ഉള്ളി കര്‍ഷകരുമെല്ലാം പ്രതിസന്ധിയെ തുടര്‍ന്ന് സമരരംഗത്ത് ഇറങ്ങി കഴിഞ്ഞു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയിരുന്ന ധാരണകള്‍ പാലിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്ന പരാതി സമരത്തിന് നേതൃത്വം നല്‍കിയ സംഘടനകള്‍ ഇതിനകം ഉന്നയിച്ചിട്ടുണ്ട്. ഉള്ളി അടക്കമുള്ള കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ മഹാരാഷ്ട്രയിലെ കര്‍ഷകര്‍ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നാസിക്കില്‍ നിന്നും മുംബൈയിലേക്ക് ലോംഗ് മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. പ്രതിഷേധ മാര്‍ച്ച് താനെയില്‍ എത്തിയപ്പോള്‍ തന്നെ കിസാന്‍ സഭ ഉയര്‍ത്തിയ 14 ആവശ്യങ്ങളും അംഗീകരിച്ച് സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായി. ആവശ്യങ്ങള്‍ അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെയാണ് കര്‍ഷകര്‍ സമരം അവസാനിപ്പിക്കാന്‍ തയാറായത്.

രാജസ്ഥാനിലും മധ്യപ്രദേശിലും കര്‍ണ്ണാടകകയിലും അടക്കം രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ഈ നിലയില്‍ ചെറുതും വലുതുമായ കര്‍ഷക സമരങ്ങള്‍ നടന്നുവരികയാണ്. ഇത്തരം യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചൊന്നും ബോധ്യമില്ലാതെയാണ് തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി സമുദായ വോട്ടുകള്‍ റബര്‍ വിലയുടെ അടിസ്ഥാനത്തില്‍ തൂക്കി നല്‍കാമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇനി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞ റബര്‍ വിഷയത്തിലേക്ക് വരാം. മധ്യതിരുവിതാംകൂറിലും കേരളത്തിന്റെ മലയോര മേഖലയിലും ഒരു കാലത്ത് ഏറ്റവും ലാഭകരവും സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതുമായ ഒന്നായിരുന്നു റബര്‍ കൃഷി. പിന്നീട് നവലിബറല്‍ നയങ്ങളുടെ ഭാഗമായി രാജ്യം സ്വതന്ത്ര്യ വ്യാപാരകരാറുകളില്‍ ഒപ്പിടുകയും തീരുവയില്ലാതെ ഇറക്കുമതിക്ക് അനുമതി നല്‍കുകയും ചെയ്തതോടെ റബര്‍ വിലയില്‍ സംഭവിച്ച ഇടിവ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. ആഗോളവത്കരണ നയങ്ങള്‍ കര്‍ഷകരുടെ കൈ പൊള്ളിച്ചപ്പോള്‍ റബര്‍ ഉപയോഗിച്ചുള്ള വ്യാവസായിക ഉത്പന്നങ്ങളുടെ വില, നിയന്ത്രണമില്ലാതെ ഉയര്‍ന്നു. വാഹനങ്ങളുടെ ടയര്‍ വിലയില്‍ അടക്കം ഇക്കാലയളവില്‍ ഉണ്ടായ വില വര്‍ദ്ധനവ് എത്ര മടങ്ങാണ് എന്നതും പരിശോധിക്കപ്പെടണം. ഇറക്കുമതിയുടെ സാധ്യത ഉപയോഗിച്ച് രാജ്യത്തെ സ്വഭാവിക റബറിന്റെ വിലയിടിച്ച കുത്തകള്‍ അവരുടെ കച്ചവട താല്‍പര്യം സംരക്ഷിക്കാന്‍ നടത്തുന്ന രീതികള്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ളാനിക്ക് പരിചയമില്ലാതെ പോകുന്നതാണോ.

പ്രകൃതിദത്ത റബ്ബര്‍ ഉപയോഗിച്ച് വ്യാവസായിക ഉത്പാദനം നടത്തുന്ന അഞ്ച് വന്‍കിട കോര്‍പ്പറേറ്റ് ടയര്‍ നിര്‍മ്മാതാക്കള്‍ക്ക് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ 1,788 കോടി രൂപ പിഴ ചുമത്തിയിരുന്നു. 2018 ഓഗസ്റ്റ് 31നായിരുന്നു ഇതു സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്. ഏറെക്കാലം നീണ്ടു നിന്ന കോടതി വ്യവഹാരങ്ങള്‍ക്കൊടുവില്‍ പരമോന്നത നീതിന്യായ കോടതിയും ഈ ഉത്തരവ് ശരിവെച്ചിരുന്നു. ടയര്‍ വില ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്താനായി മത്സര വിരുദ്ധ കരാറുകള്‍ നിരോധിക്കുന്ന നിയമത്തിലെ സെക്ഷന്‍ 3 ലെ വ്യവസ്ഥകള്‍ ലംഘിച്ചതിനാണ് എംആര്‍എഫ്, അപ്പോളോ ടയേഴ്‌സ്, സിയറ്റ്, ജെകെ ടയേഴ്‌സ്, ബിര്‍ള ടയേഴ്‌സ് എന്നീ കുത്തക ടയര്‍ കമ്പനികള്‍ക്ക് പിഴ വിധിച്ചത്. എംആര്‍എഫിന് 622.09 കോടി രൂപയും, അപ്പോളോ ടയേഴ്‌സിന് 425.53 കോടി രൂപയും, ജെകെ ടയേഴ്‌സിന് 309.95 കോടി രൂപയും, സിയറ്റിന് 252.16 കോടി രൂപയും, ബിര്‍ള ടയേഴ്‌സിന് 178.33 കോടി രൂപയുമാണ് പിഴ വിധിച്ചത്. നിയമലംഘനത്തിന് ടയര്‍ കമ്പനികളുമായി ഒത്തുകളിച്ച ടയര്‍ നിര്‍മാതാക്കളുടെ സംഘടനയായ ഓട്ടോമോട്ടീവ് ഓഫ് ടയര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന് 8.4 ലക്ഷം രൂപയും പിഴ ചുമത്തിയിരുന്നു.

കേരളം അടക്കം സ്വഭാവിക റബ്ബര്‍ ഉദ്പാദിപ്പിക്കുന്ന രാജ്യത്തെ റബ്ബര്‍ കര്‍ഷകര്‍ വിലയിടിവിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴാണ് സ്വഭാവിക റബ്ബര്‍ ഉപയോഗിച്ച് വ്യാവസായിക ഉദ്പാനം നടത്തുന്ന വന്‍കിട ടയര്‍ കമ്പനികള്‍ ടയര്‍ വില ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്താനും ലാഭം കുന്നുകൂട്ടാനും നിയമലംഘനം നടത്തിയിരിക്കുന്നത്. സി.എസ്.ഐ, ടയര്‍ കമ്പനികളില്‍ നിന്നും നിയമലംഘനത്തിന് പിഴയായി ഈടാക്കിയ 1,788 കോടി രൂപ ഈ കമ്പനികളുടെ ഇക്കാലയളവിലെ ലാഭത്തിന്റെ ചെറിയൊരു ശതമാനം മാത്രമായിരിക്കും.

റബര്‍ കര്‍ഷകരെ ബാധിക്കുന്ന ഇത്രയും ഗൗരവമുള്ള ഒരു വിഷയം ഉയര്‍ന്നുവന്നപ്പോള്‍ മാര്‍ ജോസഫ് പാംപ്ലാനിയെപ്പോലെയുള്ള റബ്ബര്‍ കര്‍ഷക പ്രേമികള്‍ പ്രതികരിച്ചിരുന്നില്ല. വിലയിടിവ് അടക്കം റബ്ബര്‍ കര്‍ഷകര്‍ അനുഭവിക്കുന്ന പ്രതിസന്ധിയെ മറികടക്കാന്‍ സ്വഭാവിക റബ്ബറിന്റെ വ്യാവസായിക ലാഭവിഹിതം കൂടി കര്‍ഷകര്‍ക്ക് ലഭിക്കേണ്ടതുണ്ടെന്ന് ഈ ഘട്ടത്തില്‍ അഖിലേന്ത്യാ കിസാന്‍സഭ  ഈ വിഷയത്തില്‍ നിലപാട് സ്വീകരിച്ചിരുന്നു. കുത്തക ടയര്‍ കമ്പനികളില്‍ നിന്ന് ഈടാക്കുന്ന പിഴത്തുകയായ 1,788 കോടി രൂപ, റബ്ബര്‍ കര്‍ഷകരുടെ കൂട്ടായ നേതൃത്വത്തിലുള്ള റബ്ബര്‍ പ്രൊഡ്യൂസര്‍ സഹകരണ സംഘങ്ങളുടെ കീഴില്‍ ലോക നിലവാരമുള്ള ടയര്‍ നിര്‍മ്മാണ കമ്പനി തുടങ്ങാന്‍ ഗ്രാന്റായി അനുവദിക്കണമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയിരുന്നു. ഇത്തരമൊരു സഹകരണ സംവിധാനത്തിന് കര്‍ഷകര്‍ക്ക് വ്യാവസായിക മിച്ചമൂല്യം കൂടി നല്‍കാന്‍ കഴിയുമെന്നും അതുവഴി വിലയിടിവ് മൂലം പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് റബ്ബര്‍ കൃഷി ലാഭകരമാക്കാന്‍ കഴിയുമെന്നുമുള്ള ആശയമാണ് കിസാന്‍ സഭ മുന്നോട്ടു വച്ചത്.

നിലവില്‍ രാജ്യത്തെ കാര്‍ഷിക-നാണ്യവിളകള്‍ ഉദ്പാദിപ്പിക്കുന്ന കര്‍ഷകരുടെ പ്രതിസന്ധി ഈ നിലയില്‍ അഭിസംബോധന ചെയ്യുന്നതിന് പകരം സാമുദായിക വോട്ടിന്റെ വിലപേശല്‍ കൊണ്ട് പരിഹരിക്കാമെന്ന യുക്തിരാഹിത്യമാണ് മാര്‍ ജോസഫ് പാംപ്ലാനി മുന്നോട്ടുവച്ചത്. കര്‍ഷകര്‍ക്ക് ലഭിക്കേണ്ട വ്യാവസായിക മിച്ചമൂല്യമാണ് കോര്‍പ്പറേറ്റുകള്‍ അവരുടെ ലാഭമാക്കി മാറ്റുന്നത്. രാജ്യത്ത് ഉദ്പാദിപ്പിക്കപ്പെടുന്ന കാര്‍ഷിക-നാണ്യ വിളകളുടെ വ്യാവസായിക മിച്ചമൂല്യം കൂടി ലഭിച്ചാല്‍ മാത്രമേ നിലവിലെ കാര്‍ഷിക പ്രതിസന്ധികളില്‍ നിന്ന് രക്ഷപെടാന്‍ കര്‍ഷകര്‍ക്ക് കഴിയുകയുള്ളു. നിലവിലെ സാഹചര്യത്തില്‍ കര്‍ഷകരില്‍ നിന്നും തുച്ഛമായ വിലയ്ക്ക് വാങ്ങുന്ന ഉത്പന്നങ്ങള്‍ വ്യാവസായിക ഉത്പന്നങ്ങളാക്കി കര്‍ഷകര്‍ ഉള്‍പ്പെടുന്ന സാധാരണക്കാര്‍ക്ക് കൊള്ളലാഭം ഈടാക്കി വിറ്റഴിച്ച് തടിച്ചു വീര്‍ക്കുകയാണ് കോര്‍പ്പറേറ്റുകള്‍. അടിസ്ഥാനപരമായി ഇത്തരം യാഥാര്‍ത്ഥ്യങ്ങള്‍ പറയാതെ, ബിജെപി റബ്ബര്‍ വില കൂട്ടിയാല്‍ രാജ്യത്തെ ക്രിസ്ത്യാനികള്‍ ബിജെപിക്ക് പിന്നില്‍ അണിനിരക്കുമെന്നും അതോടെ രാജ്യത്തെ കാര്‍ഷിക പ്രതിസന്ധികള്‍ തീരുമെന്നും മനസ്സിലാക്കിയിരിക്കുന്ന പാംപ്ലാനിയുടെ ബോധ്യം നിരാശജനകമാണ്. എന്തായാലും ഇന്ത്യയിലെ കുത്തക റബ്ബര്‍ കമ്പനികളില്‍ ഈടാക്കാന്‍ ഉത്തരവായ 1,788 കോടി രൂപ അഖിലേന്ത്യാ കിസാന്‍ സഭ ചൂണ്ടിക്കാണിച്ച നിലയില്‍ രാജ്യത്ത് വിനിയോഗിച്ചില്ല എന്നതും കര്‍ഷകരെ സംബന്ധിച്ച് നിരാശാജനകമാണ്.

റബ്ബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയോ സ്വകാര്യവത്കരിക്കുകയോ ചെയ്യാനുള്ള നീക്കങ്ങള്‍ സജീവമാണ്. റബ്ബര്‍ ബോര്‍ഡ് അനിവാര്യമല്ലെന്നും പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും നിതി ആയോഗും ശുപാര്‍ശ ചെയ്തിരുന്നു. ഈ നിലയില്‍ സ്വകാര്യവത്കരണത്തെയും കോര്‍പ്പറേറ്റ് വത്കരണത്തെയും കാര്‍ഷിക മേഖലയിലേയ്ക്കും വ്യാപിപ്പിക്കുക എന്നതാണ് ബിജെപി സര്‍ക്കാരിന്റെ നയസമീപനം. വിവാദമായ കാര്‍ഷിക ബില്ലുകള്‍ ലക്ഷ്യം വച്ചത് മറ്റൊന്നായിരുന്നില്ല.

രണ്ടാം മോദി സര്‍ക്കാരിന്റെ ഭരണകാലയളവ് അതിന്റെ അവസാന കാലത്തേക്ക് കടക്കുകയാണ്. 2014 മുതല്‍ ഇതുവരെയുള്ള മോദിസര്‍ക്കാരുകള്‍ രാജ്യത്തെ തന്നെ ഏറ്റവും കര്‍ഷകവിരുദ്ധ സമീപനം സ്വീകരിച്ച ഒന്നാണെന്ന് നിസംശയം പറയാം. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍
ഇക്കാലയളവില്‍ ഉയര്‍ന്നുവന്ന കാര്‍ഷിക സമരങ്ങള്‍ ഇതിന്റെ ഉദാഹരണമാണ്. ഈ നിലയില്‍ കര്‍ഷകരുടെ രക്ഷക്കായി പ്രായോഗികമായ ഒരു സമീപനവും സ്വീകരിക്കാത്ത ഒരു സര്‍ക്കാറിനും രാഷ്ട്രീയ കക്ഷിക്കും റബ്ബര്‍ വിലയുടെ പേരില്‍ ക്രിസ്ത്യന്‍ വോട്ടിന്റെ ബ്ലാങ്ക് ചെക്ക് മാര്‍ ജോസഫ് പാംപ്ലാനി നല്‍കുമ്പോള്‍, അത് കേവലം യാദൃശ്ചികതയല്ല. ബിജെപി നേതാക്കളുമായി ബിഷപ്പ് കൂടിക്കാഴ്ച നടത്തിയതും പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ആവര്‍ത്തിക്കുന്നതും ഇത്തരമൊരു ബ്ലാങ്ക് ചെക്കിന് പിന്നില്‍ മറ്റുപല ആലോചനകളുമുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. അമിത് ഷായെ സാക്ഷി നിര്‍ത്തി, “കണ്ണൂര്‍ എടുക്കുമെന്നും കേരളം പിടിക്കുമെന്നും” സുരേഷ് ഗോപി പറഞ്ഞ വീണ്‍വാക്കുകളും ഈ ഘട്ടത്തില്‍ കൂട്ടി വായിക്കാവുന്നതാണ്‌. ത്രിപുരയില്‍ ബിജെപിയുടെ ഫാസിസ്റ്റ് സര്‍ക്കാരിനെതിരെ പ്രതിഷേധമുയര്‍ത്തിയ പൊതുപ്രവര്‍ത്തകരുടെ ഉപജീവനമാര്‍ഗ്ഗമായ റബ്ബര്‍ മരങ്ങള്‍ നശിപ്പിച്ച് ജീവിതം വഴിമുട്ടിച്ച ഒരു ആശയത്തിനാണ് കേരളത്തിലും ‘ഷോട്ടര്‍ വെട്ടാനു’ള്ള ഏണിചാരുന്നതെന്നെങ്കിലും മനസ്സിലാക്കാനുള്ള മിനിമം രാഷ്ട്രീയ സാമൂഹ്യ തിരിച്ചറിവുകള്‍ ഇല്ലാതെ പോകുന്നത് ഖേദകരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News